sections
MORE

കൊമ്പിനു വേണ്ടി തുമ്പിക്കൈയും വാലും അറുത്തുമാറ്റി; ക്രൂരതയുടെ നേർചിത്രം!

African Elephant
പ്രതീകാത്മക ചിത്രം
SHARE

ബോട്സ്വാനയിൽ നിന്നുള്ള പ്രാദേശിക ഫൊട്ടോഗ്രഫറായ ജസ്റ്റിൻ സുള്ളിവൻ പകർത്തിയ ഒരു ചിത്രമാണ് ഇപ്പോൾ മനുഷ്യ മനഃസാക്ഷിയെ നടുക്കിയിരിക്കുന്നത്. കൊമ്പിനു വേണ്ടി ആഫ്രിക്കൻ ആനയെ കൊന്ന് അതിന്റെ ശരീരം പല കഷണങ്ങളായി വെട്ടിനുറുക്കിയ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

ആഫ്രിക്കന്‍ രാജ്യമായ ബോറ്റ്സ്വാനയില്‍ നിന്നുളള ഡ്രോണ്‍ ചിത്രമാണ് ഇത്. ആനയുടെ തുമ്പിക്കൈ അറുത്ത് മാറ്റിയ ശേഷം തല വെട്ടിപ്പിളർത്തിയാണ് കൊമ്പെടുത്തിരിക്കുന്നത്. ആനയുടെ വാലും അറുത്തു മാറ്റിയിട്ടുണ്ട്. ഇങ്ങനെ അറുത്തെടുത്ത കൊമ്പും ആനയുടെ ശരീരത്തിന് മുന്നിൽ വച്ചിരിക്കുന്നത്  ചിത്രത്തിൽ കാണാം. ഹ്രസ്വചിത്ര നിർമാതാവു കൂടിയായ ജസ്റ്റിന്‍ സുളളിവൻ ഡ്രോണ്‍ ഉപയോഗിച്ചാണ് ചിത്രം പകര്‍ത്തിയത്.

ഇൗ കൊടും ക്രൂരതയുടെ ആഴം ലോകത്തിനു മനസിലാക്കാൻ വേണ്ടിയാണ് ചിത്രം പങ്കുവച്ചതെന്നും ജസ്റ്റിൻ പറഞ്ഞു. കഴിഞ്ഞ മാസമാണ്  അഞ്ച് വര്‍ഷത്തെ നിരോധനത്തിനു ശേഷം ബോട്സ്വാന ഗവൺമെന്റ് ആനവേട്ടയ്ക്ക് വീണ്ടും അനുമതി നല്‍കിയത്. ലോകത്ത് ഏറ്റവുമധികം ആനകളുള്ള രാജ്യമാണ് ആഫ്രിക്കന്‍ രാജ്യമായ ബോട്സ്വാന. ആഫ്രിക്കയിലെ ആനകളിലെ മൂന്നിലൊന്നും കാണപ്പെടുന്നത് ഈ  രാജ്യത്താണ്. 2014 ല്‍ ആനവേട്ടയ്ക്കേര്‍പ്പെടുത്തിയ വിലക്കിനു ശേഷം മനുഷ്യരും ആനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ വർധിച്ചതാണ് നിരോധനം നീക്കാനുള്ള കാരണമായി അധികൃതര്‍ പറയുന്നത്.

പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കിടയിലും പരിസ്ഥിതി സംഘടനകള്‍ക്കിടയിലും രാജ്യാന്തര കൂട്ടായ്മകളിലും ശക്തമായ പ്രതിഷേധമാണ് ബോട്സ്വാനയുടെ ഈ തീരുമാനത്തിനെതിരെ ഉണ്ടായിട്ടുള്ളത്. ഒക്ടോബറില്‍ നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിനു മുന്നോടിയായി കാടുമായി അതിര്‍ത്തി പങ്കിടുന്ന ഗ്രാമവാസികളെ സന്തോഷിപ്പിക്കാനാണ് ഈ പ്രഖ്യാപനമെന്നാണ് ഇവര്‍ ആരോപിക്കുന്നത്. 

രാജ്യത്തെ ആനകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതോടെയാണ് ആനവേട്ട നിരോധിക്കാന്‍ 2014 ല്‍ അധികൃതര്‍ നിര്‍ബന്ധിതരായത്. 2007 മുതല്‍ 2014 വരെയുള്ള കാലയളവില്‍ രാജ്യത്തെ ആനകളുടെ എണ്ണത്തില്‍ ഏതാണ്ട് 30 ശതമാനം കുറവാണുണ്ടായത്. ആഫ്രിക്ക എലിഫന്‍റ് സെന്‍സസിലാണ് ആനകളുടെ എണ്ണത്തില്‍ കുത്തനെയുണ്ടായ ഈ ഇടിവ് വ്യക്തമായത്. ഇതോടെ പരിസ്ഥിതി സംരക്ഷണ വക്താവ് കൂടിയായ അന്നത്തെ പ്രസിഡന്‍റ് ലാന്‍ ഖാമയാണ് നിരോധനത്തിനു മുന്‍കൈയെടുത്തത്.

എന്നാല്‍ പിന്നീടുണ്ടായ ഭരണമാറ്റവും ആനവേട്ട സംബന്ധിച്ച തീരുമാനം മാറാന്‍ കാരണമായി. 2018 ഒക്ടോബറിലാണ് ആനവേട്ട  നിരോധനം പുനപരിശോധിക്കുന്നതിനായുള്ള സമിതിയെ പുതിയ പ്രസിഡന്‍റ് നിയമിക്കുന്നത്. ഫെബ്രുവരിയില്‍ ഈ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ നിരോധനം നീക്കിയതും. ആനകളുടെ എണ്ണം വർധിച്ചത് ജനങ്ങളുടെ ജീവനു ഭീഷണിയാകുന്നുവെന്നും അവരുടെ ഉപജീവനത്തെ ബാധിക്കുന്നുവെന്നുമാണ് സമിതിയുടെ കണ്ടത്തല്‍.

1991 ന് ശേഷം ബോട്സ്വാനയിലെ ആനകളുടെ എണ്ണത്തില്‍ മൂന്നിരട്ടി വർധനവുണ്ടായെന്നാണ് അധികൃതരുടെ വാദം.  ഒരാനയെ വേട്ടയാടാന്‍ ഏതാണ്ട് 45000 ഡോളര്‍ ആണ് വിവിധ ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഫീസായി ഈടാക്കുന്നത്. ഇങ്ങനെ ആനവേട്ടയിലൂടെയും സിംഹവേട്ടയിലൂടെയും മറ്റും ലഭിക്കുന്ന പണത്തിന്‍റെ ഒരു ഭാഗം വന്യജീവി സംരക്ഷണത്തിന് തന്നെ ചിലവഴിക്കുന്നുവെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്.

അതേസമയം വേട്ടയാടല്‍ ലൈസന്‍സ് പുനരാരംഭിക്കുന്നതോടെ അനധികൃത വേട്ടയും ആനക്കൊമ്പു കച്ചവടവും വ്യാപകമാകുമെന്ന ഭയവും പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കുണ്ട്. ബോട്സസ്വാനയിലെ മാത്രമല്ല ആഫ്രിക്കയിലെ ആകെ ആനക്കമ്പ് കച്ചവടം വർധിക്കാന്‍ ഈ തീരുമാനം കാരണമായേക്കുമെന്നും ഇവര്‍ ഭയന്നിരുന്നു. അവരുടെ വാദങ്ങൾ ശരിയായിരുന്നു എന്നു തെളിയിക്കുന്നതാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന കൊടും ക്രൂരതയുടെ ചിത്രം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
FROM ONMANORAMA