ADVERTISEMENT

ശാസ്താംകോട്ട  ശാസ്താ ക്ഷേത്രത്തിലെ നീലകണ്ഠൻ എന്ന ആനയെ ചികിത്സയ്ക്കായി വനം വകുപ്പിനു കൈമാറി. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം കോട്ടൂർ ആന പരിപാലന കേന്ദ്രത്തിൽ 3 മാസത്തെ ചികിത്സ നൽകും. ചികിത്സാ കാലയളവിൽ പാപ്പാൻ മനീഷ് ഒപ്പമുണ്ടാകും. ഡിഎഫ്ഒ ഹീരാലാൽ, ദേവസ്വം ഡപ്യൂട്ടി കമ്മിഷണർ ജി. ബൈജു എന്നിവരുടെ സാന്നിധ്യത്തിലാണ് നടപടി ക്രമങ്ങൾ പൂർത്തീകരിച്ചത്. ഇതിനു ശേഷം അടുത്ത നടപടി തീരുമാനിക്കും. നെയ്യാർ‌ വന്യജീവി സങ്കേതത്തിനു സമീപത്തായുള്ള വിശാലമായ കേന്ദ്രത്തിൽ ആനയ്ക്കു സ്വതന്ത്രനായി കഴിയാൻ അവസരമുണ്ടാകും. 

രോഗബാധിതനായി ചങ്ങലയിൽ കഴി‍ഞ്ഞിരുന്ന ആനയ്ക്ക് കാലുകൾ മടക്കാൻ കഴിയില്ലായിരുന്നു. വലത്തേ നടയിലെ കാലിൽ ബലം കൊടുത്ത് ആനക്കൊട്ടിലിൽ വർഷങ്ങളായി ഒറ്റ നിൽപ്പ് ആയിരുന്നു.എൻഎസ്എസ് താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് അജിത്കുമാർ.ബി.പിള്ള 2003 ഡിസംബർ 25നാണു ശാസ്താവിനു മുന്നിൽ ആനയെ നടയ്ക്കിരുത്തിയത്. കുറച്ചുനാൾ കൊണ്ടു തന്നെ നീലകണ്ഠൻ നാട്ടുകാരുടെ ആവേശമായി മാറി. ഉത്സവങ്ങൾ ഉൾപ്പെടെ നൂറിലധികം പരിപാടികളിൽ പങ്കെടുപ്പിച്ചിരുന്നെങ്കിലും പിന്നീട്  മുൻവശത്തെ ഇടത്തെ കാലിനുണ്ടായ ക്ഷതവും മുടന്തും ദുരിതജീവിതത്തിലേക്കുള്ള തുടക്കമായി.

കാലുകൾ മടക്കാൻ പോലും കഴിയാതെ ചങ്ങലക്കെട്ടുകളിൽപ്പെട്ട് വ്രണങ്ങളുമായി ആനക്കൊട്ടിലിൽ വർഷങ്ങളായി ഒറ്റനിൽപ്പായിരുന്നു. ചികിത്സ ഉറപ്പാക്കുന്നതിനായി മൃഗസ്നേഹികളും ദേവസ്വം ബോർഡും കോടതിയെ സമീപിച്ചിരുന്നു. രോഗബാധിതനായതിനെ തുടർ‌ന്നു പരിശോധന നടത്തിയ മെഡിക്കൽ സംഘം വിദഗ്ധ ചികിത്സ നിർദേശിച്ചിരുന്നെങ്കിലും അധികൃതർ പേരിനു ചികിത്സ നടത്തിയ ശേഷം കയ്യൊഴിഞ്ഞതായി പരാതി ഉയർന്നു.

ഇതോടെയാണു മൃഗസ്നേഹികൾ രംഗത്തെത്തിയത്. ഉത്തർപ്രദേശിലെ മഥുരയിൽ കൊണ്ടുപോകണം എന്നായിരുന്നു ആവശ്യം. എന്നാൽ ആനയെ ഈ അവസ്ഥയിൽ കൊണ്ടുപോകാൻ സാധിക്കില്ല എന്നു നിരീക്ഷിച്ച കോടതി കോട്ടൂരിൽ സ്വതന്ത്രമായി നടക്കാൻ കഴിയുന്ന രീതിയിൽ ചികിത്സ നൽകാൻ നിർദേശിക്കുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com