കാടിറങ്ങി നാട്ടിൽ സ്ഥിരതാമസമാക്കിയ ഹനുമാൻ കുരങ്ങാണ് ഇപ്പോൾ ഇരിട്ടിയിലെ താരം. കണ്ണൂരിലെ ഇരിട്ടി എടക്കാനത്തെ വീടുകളിലെ നിത്യസന്ദർശകനാണ് ഈ കുരങ്ങ്. സത്രീകളോടും കുട്ടികളോടുമാണ് ഏറെ ചങ്ങാത്തം മാസങ്ങൾക്ക് മുമ്പ് എടക്കാനം ഭാഗത്ത് എത്തിപ്പെട്ടതാണ് ഹനുമാൻ കുരങ്ങ്. പിന്നീട് വനത്തിലേക്ക് തിരിച്ചു പോയില്ല.ആദ്യം പ്രദേശത്തുള്ള വീടുകളിലെത്തി തുടങ്ങി. ആളുകളോട് ആദ്യമൊന്നും അടുപ്പം കാണിച്ചില്ലെങ്കിലും പിന്നീട് പതിയെ സൗഹൃദത്തിലായി.
നാട്ടുകാർക്ക് ചിലപ്പോഴൊക്കെ ശല്യക്കാരനാകുമെങ്കിലും ആരും ഈ കുരങ്ങനെ ഉപദ്രവിക്കാറില്ല. ഇലകളും, പൂക്കളും, ഫലങ്ങളുമൊക്കെയാണ് പ്രധാന ഭക്ഷണം. ഇതൊക്കെ സമീപ പ്രദേശങ്ങളിൽ നിന്ന് കണ്ടെത്തി ഭക്ഷിക്കും. സന്ധ്യാസമയത്ത് വീടുകളിൽ നാമം ജപിക്കുമ്പോൾ ഹനുമാൻ കുരങ്ങ് ഓടി മുറ്റത്തെത്തുമെന്ന് നാട്ടുകാർ പറയുന്നു.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ പ്രധാനമായും കാണപ്പെടുന്ന കുരങ്ങ് വർഗമാണ് ഗ്രേ കുരങ്ങുകൾ അഥവാ ഹനുമാൻ കുരങ്ങുകൾ. പശ്ചിമഘട്ട വനനിരകളാണ് ഇവയുടെ പ്രധാന ആവാസകേന്ദ്രം. സൈലന്റ് വാലിയിലും ഇവ കാണപ്പെടാറുണ്ട്. ഹനുമാന്റെ വാനരസേനയിൽ അംഗങ്ങളായിരുതിനാലാണ് ഇവർക്ക് ഹനുമാൻ കുരങ്ങ് എന്ന പേരു വന്നതെന്നാണ് പറയപ്പെടുന്നത്.