ADVERTISEMENT

കാലിൽ ഇരുപതു വർഷമായി ഇട്ടിരുന്ന മുൾച്ചങ്ങല അഴിച്ചുമാറ്റിയപ്പോൾ കരഞ്ഞ രാജു എന്ന ആനയെ ഓർമയില്ലേ? ആ ആനയെ രക്ഷപെടുത്തിയതിന്റെ അഞ്ചാം വാർഷികമാണ് കഴിഞ്ഞ ദിവസം മഥുരയിലെ എസ്ഒഎസ് പ്രവർത്തകർ ആഘോഷിച്ചത്. രാജുവിന് പഴങ്ങൾ കൊണ്ട് നിറച്ച വലിയ കേക്ക് നൽകിയാണ് ആഘോഷം കെങ്കേമമാക്കിയത്. നീണ്ടകാലത്തെ പരിശ്രമത്തിനും നിയമ പോരാട്ടങ്ങൾക്കുമൊടുവിൽ ഏറെ പണിപ്പെട്ടാണ് എസ്ഒഎസ് പ്രവർത്തകർ 2014 ജൂലൈയിൽ രാജുവിനെ നരകതുല്യമായ ജീവിതത്തിൽ നിന്ന് രക്ഷിച്ച് മഥുരയിലേക്ക് കൊണ്ടുപോന്നത്.

ഉത്തര്‍പ്രദേശിലെ വിവിധ സ്ഥലങ്ങളിലായി അന്‍പത് വര്‍ഷത്തിലേറെയായി ചങ്ങലയിൽ കഴിഞ്ഞിരുന്ന ആനയായിരുന്നു രാജു. വന്യജീവി വകുപ്പും എന്‍ജിഒ പ്രവര്‍ത്തകരും 2014 ജൂലൈയിൽ കണ്ടെത്തുമ്പോള്‍ രാജു പട്ടിണി കിടന്നും ചൂടു കൊണ്ടും മുറിവുകൾ പൊട്ടിയൊലിക്കുന്ന നിലയിൽ തീർത്തും അവശനായിരുന്നു. ഇവിടെ കൊണ്ടുവന്ന സമയത്ത് രാജു രക്ഷപെടുമൊയെന്നു പോലും പ്രവർത്തകർക്ക് സംശയമുണ്ടായിരുന്നു. 

ഇരുപത് വര്‍ഷമായി ഒരേ ചങ്ങലയില്‍

രക്ഷാപ്രവർത്തകർ കണ്ടെത്തുമ്പോൾ മുള്ളുകള്‍ നിറഞ്ഞ ഒരു ചങ്ങല രാജുവിന്‍റെ പിൻകാലുകളിലൊന്നിൽ ബന്ധിച്ചിരുന്നു. ഇരുപതിലേറെ വര്‍ഷമായി ആ മുൾച്ചങ്ങല ആനയുടെ കാലില്‍ നിന്നു അഴിച്ചിട്ടില്ലായിരുന്നു. രേഖകളനുസരിച്ച് തീരെ കുഞ്ഞായിരിക്കുമ്പോഴാണു രാജുവിനെ അമ്മയുടെ പക്കല്‍ നിന്നു വേര്‍പെടുത്തി മറ്റൊരാള്‍ക്കു വിറ്റത്. അതുകൊണ്ട് തന്നെ രാജു അനുഭവിച്ച പീഡനങ്ങള്‍ക്കും അത്രയും തന്നെ പഴക്കമുണ്ടാകുമെന്നാണു കരുതുന്നത്. രക്ഷപ്പെടുത്തുമ്പോള്‍ രേഖകളനുസരിച്ച് ഇരുപത്തിയേഴാമത്തെ ഉടമയുടെ കൂടെയായിരുന്നു രാജു. ഇത്രയധികം ഉടമകളാല്‍ കൈമാറ്റം ചെയ്യപ്പെട്ട രാജുവിന്‍റെ ആരോഗ്യനില പരിതാപകരമായതില്‍ അദ്ഭുതമില്ലെന്ന് അന്ന് രക്ഷാപ്രവര്‍ത്തകരും വ്യക്തമാക്കിയിരുന്നു.

അന്ന് ചങ്ങലയിലെ കൂർത്ത മുള്ളു കൊണ്ട് കാലു മുറിഞ്ഞ് പഴുത്ത നിലയിലായിരുന്നു രാജു. മുറിവില്‍ മരുന്നു വയ്ക്കാറുണ്ടെങ്കിലും ചങ്ങല അഴിക്കുകയുോ മുറിവു വൃത്തിയാക്കുകയോ ചെയ്യാറില്ലെന്ന് ആനയുടെ മേല്‍നോട്ടക്കാരൻ അന്ന് പറഞ്ഞിരുന്നു. അമ്പലങ്ങളില്‍ ഭിക്ഷയെടുക്കുന്നതിനും മറ്റുമാണ് ഉടമ ആനയെ പ്രധാനമായും ഉപയോഗിച്ചിരുന്നത്. പൊരിഞ്ഞ വെയിലത്തും മറ്റും ടാറിട്ട റോഡിലൂടെ നടന്ന് കാല്‍പ്പാദങ്ങള്‍ പൊള്ളി വീര്‍ത്ത നിലയിലായിരുന്നു ആനയെ രക്ഷിക്കുമ്പോള്‍. നഖങ്ങളും അമിതമായി വളര്‍ന്നിരുന്നു.

കാലിലെ മുറിവിനു പുറമേ മര്‍ദ്ദനമേറ്റുണ്ടായ നിരവധി മുറിവുകളും രാജുവിന്‍റെ ശരീരത്തിലുണ്ടായിരുന്നു. കൂടാതെ ആനയുടെ കൊമ്പ് ചുവടെ മുറിച്ചു മാറ്റിയ നിലയിലാണു കാണപ്പെട്ടത്. ഏതുടമയാണ് ഇത് ചെയ്തതെന്ന കാര്യത്തില്‍ വ്യക്തതയില്ല. ആനക്കേറ്റ പീഡനങ്ങള്‍ കണക്കിലെടുത്തു നിലവിലെ ഉടമയെ പ്രതിയാക്കിയാണു പൊലീസ് കേസെടുത്തത്. പക്ഷേ നിലവിലെ ഉടമ ആനയെ മേടിച്ചപ്പോഴല്ലാതെ കണ്ടിട്ടു പോലുമുണ്ടാകാൻ സാധ്യതയില്ലെന്നും ആനയെ വാങ്ങി മേല്‍നോട്ടക്കാരനു വാടകയ്ക്കു നല്‍കുകയാണു ചെയ്തതെന്നും വ്യക്തമാക്കിയിരുന്നു.

ആനയുടെ ആനന്ദകണ്ണീര്‍

elephant-rescued-from-captivity-celebrates-5-years-of-freedom
Image Credit:Wildlife SOS

അന്ന് ചങ്ങലയില്‍ നിന്നഴിച്ച് ലോറിയിലേക്കു കയറാന്‍ നേരത്താണ് രാജു കരഞ്ഞതെന്ന് രക്ഷാപ്രവര്‍ത്തകര്‍ ഓര്‍ക്കുന്നു. ആദ്യം മുറിവിലെ വേദന കൊണ്ടു കരഞ്ഞതാകാമെന്നാണ് കരുതിയത്. എന്നാല്‍ വൈകാതെ ഇതല്ല സന്തോഷം കൊണ്ടയിരിക്കാം ആന കരയുന്നതെന്നു രക്ഷാപ്രവര്‍ത്തകര്‍ ഊഹിച്ചു. തുമ്പിക്കൈ കൊണ്ട് അവരെ തൊട്ട് ആന സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ആനകള്‍ അതീവ ബുദ്ധിശക്തിയുള്ള ജീവികളാണ്. അതുകൊണ്ടു തന്നെ അവ സന്തോഷം വന്നാല്‍ കരയുന്നതില്‍ അദ്ഭുതമില്ലെന്നും രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.

ആനയെ ഉടമയില്‍ നിന്നു രക്ഷിച്ച് മഥുരയിലെ ആനസംരക്ഷണ കേന്ദ്രത്തിലാണാക്കിയത്. ഒരു പക്ഷേ ജീവിതത്തിലാദ്യമായി സ്വാതന്ത്ര്യവും സന്തോഷവും എന്തെന്നു ഭാഗികമായെങ്കിലും രാജു തിരിച്ചറിഞ്ഞത് ഇവിടെയെത്തിയ ശേഷമാകും. ഇവിടെ വന്നതിനു ശേഷം  ചികിത്സയുടെ ഭാഗമായി  രാജുവിന്‍റെ ആരോഗ്യം ഭേദപ്പെട്ടു.രാജു ഇപ്പോൾ പൂർണ ആരോഗ്യവാനാണെന്നും ഇവർ വ്യക്തമാക്കി. അഞ്ച് വർഷം പിന്നിടുമ്പോൾ രാജു ഇവിടെ സന്തോഷവാനാണ്. നല്ല ഭക്ഷണവും നല്ല പരിചരണവും സ്നേഹവുമെല്ലാം ആവോളം നൽകാൻ രാജുവിനു ചുറ്റും ഒരു കൂട്ടം പ്രവർത്തകർ എപ്പോഴുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com