sections
MORE

കടുവകളെ ഇല്ലാതാക്കുന്ന ‘ചൈനീസ് ഒറ്റമൂലികൾ’!

Tiger
SHARE

ഒരു മുഴുവൻ കടുവയുടെ അസ്ഥികൂടം, അതൊരു ചില്ലുകൂട്ടിലേക്കിറക്കും. അതിന്മേലേക്ക് നെല്ലിൽ നിന്നു വാറ്റിയെടുത്ത മദ്യമൊഴിക്കും. പിന്നീട് എട്ടുവർഷം വരെ അത് അടച്ചു വയ്ക്കും. തുറന്നു കഴിയുമ്പോഴോ ചെറിയൊരു കുപ്പിക്കു തന്നെ 400 പൗണ്ട് (ഏകദേശം 40,000) രൂപയായിരിക്കും വില. കുടിച്ചാൽ തലയ്ക്കു മാത്രമായിരിക്കില്ല ഉത്തേജനം. ലൈംഗികോത്തേജനത്തിന് ലോകം അംഗീകരിച്ച ‘മരുന്നു’കളിലൊന്നാണ് ചൈനയിൽ നിന്നുള്ള ഈ കടുവാവീഞ്ഞ്.

പണക്കാർ ലക്ഷങ്ങൾ പൊടിച്ച് തങ്ങളുടെ അതിഥികൾക്കായി ഈ വിശിഷ്ട ഔഷധം കരുതിവയ്ക്കുന്നു. എന്നാൽ ഈ വീഞ്ഞിന്റെ ഔഷധഗുണം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ടോയെന്നു ചോദിച്ചാൽ ‘ഇല്ല’ എന്നാണുത്തരം. പിന്നെ ഇത്രയ്ക്കും ഡിമാൻഡ് ഉണ്ടാകാനുള്ള കാരണം? അത് കടുവയെന്ന പാവം മൃഗത്തിന്റെ വിധിയാണ്. ഇത്തരത്തിൽ ഇന്നേവരെ തെളിയിക്കാൻ പറ്റാത്ത ഔഷധഗുണങ്ങൾ കടുവയ്ക്ക് ഉണ്ടെന്നു പറഞ്ഞാണ് അവയെ കൂട്ടത്തോടെ കൊന്നൊടുക്കുന്നത്. അത്തരം ചില അന്ധവിശ്വാസങ്ങളെ കുറിച്ചറിയാം ഇനി. കടുവയുടെ എല്ലിൻപൊടി, കടുവാലേപനം, കടുവാഗുളിക, വീഞ്ഞ് തുടങ്ങിയ രൂപങ്ങളിലാണ് ഈ ‘ചൈനീസ് ഒറ്റമൂലികൾ’ വിപണിയിലെത്തിക്കുന്നത്.

∙ എല്ലുകൾ: ലോകത്ത് ഏറ്റവുമധികം ആവശ്യക്കാരുള്ള ‘കാട്ടുമരുന്നി’ലൊന്നാണിത്. ഇതിൽ അടങ്ങിയിരിക്കുന്ന കാൽസ്യത്തിനും പ്രോട്ടീനും മുറിവ് ഉണക്കാനും പൊള്ളല്‍ പെട്ടെന്ന് ഭേദമാക്കാനും സാധിക്കും. സന്ധിവേദനയ്ക്ക്, ആർത്രിറ്റിസ്, ക്ഷീണം, തലവേദന, നടുവേദന, കാലുവേദന എന്തിനേറെ വയറിളക്കത്തിനു വരെ കടുവയുടെ എല്ലിൻപൊടി കഴിച്ചാൽ മതി!

∙ കാൽപ്പാദം: ഉറക്കമില്ലായ്മ പരിഹരിക്കാന്‍ ഇത് ഉണക്കിപ്പൊടിച്ച പൊടി കഴിച്ചാൽ മതി.

∙ പല്ല്: ഏതു തരം പനിക്കുമുള്ള പരിഹാരം.

∙ കൊഴുപ്പ്: കുഷ്ഠരോഗം മാറ്റും. സന്ധി വേദനയ്ക്ക് ഉത്തമ പരിഹാരം.

∙ മൂക്കിന്റെ അറ്റത്തെ മാംസള ഭാഗം: ചെറുമുറിവുകളോ ജീവികളുടെ കടിയേറ്റാലോ ഭേദമാക്കാൻ.

∙ കണ്ണ്: മലേറിയയ്ക്കും അപസ്മാരത്തിനും സിദ്ധൗഷധം!

∙ വാൽ: ത്വക്ക് രോഗങ്ങൾക്ക്.

∙ പിത്താശയം: കടുത്ത പനി വരുന്ന കുട്ടികൾ ഉറക്കത്തിൽ ഞെട്ടിയെഴുന്നേറ്റ് കരയുക പതിവാണ്. ഈ പ്രശ്നം മാറ്റും.

∙ മേൽമീശരോമം: പല്ലുവേദനയ്ക്ക് പരിഹാരം.

∙ മസ്തിഷ്കം: മടി മാറ്റാനും മുഖക്കുരു ഇല്ലാതാക്കാനും.

∙ ലിംഗം: ഇത് സൂപ്പുണ്ടാക്കി കഴിക്കുന്നത് ലൈംഗികോത്തേജനത്തിനു സഹായിക്കും.

∙ കാഷ്ഠം, ഛർദ്ദിൽ: മൂലക്കുരു മാറ്റും. പൊള്ളലിനു ശമനം നൽകും. മദ്യപാനത്തിൽ നിന്ന് മുക്തി നേടാനും സഹായിക്കുന്ന മരുന്ന്!

ഒന്നുകൂടി പറയട്ടെ. ഇവയെല്ലാം നുണകളാണ്. മീശ മുതൽ കാഷ്ഠം വരെ വിറ്റ് കാശുണ്ടാക്കാൻ കാട്ടുകൊള്ളക്കാരും ലാടവൈദ്യന്മാരും കണ്ടെത്തിയ തൊടുന്യായങ്ങൾ. കടുവകളെ വംശനാശഭീഷണിയുടെ വക്കത്തെത്തിച്ച വെറും അന്ധവിശ്വാസങ്ങൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
FROM ONMANORAMA