മഴ കനത്തതോടെ കാസര്‍കോട് ജില്ലയില്‍ ദേശാടനപ്പക്ഷികള്‍ വിരുന്നെത്തി. പ്രദേശികമായി ചുരുളന്‍ എരണ്ട എന്നറിയപ്പെടുന്ന വിസിലിങ് ടീൽ പക്ഷികളാണ് സംഘമായി വന്നത്. തൃക്കരിപ്പൂര്‍ ഇളമ്പച്ചിയിലെ വയലുകളിലാണ് ഇവ തമ്പടിച്ചിരിക്കുന്നത്.
മലയാളികളുടെ ഇടവപ്പാതിയെ ആഘോഷമാക്കുകയാണ് ഈ പക്ഷിക്കൂട്ടം. പെയ്തിറങ്ങുന്ന മഴയെ സസന്തോഷം വരവേൽകുന്നു ചൂളന്‍ എരണ്ടകൾ എന്ന വിസ്‌ലിങ് ടീൽ. ദക്ഷിണേഷ്യന്‍ രാജ്യങ്ങളാണ് ഈ പക്ഷികളുടെ ആവാസകേന്ദ്രം. ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ വിസിലിങ് ടീലുകളെ കൂട്ടത്തോടെ കാണാം. മഴവെള്ളം നിറഞ്ഞ വയലുകളിൽ ഇവ നീന്തി തുടിക്കുന്നത് മനം കുളിർപ്പിക്കുന്ന കാഴ്ച്ചയാണ്.
മഴ തോരുന്നതോടെ കൊക്കുരുമ്മിയും ചിറകുകൾ ചികഞ്ഞും കരയിൽ കൂട്ടംകൂടിയിരിക്കും. ഗ്രാമങ്ങളിലെ കണ്ടൽ കാടുകളും, വയലുകളിലുമാണ് കേരളത്തിലെത്തുന്ന ചൂളന്‍ എരണ്ടകള്‍ തമ്പടിക്കുന്നത്. ജൂണ്‍ അവസനത്തോടെ എത്തുന്ന പക്ഷിക്കൂട്ടം നാലുമാസത്തോളം ഇവിടെയുണ്ടാകും. മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിച്ച് അവ പറക്കാന്‍ പാകമായശേഷമായിരിക്കും ഇനി മടക്കം.