ADVERTISEMENT

ആല്‍ബിനോ മുതലകള്‍ അപൂര്‍വമാണ്. അതുകൊണ്ട് തന്നെ രണ്ട് ആല്‍ബിനോ മുതലകളെ തമ്മില്‍ ഇണ ചേര്‍ക്കുകയെന്നത് ഏറെ വെല്ലുവിളി നിറഞ്ഞ പ്രയത്നവും. മനുഷ്യരുടെ സാന്നിധ്യത്തില്‍ ഇത് മൂന്നാം തവണ മാത്രമാണ് രണ്ട് ആല്‍ബിനോ മുതലകളെ വിജയകരമായി ഇണ ചേര്‍ക്കാന്‍ സാധിച്ചത്. ഫ്ലോറിഡ വൈല്‍ഡ് ലൈഫ് പാര്‍ക്കിലെ സ്നോഫ്ലേക്ക്, ബ്ലിസാര്‍ഡ് എന്നീ വെള്ള മുതലകളെയാണ് ഇണചേർത്തത്. 19 മുട്ടകളാണ്  സ്നോഫ്ലേക്ക് ഇട്ടത്. ഒരു ആല്‍ബിനോ മുതല ഇടുന്ന ഏറ്റവും അധികം എണ്ണം മുട്ടകളാണിത്.

25 വയസ്സുള്ള പെണ്‍ മുതലയാണ് സ്നോഫ്ലേക്ക്. ബ്ലിസാര്‍ഡ് 15 വയസ്സുള്ള ആണ്‍ മുതലയും. 2017 മുതല്‍ ഇരുവരും ഫ്ലോറിഡ വനമേഖലയില്‍ ഒരുമിച്ചാണു ജീവിക്കുന്നത്. അതുവരെ ഫ്ലോറിഡ വനം വകുപ്പിന്‍റെ സംരക്ഷണയില്‍ വ്യത്യസ്ത കൃത്രിമ തടാകങ്ങളിലായിരുന്നു ഇരുവരുംജീവിച്ചിരുന്നത്. 2017 ലാണ് ആല്‍ബിനോ ബ്രീഡിങ് പ്രോഗ്രാമിന്‍റെ ഭാഗമായി ഇരുവരെയും ഒരേ സ്ഥലത്തു തുറന്നു വിടുന്നത്. ഈ പരീക്ഷണമാണ് ഇപ്പോള്‍ മികച്ച ഫലം നല്‍കിയിരിക്കുന്നതും. 

 Florida Park Alligators Snowflake
Image Credit: Wild Florida

ജൂണ്‍ ഏഴിനാണ് സ്നോഫ്ലേക്കിനെ കണ്ടെത്തിയ വനപാലകര്‍ക്ക് പെരുമാറ്റത്തില്‍ സംശയം തോന്നിയത്. പതിവിലും കൂടുതല്‍ അക്രമാസക്തയാകുകയും അതിര്‍ത്തി സംരക്ഷിയ്ക്കാന്‍ ശ്രമിക്കുകയും ചെയ്തതാണ് സംശയത്തിനിടയാക്കിയത്. ഇതോടെ സ്നോ ഫ്ലേക്കിന്‍റെ ശ്രദ്ധ തിരിച്ച ശേഷം ഇവര്‍ കൂട്ടില്‍ പരിശോധന നടത്തി. അപ്പോഴാണ് 19 മുട്ടകള്‍ കണ്ടെത്തിയത്. ഈ മുട്ടകള്‍ പിന്നീട് സുരക്ഷിതത്വം പരിഗണിച്ച് സംരക്ഷിത കേന്ദ്രത്തിലേക്കു മാറ്റി.

സാധാരണ ഗതിയില്‍ മുട്ടയിട്ടു കഴിഞ്ഞാല്‍ അമ്മ മുതലകള്‍ അവ വിരിയുന്നത് വരെ കൂടെയിരിക്കും. മാത്രമല്ല മുട്ട വിരിഞ്ഞ ശേഷവും ഇവ വായ്ക്കകത്ത് വച്ച് സുരക്ഷിതമായാണ് കുട്ടികളെ ഒരു പ്രായം വരെ കൊണ്ടു നടക്കുക. ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ ജീവിവര്‍ഗങ്ങളിലെ തന്നെ ഏറ്റവും മികച്ച അമ്മമാരില്‍ ഒന്നാണ് മുതലകള്‍. പക്ഷേ ആല്‍ബിനോ എന്ന അവസ്ഥ മൂലം ഏതാണ്ട് പൂര്‍ണമായും അന്ധ കൂടിയാണ് സ്നോഫ്ലേക്ക്. അതിനാല്‍ തന്നെ സ്നോഫ്ലേക്കിനെ കബളിപ്പിച്ച് പാമ്പുകള്‍ക്കോ, പക്ഷികള്‍ക്കോ മറ്റു ജീവികള്‍ക്കോ മുട്ട കൊണ്ടു പോകാന്‍ വലിയ വിഷമമുണ്ടാകില്ല. ഇത് കണക്കിലെടുത്താണ് മുട്ടകളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയത്. 

ആല്‍ബിനോ കുട്ടികള്‍

ഇണ ചേര്‍ന്നതു രണ്ട് ആല്‍ബിനോ മുതലകളാണെന്നതു കൊണ്ടു തന്നെ ഉണ്ടാകുന്ന കുട്ടികളും ആല്‍ബിനോകള്‍ തന്നെയകും എന്ന് ഗവേഷകര്‍ ഉറപ്പിച്ചു പറയുന്നു. ലാബില്‍ സൂക്ഷിച്ചിരിക്കുന്ന മുതല മുട്ടകള്‍ വിരിയുന്നതിന്‍റെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇത് തെളിയിക്കുന്ന ദൃശ്യങ്ങളും ഗവേഷകര്‍ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചു. 

ആല്‍ബിനിസം

ശരീരത്തില്‍ കറുപ്പിന്‍റെ അംശം നിര്‍ണയിക്കുന്ന മെലാനിന്‍ പിഗ്മെന്‍റുകളുടെ അഭാവമാണ് ആല്‍ബിനിസം എന്ന അവസ്ഥയ്ക്കു കാരണം. ഇത് മനുഷ്യരിലും മൃഗങ്ങളിലും പക്ഷികളിലുമെല്ലാം ഒരു പോലെ കാണപ്പെടാറുണ്ട്. ശരീരത്തിന്റെ വ്യത്യസ്ത നിറം മൂലം സ്വന്തം ഇനത്തില്‍ പെട്ട ജീവികള്‍ ഒറ്റപ്പെടുത്തുന്നതും സൂര്യപ്രകാശം അമിതമായി ഏല്‍ക്കുന്നത് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിനാലും ആല്‍ബിനോ ജീവികള്‍ക്ക് അധികം ആയുസ്സുണ്ടാകാറില്ല. എന്നാല്‍ അപൂര്‍വം ചിലത് അതിജീവിക്കുകയും പ്രത്യുൽപാദനം നടത്തുകയും വരെ ചെയ്തിട്ടുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com