ADVERTISEMENT

ഹിമാലയത്തിൽ കണ്ടുവരുന്ന കിന്നരി പരുന്തിനെ പത്തനംതിട്ടയിൽ കണ്ടെത്തി. ഫൊട്ടോഗ്രഫറായ ബെന്നി അജന്തയാണ് പരുന്തിന്റെ ചിത്രങ്ങൾ പകർത്തിയത്. കറുപ്പും വെളുപ്പും തവിട്ടും ചേർന്ന നിറത്തിലെ കിന്നരി പരുന്തിന്റെ ശാസ്‌ത്രനാമം  നിസേറ്റസ് സിർഹാറ്റസ് എന്നാണ്. ഏതാണ്ട് 33 സെന്റീമീറ്റർ വലുപ്പമുള്ള പരുന്തിന്റെ തലയ്‌ക്കുമേൽ കുടുമയും അടിവയറ്റിൽ തവിട്ടുനിറത്തിൽ വരകളുമുണ്ട്.

 Crested Hawk eagle
പത്തനംതിട്ടയിൽ നിന്നു ഫൊട്ടോഗ്രഫർ ബെന്നി അജന്ത പകർത്തിയ ചിത്രം

ആക്സിപിട്രിഡൈ കുടുംബത്തിൽപ്പെട്ട ഒരു ഇരപിടിയൻ പക്ഷിയാണ് കിന്നരിപ്പരുന്ത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഇന്ത്യയിലും ശ്രീലങ്കയിലും കാണുന്നു. ഹിമാലയത്തിന്റെ തെക്കുകിഴക്കെ അതിരുതൊട്ട് തെക്കു കിഴക്കെ ഏഷ്യയിലും ഇന്തോനീഷ്യയിലും ഫിലിപ്പൈൻസിലും ഇവ കാണപ്പെടുന്നു. മരത്തിൽ കമ്പുകൾ കൊണ്ടുണ്ടാക്കിയ കൂട്ടിൽ ഒരു മുട്ടയിടുന്നു.

കേരളത്തിലെ വനങ്ങളിലും വനങ്ങളോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും കാണപ്പെടുന്ന ഒരിനം പക്ഷിയാണ് കിന്നരിപ്പരുന്ത്. ഇതിന്റെ മുകള്‍ഭാഗം ചക്കിപ്പരുന്തിനോട് സാമ്യമുള്ള തവിട്ട് നിറത്തിലായിരിക്കും. അടിഭാഗം വെള്ളനിറമായിരിക്കും. ഇതില്‍ കടുംതവിട്ട് നിറത്തിലുള്ള വരകളും ഉണ്ടാകും. പൂര്‍ണ വളര്‍ച്ചയെത്തിയ കിന്നരിപ്പരുന്തുകളുടെ അടിഭാഗം മങ്ങിയ വെള്ളനിറത്തിലായിരിക്കും. ശക്തമായ കാലുകളില്‍ തുടയെ മറച്ചുകൊണ്ട് ധാരാളം തൂവലുകളുണ്ടാകും. ഇരയെ കടിച്ചുകീറാന്‍ പാകത്തിലുള്ള ബലിഷ്ഠമായ കൊക്ക് കറുപ്പ് നിറത്തിലായിരിക്കും. മഞ്ഞ നിറത്തിലുള്ള കണ്ണുകളില്‍ തീക്ഷ്ണതയാര്‍ന്ന ഭാവമായിരിക്കും. തലയില്‍ കറുത്ത ശിഖകളുമുണ്ടാകും. ശിഖയുടെ അറ്റത്ത് വെള്ളനിറമായിരിക്കും. മരക്കൊമ്പുകളിലിരുന്ന് ചെറിയ ശബ്ദത്തില്‍ തുടങ്ങി ഉച്ചത്തിലെത്തുന്ന തരത്തില്‍ ഒരു ശബ്ദം പുറപ്പെടുവിക്കാറുണ്ട്. 

 Crested Hawk eagle
പത്തനംതിട്ടയിൽ നിന്നു ഫൊട്ടോഗ്രഫർ ബെന്നി അജന്ത പകർത്തിയ ചിത്രം

ചെറിയ പക്ഷികള്‍, എലി, അണ്ണാന്‍, പാമ്പുകള്‍ എന്നിവയാണ് ഇഷ്ടാഹാരം. മരക്കൊമ്പുകളിലിരുന്ന് ഇരയെ വീക്ഷിച്ച് പറന്നെത്തി കാലുകളിലെ ബലിഷ്ഠമായ നഖങ്ങള്‍കൊണ്ട് റാഞ്ചിയെടുത്ത് സുരക്ഷാ സ്ഥാനത്ത് ചെന്ന് കടിച്ച് കീറി ഭക്ഷണമാക്കുന്നു. വളരെ സമര്‍ത്ഥമായിട്ടാണ് ഇവയുടെ ഇരതേടല്‍. ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെയാണ് ഇവയുടെ പ്രജനനകാലം. ഉയരമുള്ള വൃക്ഷങ്ങളില്‍ ചുള്ളിക്കമ്പുകള്‍ നിരത്തിയാണ് കൂടൊരുക്കല്‍. കൂട്ടിനുള്ളില്‍ പച്ചില വിരിച്ച് അതിലാണ് മുട്ടയിടുന്നത്. നേരിയ ചാരനിറത്തോട് കൂടിയ വെള്ളനിറമായിരിക്കും മുട്ടയ്ക്ക്. അടയാളങ്ങളൊന്നും ഇല്ലാത്ത ഒരു മുട്ടയാകും ഉണ്ടാവുക. മുട്ടവിരിഞ്ഞുവരുന്ന കുഞ്ഞിന്റെ ദേഹത്ത് വെള്ള പൂടകളായിരിക്കും.ദേശാടനപക്ഷിയായ കിന്നരിപരുന്ത് ഒക്‌ടോബർ പകുതിയിലെത്തി മാർച്ച് പകുതിയോടെ മടങ്ങുന്ന ശീലക്കാരനാണ്. ഒറ്റയ്‌ക്കും കൂട്ടമായും ഇവ കാടുകളിൽ കാണപ്പെടുന്നു.

ചില പരുന്ത് വിശേഷങ്ങൾ

അറുപതിലേറെ ഇനം പരുന്തുകൾ ലോകത്തുണ്ട്. മിക്കവയും യൂറേഷ്യയിലും ആഫ്രിക്കയിലും വളരുന്നവയാണ്. ചില ഇനങ്ങൾ അമേരിക്കയിലും ഓസ്ട്രേലിയയിലും കണ്ടുവരുന്നു. ലോകത്തെ ഏറ്റവും വലിയ പരുന്തുകൾ, ഹാർപ്പി പരുന്തുകളാണ്. ചിറകു വിരിക്കുമ്പോൾ എട്ടടിയോളം നീളം വരും. മാൻ, ആട്, കുരങ്ങ് തുടങ്ങിയ ജീവികളെ ഇവ ഭക്ഷിക്കും. അവ പാറക്കെട്ടിന് മുകളിൽ നിന്ന് ഇരകളെ താഴെ ഇട്ട് കൊന്ന് ഭക്ഷിക്കുന്നു.മിക്ക പരുന്ത് വർഗങ്ങളിലും പെൺ പരുന്തുകൾക്കാണ് വലുപ്പവും ശക്തിയും കൂടുതൽ

ചില പരുന്തുകൾക്ക് (ഉദാ: മാർഷ്യൽ പരുന്തുകൾ) ചിറകടിക്കാതെ തന്നെ അന്തരീക്ഷത്തിൽ മണിക്കൂറുകളോളം പറക്കാൻ കഴിയും. അന്തരീക്ഷത്തിലെ ചൂട് വായുവിന്റെ സഹായത്താലാണ് ഇങ്ങനെ പറക്കാൻ കഴിയുന്നത്. സ്കാൻഡിനേവിയൻ പരുന്തുകൾ നിർമിക്കുന്ന കൂടുകൾക്ക് വളരെയേറെ വലുപ്പം കാണും. ആ കൂടുകളുടെ ഭാരത്താൽ മരക്കൊമ്പുകൾ ഒടിഞ്ഞുവീഴാറുണ്ട്. പരുന്തിന്റെ കണ്ണിന് രണ്ട് ഫോക്കൽ പോയിന്റുകൾ ഉണ്ട്. ഒന്ന് നേരെയുള്ള വസ്തുക്കൾ കാണുന്നതിനും അടുത്തത്, വശങ്ങളിലുള്ള വസ്തുക്കൾ കാണുന്നതിനും സഹായിക്കുന്നു. നാലു കിലോമീറ്റർ അകലെയുള്ള മുയലിനെ വരെ പരുന്തിന് കാണാൻ സാധിക്കും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com