sections
MORE

ആറളം കൊമ്പൻ ഇനിയില്ല; കണ്ണീരോടെ ആനപ്പന്തി

Aralam Komban
മുത്തങ്ങ ആനപ്പന്തിയിൽ ചരിഞ്ഞ ആറളം കൊമ്പൻ (ശിവ).
SHARE

നാട്ടിലിറങ്ങി പ്രശ്നക്കാരനായതിനെ തുടർന്ന് മുത്തങ്ങ ആന പന്തിയിലെ കൂട്ടിൽ പിടിച്ചിട്ടിരുന്ന ആറളം കൊമ്പൻ (ശിവ) ചരിഞ്ഞു. ശനിയാഴ്ച രാവിലെ അവശനിലയിൽ കൂട്ടിൽ വീണ കൊമ്പൻ പന്ത്രണ്ടരയോടെ ചരിയുകയായിരുന്നു. പിൻകാലിൽ വ്രണമുണ്ടായതിനെ തുടർന്ന് കഴിഞ്ഞ ഒന്നര മാസമായി ചികിത്സ നൽകി വരികയായിരുന്നു. എന്നാൽ ഇടതു പിൻകാലിലെ തുടയുടെ ഭാഗത്തുണ്ടായിരുന്ന നീര് വലിയതോതിൽ  മുട്ടിന് സമീപത്തേക്ക് വ്യാപിക്കുകയും രക്തചംക്രമണം നിലയ്ക്കുകയും ചെയ്തതാണ് മരണകാരണമെന്ന് ഫോറസ്റ്റ് വെറ്റിറിനറി സർജൻ ഡോ. അരുൺ സഖറിയ പറഞ്ഞു.

ഏറെ പ്രത്യേകതകളുള്ള, കുറുമ്പിന്റെ പര്യായമായ ആറളം കൊമ്പൻ എന്ന ശിവയ്ക്ക് മുത്തങ്ങ ആനപ്പന്തി കണ്ണീരോടെയാണ്  വിടപറഞ്ഞത്. മുത്തങ്ങ പന്തിയിൽ കൂട്ടിൽ കിടന്ന  ആനകളിൽ ഏറ്റവും ശാരീരിക ക്ഷമതയുണ്ടായിരുന്ന ശിവ പെട്ടെന്ന് മരണത്തിന് കീഴടങ്ങയത് അവനെ 2 വർഷത്തിലധികം പരിചരിച്ച ജീവനക്കാർക്കും  പരിചാരകർക്കും ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല.

ആന ചരിഞ്ഞപ്പോൾ പന്തിയിൽ പലരും മാറിയിരുന്ന് കരയുന്നുണ്ടായിരുന്നു. ആനയുടെ രണ്ട് പാപ്പാൻ മാർ, ബയോളജിസ്റ്റ് വിഷ്ണു, ഭക്ഷണം നൽകിയിരുന്ന ബിനു എന്നിവർക്കൊന്നും ആനയുടെ വേർപാട് താങ്ങാനായില്ല. നാട്ടിൽ അടിമുടി പ്രശ്നം സൃഷ്ടിച്ചപ്പോഴാണ് കാഴ്ചയിൽ കുള്ളനായ ആറളം കൊമ്പനെ 2017 മേയില്‍ ഫോറസ്റ്റ് വെറ്റിറിനറി സർജൻഡോ.അരുൺ സഖറിയയുടെ നേതൃത്വത്തിൽ കൊട്ടിയൂർ വനമേഖലയിൽ വച്ച് മയക്കുവെടി വച്ച് വീഴ്ത്തിയത്.

Aralam Komban
പിന്‍കാലുകള്‍ കൂടിന്റെ മരത്തടിയിഴകളില്‍ ചവിട്ടിക്കയറുന്ന ആറളം കൊമ്പന്‍ (ശിവ) (ഫയല്‍ചിത്രം).

3 പേരെ കൊന്ന കൊമ്പനാണെന്ന കഥ കൂടിയുള്ളതോടെ ഏറെ ശ്രദ്ധിച്ചാണ് ആനയെ പിടിച്ചത്. 8 മാസം ആറളത്ത് കൂട്ടിലിട്ടെങ്കിലും സ്വഭാവം ഒട്ടും മാറിയില്ല. തുടർന്നാണ് മുത്തങ്ങയിലേക്ക് കൊണ്ടു വന്നത്. 26 മാസം മുത്തങ്ങയിൽ ഒരു കൂട്ടിൽ തന്നെ കഴിഞ്ഞു. കിടക്കാൻ പറയുമ്പോൾ കിടക്കുകയും തുമ്പിക്കൈ ഉയർത്താൻ പറയുമ്പോൾ ഉയർത്തുകയുമൊക്കെ ചെയ്യുമായിരുന്നെങ്കിലും കൂടിനു പുറത്തിറക്കാൻ കഴിയുന്ന വിധത്തിൽ ആന ഇണങ്ങിയിരുന്നില്ല.

കൂട്ടിലെ മരത്തടികളുടെ ഇഴകളിൽ പിൻകാലുകൾ ചവിട്ടിക്കയറി കൊമ്പ് മണ്ണിൽകുത്തി തല കീഴായി നിൽക്കുമായിരുന്നു പലപ്പോഴും ശിവ. വലിയ കുറുമ്പു കാട്ടുമ്പോഴും ഭക്ഷണം വായിൽ കൊടുക്കാൻ കഴിഞ്ഞിരുന്നെന്ന്  ഡോ. അരുൺ സഖറിയ പറയുന്നു. ആറളം കൊമ്പനു ശേഷം പിടികൂടി കൂട്ടിലടച്ച വടക്കനാട് കൊമ്പനെ വരെ അടുത്തിടെ കൂടിന് പുറത്തിറക്കിയിരുന്നു. ഇനി ഒരു വർഷം കൂടി കഴിഞ്ഞാലേ ആറളം കൊമ്പനെ പുറത്തിറക്കാൻ കഴിയുമായിരുന്നുള്ളു എന്നായിരുന്നു വിദഗ്ധ നിരീക്ഷണം.

ഉയരം നന്നേ കുറഞ്ഞ 25 വയസ്സ് മതിക്കുന്ന കൊമ്പൻ രണ്ടു മാസം മുൻപു വരെ പൂർണ ആരോഗ്യവാനായിരുന്നു. രക്തത്തിലേക്ക് പഴുപ്പ് ബാധിച്ചതും പ്രശ്നമായി. നാട്ടിൽ സ്ഥിരം പ്രശ്നക്കാരനായതിനെ തുടർന്ന് 2017 മേയ് 10ന് കൊട്ടിയൂർ റേഞ്ചിൽ നിന്ന് മയക്കുവെടി വച്ച് പിടികൂടുകയായിരുന്നു. ആറളത്ത് 8 മാസം കൂട്ടിലിട്ടെങ്കിലും ആനയുടെ സ്വഭാവത്തിൽ മാറ്റമൊന്നുമുണ്ടായില്ല. തുടർന്നാണ് 2018 ജനുവരി 1 മുതൽ മുത്തങ്ങയിലെത്തിച്ച് കൂട്ടിൽ അടച്ചത്.

2 വർഷവും 2 മാസവും തുടർച്ചയായി കൂട്ടിൽത്തന്നെ കഴിയുകയായിരുന്നു കൊമ്പൻ. ഡോക്ടർ അരുൺ സഖറിയയുടെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം ജഡം വനത്തിൽ സംസ്കരിച്ചു. ശിവയെപ്പോലെ മുത്തങ്ങ പന്തിയിലെ കൂട്ടിൽ കഴിഞ്ഞിരുന്ന കല്ലൂർ കൊമ്പനെയും വടക്കനാട് കൊമ്പനെയും കൂടിനു പുറത്തിറക്കി പരിശീലനം നൽകി വരികയാണ്. മുത്തങ്ങ ആന പരിശീലന കേന്ദ്രത്തിൽ ഇനി 13 ആനകളാണ് ഉള്ളത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
FROM ONMANORAMA