ADVERTISEMENT

നെയ്യാർ സിംഹ സഫാരി പാർക്കിൽ ഒറ്റപ്പെട്ടുപോയ സിന്ധുവിന് കൂട്ടായി 2 പേർ എത്തും.ഇതിനുള്ള നടപടികൾ അന്തിമ ഘട്ടത്തിലാണെന്ന് മന്ത്രി കെ.രാജു പറഞ്ഞു. ഓണത്തിന് മുമ്പേ പുതിയ ‘അതിഥികളെ’ എത്തിക്കാനാണ് നീക്കം. ഗുജറാത്തിലെ സക്കർ ബാഗ് മൃഗശാലയിൽ നിന്നാണ് സിംഹങ്ങളെത്തുക. നെയ്യാറിലെ 2 ജീവനക്കാർ ഗുജറാത്തിലെത്തി. ഇവർക്കാണ് സിംഹങ്ങളുടെ പരിപാലന ചുമതല.

ദക്ഷിണേഷ്യയിലെ ആദ്യ പാർക്കാണ് നെയ്യാറിലേത്. ഡാമിലെ 10 ഏക്കറിലാണ് പാർക്ക്.  നെയ്യാറിലെത്തുന്ന സഞ്ചാരികളുടെ പ്രധാന ആകർഷണവും സിംഹ സഫാരിപാർക്കായിരുന്നു.2 സിംഹങ്ങളുമായാണ് തുടക്കം. എണ്ണം 10 കവിഞ്ഞതോടെ 2001 ൽ വന്ധ്യംകരണം നടത്തി. ഇതോടെ പാർക്കിന്റെ ശനിദശ തുടങ്ങി. വന്ധ്യംകരണത്തെതുടർന്ന് അണുബാധയേറ്റ് പലതും ചത്തു. പ്രായാധിക്യത്തെ തുടർന്ന് പാർക്കിലുണ്ടായിരുന്നവ ഓരോന്നായി വിവിധ കാലയളവിൽ ചത്തു. 2014ൽ 6 സിംഹങ്ങളുണ്ടായിരുന്ന പാർക്കിൽ ഇപ്പോൾ 18വയസ് പ്രായമുള്ള പെൺ സിംഹം മാത്രം.

2014ൽ രണ്ട് സിംഹങ്ങളെ കൊണ്ടുവരാനും പാർക്ക് നിലനിർത്താനുമുള്ള ശ്രമങ്ങൾ തുടങ്ങി . 2 മലയണ്ണാനെ നൽകിയാൽ പകരം 3 സിംഹമെന്ന നിലയിൽ ഗുജറാത്തിലെ സക്കർ ബാഗ് മൃഗശാലയുമായി കരാർ വാക്കാൽ ഉറപ്പിച്ചു. കൂടും തയാറാക്കി സക്കർ ബാഗിലേക്ക് പോകാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ഉന്നതങ്ങളിൽ നിന്നു വിളിയെത്തി.

അങ്ങോട്ട് പോകണ്ട. ഇതോടെ എല്ലാം അവസാനിച്ചു. പാർക്ക് പൂട്ടേണ്ടിവരുന്ന ഘട്ടമെത്തിയതോടെ വിവിധ സംഘടനകളും രാഷ്ട്രീയ പാർട്ടികളുമൊക്കെ സർക്കാരിൽ സമ്മർദം ചെലുത്തിയാണ് ഇപ്പോൾ സിംഹത്തെ കൊണ്ടുവരാനുള്ള തീരുമാനമായത്. ആദ്യ ഘട്ടത്തിലുണ്ടാക്കിയ അതേ ഉടമ്പടി. 2 മലയണ്ണാന് പകരം 2 സിംഹം.

അടുത്തമാസമാദ്യം വനം വകുപ്പ് ചീഫ് വെറ്ററിനറി ഓഫീസർ ഡോ.ഇ.കെ. ഈശ്വറിന്റെ നേതൃത്വത്തിലുള്ള സംഘം ഗുജറാത്തിലേക്ക് പോകും .

ഇത് സംബന്ധിച്ച രൂപരേഖകൾ തയാറായി.പാർക്കിലെ കൂടുകൾ അറ്റകുറ്റപ്പണികൾ ‍നടത്തി ബലപ്പെടുത്താനുള്ള നടപടി ഉടൻ തുടങ്ങും.ഇതുവരെ സ്വീകരിച്ച നടപടികൾ വിലയിരുത്തി സിംഹങ്ങളെ കൊണ്ടുവരാനുള്ള തയാറെടുപ്പുകൾ വേഗത്തിലാക്കാൻ മന്ത്രി രാജുവിന്റെ സാന്നിധ്യത്തിൽ ഇന്നലെ ഡാമിൽ ഉദ്യോഗസ്ഥരുടെ യോഗത്തിൽ ധാരണയായി. പാർക്കും മന്ത്രി സന്ദർശിച്ചു.

വരുന്നത് ‘പക്കാ’ഏഷ്യൻ സിംഹക്കുട്ടികൾ

ഡാമിലെ പാർക്കിലുള്ളത് ഏഷ്യൻ–ആഫ്രിക്കൽ സങ്കരയിനത്തിൽപെട്ട സിംഹങ്ങളായിരുന്നു.ഇത് പെറ്റുപെരുകി.കൂടുകൾ തികയായാതായി.തുടർന്നാണ് 2001ൽ വന്ധ്യംകരണത്തിന് തീരുമാനിച്ചത്. ഇത് ഏറെ വിവാദമുണ്ടാക്കി.ഇനി വരാൻ പോകുന്നത് സങ്കരയിനം സിംഹങ്ങളെക്കാൾ അഴകും ഗാംഭീര്യവും ഉശിരുമുള്ള ഏഷ്യൻ സിംഹക്കുട്ടികൾ.ഏഷ്യൻ സിംഹങ്ങൾ കുറഞ്ഞുവരുന്നതിനാൽ ഇവയുടെ സംരക്ഷണവും ലക്ഷ്യമിടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com