ADVERTISEMENT

വാളയാർ വനയോരമേഖലയെ വിറപ്പിച്ച കാട്ടുകൊമ്പന് ഒടുവിൽ ട്രെയിനിടിച്ചു ദാരുണാന്ത്യം. കേരള–തമിഴ്നാട് അതിർത്തി ഗ്രാമങ്ങളിലും ജനവാസമേഖലയിലും സഞ്ചാരം പതിവാക്കിയ കാട്ടാനക്കൂട്ടത്തിലെ  കുട്ടികൊമ്പനാണു വാളയാറിനും തമിഴ്നാട്ടിലെ ചാവടിക്കും ഇടയിലുള്ള ഉൾവനത്തിൽ ട്രെയി‍ൻ തട്ടി ചരിഞ്ഞത്. കഞ്ചിക്കോട്–മദുക്കര വനമേഖലയിലെ ബി ലൈൻ റെയിൽവേ ട്രാക്കിൽ കഴിഞ്ഞ ശനിയാഴ്ച രാത്രി 11.30നായിരുന്നു അപകടം.

ചാവടിപ്പാലത്തോടു ചേർന്നുള്ള ട്രാക്ക് കുറുകെ കടക്കുന്നതിനിടെ ട്രെയിൻ ഇടിച്ചാണ് അപകടമെന്നു വനംവകുപ്പ് പറഞ്ഞു. മംഗളൂരു–ചെന്നൈ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ട്രെയിനാണ് ഇടിച്ചതെന്നും സംശയമുണ്ട്. ചരിഞ്ഞ ആനയ്ക്കു ചുറ്റും കൂട്ടത്തിലെ മറ്റ് ആനകൾ കുറെ നേരം കൂടിനിന്നു. ഇവയെ കാടുകയറ്റിയാണു വനം വകുപ്പ് സ്ഥലത്തെത്തിയത്. 

ദിവസങ്ങൾക്കു  മുൻപു വാളയാറിലെയും ചാവടിയിലെയും ജനവാസ മേഖലയെ ഭീതിയിലാക്കിയ ആനക്കൂട്ടത്തിലെ ഏറ്റവും അക്രമ സ്വഭാവമുണ്ടായിരുന്ന കാട്ടാനയാണു ചരിഞ്ഞത്.  ഒരാഴ്ച മുൻപ് 8 വയസ്സുള്ള ഈ കൊമ്പനു മുന്നിൽ അകപ്പെട്ട കർഷകൻ തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്.

ജനവാസമേഖലയിലിറങ്ങി കൂട്ടമായി പോവുന്നതിനിടെയാവാം ട്രെയിനിടിച്ചതെന്നു സംശയിക്കുന്നു. ട്രെയിൻ തട്ടി ട്രാക്കിൽ നിന്ന് ഒന്നര കിലോ മീറ്ററോളം നടന്നു നീങ്ങിയ ശേഷം ഉൾവനത്തിലെത്തിയാണ് ആന ചരിഞ്ഞത്. ഇടിയുടെ അഘാതത്തിൽ കൊമ്പ് ഇളകിയ നിലയിലായിരുന്നു.

മസ്തിഷകത്തിനും തുമ്പിക്കൈയും ഗുരുതരമായി പരുക്കേറ്റെന്നും പറയുന്നു.  ഡിഎഫ്ഒ നരേന്ദ്രനാഥ് വേളൂരിയുടെ നേതൃത്വത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരും വെറ്ററിനറി സർജൻമാരും സ്ഥലത്തെത്തി. പോസ്റ്റ്മോർട്ടത്തിനു ശേഷം ആനയുടെ മൃതദേഹം രാത്രിയോടെ സംഭവ സ്ഥലത്തു സംസ്കരിച്ചു. ട്രെയിനിന്റെ അമിത വേഗം ഉൾപ്പെടെ ചൂണ്ടിക്കാട്ടി റെയിൽവേക്കെതിരെ വനംവകുപ്പ് കേസെടുത്തിട്ടുണ്ട്.

18 വർഷത്തിനിടെ ചരിഞ്ഞത്  26 കാട്ടാനകൾ

18 വർഷത്തിനിടെ 27 കാട്ടാനകളാണു വാളയാർ മേഖലയിൽ ട്രെയിനിടിച്ചു ചരിഞ്ഞത്. ഒന്നര മാസത്തിനിടെ രണ്ടാനകൾ ചരിഞ്ഞു. ഇതോടൊപ്പം  ഒന്നര മാസത്തിനിടെ രണ്ടു ജീവനുകൾ കൊമ്പൻമാരുടെ ആക്രമണത്തിൽ പൊലിഞ്ഞു. വനംവകുപ്പ് വാച്ചർമാർ ഉൾപ്പെടെ 8 പേർക്ക് ആനയുടെ ആക്രമണത്തിൽ പരുക്കേറ്റു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com