ADVERTISEMENT

കൊച്ചിയിലെ കാക്കനാട്, കളമശേരി, ഏലൂർ, പശ്ചിമ കൊച്ചി മേഖലകളിൽ ആഫ്രിക്കൻ ഒച്ചുകളുടെ തേർവാഴ്ച. വീടുകൾക്കുള്ളിൽ വരെ നുഴഞ്ഞുകയറി നാശം വിതയ്ക്കുകയാണിവ. അടുക്കളയിൽ പാത്രങ്ങളിൽ ഉൾപ്പെടെ കയറുന്നതിനാൽ ഭക്ഷണം പാകം ചെയ്യാൻ പോലും കഴിയാത്ത അവസ്ഥയിലാണു നാട്ടുകാർ. കൈപ്പത്തിയോളം വലുപ്പമുണ്ട് ഇവയിൽ മിക്കതിനും. ഇവ പറ്റിപ്പിടിച്ചു കയറുമെന്നതിനാൽ വീടിന്റെ ജനാലകൾ പോലും തുറന്നിടാൻ കഴിയാത്ത അവസ്ഥയാണ്. 

ഇവയുടെ ശരീര സ്രവം ശുദ്ധജലത്തിൽ കലർന്നാൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമെന്നതിനാൽ ജനം ഭീതിയിലാണ്. കിണറിന്റെ പരിസരത്തും ഇവ കൂട്ടത്തോടെ പറ്റിപ്പിടിച്ചിരിക്കുന്നതിനാൽ ജല ശുചിത്വം ഉറപ്പാക്കാനും മാർഗമില്ല. നശിപ്പിക്കാൻ കാര്യക്ഷമമായ നടപടികളില്ല എന്നതാണ് ഇവയുടെ വ്യാപനത്തിന് ഇടയാക്കുന്നത്. വ്യവസായ മേഖലയായ ഏലൂർ, കളമശേരി നഗരസഭകളിൽ 5 വർഷമായി ഇവയുടെ സാന്നിധ്യമുണ്ടെങ്കിലും മഴക്കാലത്ത് എണ്ണം വർധിക്കുന്നു. പുത്തലത്ത് വാർഡിലാണ് ആഫ്രിക്കൻ ഒച്ചുകൾ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. 

 Giant African snail
ചമ്പന്നൂരിൽ വെള്ളമിറങ്ങിയപ്പോൾ വീടിന്റെ ഭിത്തികളിൽ കണ്ട ഒച്ചുകൾ.

വാഴ, പപ്പായ, പച്ചക്കറികൾ, ചെടികൾ എന്നിവയുടെ ഇലകളെല്ലാം ഇവ തിന്നു നശിപ്പിക്കും. വീടിന്റെ ഭിത്തികളുടെയും മതിലുകളുടെയും കുമ്മായവും ഇവയുടെ ആഹാരമാണ്. പേപ്പർ വരെ ഇവ തിന്നു തീർക്കും. കാക്കനാട് മേഖലയിലെ മതിലുകളിൽ പതിച്ച പോസ്റ്റർ ഉൾപ്പെടെ ഇവയുടെ ആഹാരമായി. കുട്ടികൾ ഇവകളിക്കാനെടുക്കുന്നതും രക്ഷിതാക്കളെ ബുദ്ധിമുട്ടിലാക്കുന്നു. 

മുൻപു ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി ബോധവൽക്കരണ ക്ലാസുകൾ നടത്തിയിരുന്നു. ഇവയെ കൂട്ടത്തോടെ ശേഖരിച്ച ശേഷം ഉപ്പുലായനി തളിക്കുകയാണു നശീകരണ മാർഗം. എന്നാൽ, ഇതു പൂർണമായി ഫലം ചെയ്യുന്നില്ല. ടിസിസിയിൽ നിന്ന് ഉപ്പ് സൗജന്യമായി നൽകിയിരുന്നു. വാർഡുകളിലേക്ക് ആവശ്യമായ ഉപ്പ് നഗരസഭകളിൽ നിന്നു ലഭ്യമാക്കുന്നുണ്ട്.

കളമശേരി നഗരസഭയിലെ ഒട്ടുമിക്ക വാർഡുകളിലും ഒച്ച് ശല്യം വലിയ തോതിലുണ്ട്. ഫോർട്ട്കൊച്ചി, തോപ്പുംപടി മേഖലകളിലും ശല്യം രൂക്ഷമായി. കലക്ടറേറ്റ് സിഗ്നൽ ജംക‍്ഷനിൽ നിന്നുള്ള ഇൻഫോപാർക്ക് റോഡിലെ ചെറിയ കുറ്റിച്ചെടികളിൽ വരെ ഒച്ചുകൾ പറ്റിപ്പിടിച്ചിരിക്കുന്നു. കലക്ടറേറ്റിനു മുൻപിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ ഒച്ചുകളുടെ വലിയ പട തന്നെയുണ്ട്. 

ഒച്ചിനെ തുരത്താം, ഇങ്ങനെ

ഒച്ചിനെ നിയന്ത്രിക്കാൻ പുകയിലയും തുരിശും ചേർന്ന മിശ്രിതം ഉപയോഗിക്കാം. മിശ്രിതം തയാറാക്കേണ്ട വിധം: 25 ഗ്രാം പുകയില ഒന്നര ലീറ്റർ വെള്ളത്തിൽ 10 മിനിറ്റ് തിളപ്പിക്കുക അല്ലെങ്കിൽ ഒരു ലീറ്റർ വെള്ളത്തിൽ 25 ഗ്രാം പുകയില ഉപയോഗിക്കുന്നതിന്റെ തലേ ദിവസം ഇട്ടുവയ്ക്കുക. 60ഗ്രാം തുരിശ് ഒരു ലീറ്റർ വെള്ളത്തിൽ ലയിപ്പിക്കുക. രണ്ടു ലായനികളും ഒന്നിച്ചു ചേർക്കുക. ഇൗ മിശ്രിതത്തെ അരിച്ചെടുക്കുക. ഇതു സ്പ്രേ ചെയ്യുക. പുകയിലയുടെയും തുരിശിന്റെയും അനുപാതം നിലനിർത്തി ആവശ്യാനുസരണം അളവ് കൂട്ടാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com