മാനന്തവാടി പാതയിൽ ഒന്നിച്ചെത്തിയത് നാലു കടുവകൾ ; അപൂർവ കാഴ്ചയിൽ അമ്പരന്ന് ജനങ്ങൾ!

Tigers
SHARE

വയനാട്ടിലും കർണാടകയിലെ അതിർത്തി മേഖലകളിലും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കടുവകളാണ് താരങ്ങൾ. പുൽപള്ളി– ബത്തേരി റോഡിലെയും മാനന്തവാടി– കുട്ട റോഡിലെയും കടുവകൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നതിനിടെ മാനന്തവാടി– മൈസൂരു റോഡരികിലെ കടുവക്കൂട്ടത്തിന്റെ വിഡിയോ ദൃശ്യവും വൈറലാകുന്നു. കേരള അതിർത്തിയോടു ചേർന്ന് കർണാടക ബാവലിക്കും ബള്ളയ്ക്കും ഇടയിൽ 4 കടുവകൾ ഉൾവനത്തിൽ നിന്നു റോഡരികിലേക്കു സാവധാനം നടന്നു നീങ്ങുന്ന വിഡിയോയാണു പ്രചരിക്കുന്നത്. 

കർണാടകയിലെ  നഗർഹോള കടുവാ സങ്കേതത്തിന്റെ പരിധിയിൽ വരുന്ന പ്രദേശത്തെ കാഴ്ചയാണിത്. മാനന്തവാടി മൈസൂരു പാതയിലെ ബാവലിക്കും ബെള്ളക്കും ഇടയിൽ നിന്നും സഞ്ചാരികൾ പകർത്തിയതെന്ന തരത്തിലാണ് ദൃശ്യങ്ങൾ  സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്.

കർണാടകയിലെ വനപാലകർക്കൊപ്പം കാനനയാത്ര നടത്തിയ യുവാക്കളാണ് 27 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ പകർത്തിയത്. പൂർണ വളർച്ചയെത്തിയ 4 കടുവകളെ ഒന്നിച്ചു കാണുക അപൂർവമാണെന്നു വനപാലകർ പറയുന്നു. നീലഗിരി ജൈവമണ്ഡലത്തിൽ ഉൾപ്പെടുന്ന വനപ്രദേശങ്ങളിൽ കടുവകളുടെ എണ്ണം കൂടിവരുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.

വയനാട് അതിർത്തിയിൽ നിന്നും ഇവിടേക്ക് ഏറെ ദൂരമില്ല. കർണാടക വനത്തിൽ നിന്നു വന്യമൃഗങ്ങൾ കബനി നദി കടന്നു വയനാടൻ വനങ്ങളിൽ എത്താറുണ്ട്. എന്നാൽ നാല് കടുവകളെ ഇങ്ങനെ ഒരുമിച്ച്  കാണുന്നത് അപൂർവ കാഴ്ചയാണെന്ന് വനപാലകർ പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
FROM ONMANORAMA