ഏകാന്ത വാസവും ചിട്ടയായ പരിശീലനവും മതിയാക്കി; ചിന്നത്തമ്പി ‘കൂടിറങ്ങി’

Chinnathampi
ചിന്നത്തമ്പി
SHARE

നാലര മാസത്തെ ഏകാന്ത വാസവും ചിട്ടയായ പരിശീലനവും മതിയാക്കി ‘ചിന്നത്തമ്പി’ ഇനി കോഴിക്കമുത്തി ആന ക്യാംപിലേക്ക്. പാപ്പാൻമാരായ മുരുകന്റെയും കാളിയപ്പന്റെയും സ്നേഹവും കാർക്കശ്യവും നിറഞ്ഞ പരിശീലനത്തിനൊടുവിൽ മരക്കൂട്ടിൽ നിന്ന് പുറത്തിറക്കിയ ചിന്നത്തമ്പിക്ക് ഇപ്പോൾ പഴയ വാശിയും അനുസരണക്കേടും ഒന്നുമില്ല. വരകളിയാറിൽ പ്രത്യേകം സജ്ജമാക്കിയ മരക്കൂടിൽ അടച്ചിട്ട ആനയുടെ ഓരോ ചലനവും കൂടിനുള്ളിൽ ഘടിപ്പിച്ച ക്യാമറ വഴി അധികൃതർ നിരീക്ഷിച്ചിരുന്നു. ഇപ്പോൾ അനുസരണ ശീലം കാട്ടിത്തുടങ്ങിയ ആനയെ പുറത്തിറക്കാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു. ചിന്നത്തമ്പി പുറത്തിറങ്ങിയ വിവരം അറിഞ്ഞതോടെ ആനപ്രേമികൾ ടോപ്പ് സ്ലിപ്പിൽ എത്തിയെങ്കിലും തൽക്കാലം സന്ദർശകർക്ക് അനുമതിയില്ല.

ഒരാഴ്ചത്തെ നിരീക്ഷണത്തിനു ശേഷം ചിന്നത്തമ്പിയെ കലീം, മാരിയപ്പൻ തുടങ്ങിയ കുങ്കി ആനകൾ കഴിയുന്ന കോഴിക്കമുത്തി ആന ക്യാംപിലേക്കു കൊണ്ടുപോകുമെന്ന് ടോപ്പ് സ്ലിപ്പ് റെയ്ഞ്ചർ നവീൻ കുമാർ അറിയിച്ചു.കഴിഞ്ഞ ഡിസംബറിൽ കോയമ്പത്തൂരിലെ തടാകം ജനവാസ മേഖലയിൽ പ്രശ്നം സൃഷ്ടിച്ചതിനെ തുടർന്ന് മയക്കുവെടിവച്ച് പിടികൂടിയ ആനയെ ടോപ് സ്ലിപ്പ് വന മേഖലയിൽ വിട്ടിരുന്നു. ജനുവരി 29ന് വീണ്ടും കാടിറങ്ങിയ കൊമ്പൻ കോട്ടൂർ, പൊങ്കാളിയൂർ, ഗോപാൽ സാമി മലയടിവാരം വഴി ഉദുമലൈപേട്ട അമരാവതിയിലെ കരിമ്പ് തോട്ടത്തിലെത്തി നിലയുറപ്പിച്ചു. വ്യാപകമായി കൃഷി നശിപ്പിച്ചതോടെ ആനയെ പിടികൂടണമെന്നാവശ്യപ്പെട്ട് കർഷകർ റോഡ് ഉപരോധം അടക്കം നടത്തി. 

ഇതിനിടെ ആനയെ പിടികൂടി കുങ്കിയാനയാക്കി മാറ്റുമെന്ന് വനം വകുപ്പ് മന്ത്രി അറിയിച്ചതോടെ ചിന്നത്തമ്പിയുടെ ആരാധകർ പ്രധിഷേധവുമായി രംഗത്തെത്തിയിരുന്നു. കേസ് കോടതിയിലെത്തിയതോടെ ചിന്നത്തമ്പിയെ ശാരീരിക ഉപദ്രവം ഏൽപ്പിക്കാതെ പിടികൂടണമെന്ന ഹൈക്കോടതി നിർദേശം വന്നു. ഇതിനിടെ പിടികൂടാൻ എത്തിച്ച കുങ്കി ആനകളുമായി ചിന്നത്തമ്പി ചങ്ങാത്തത്തിലായത് അധികൃതരെ കുഴക്കി. ഫെബ്രുവരി 15ന് മടത്തുക്കുളം കണ്ണാടി പുതൂരിൽ നിന്ന് ഏറെ പണിപ്പെട്ട് മയക്കുവെടിവച്ചാണ് ഈ കാട്ടുകൊമ്പനെ പിടികൂടിയത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
FROM ONMANORAMA