ADVERTISEMENT

വയനാട്ടിൽ മലവെള്ളമൊഴുകിയ വഴി കാട്ടാനകൾക്കു നാട്ടിലേക്കിറങ്ങാൻ പുതിയ പാത തുറക്കുന്നു. തുടർച്ചയായ രണ്ടാം പ്രളയം ഉൾക്കാടുകളിൽനിന്ന് പുതിയ വഴി തുറന്നുവെന്നും ഈ വഴിയിലൂടെ സുഗമമായി സഞ്ചരിച്ചു കൂടുതൽ കാട്ടാനകളും മറ്റു വന്യജീവികളും വനയോരഗ്രാമങ്ങളിലെത്താൻ ഇടയുണ്ടെന്നും പരിസ്ഥിതി പ്രവർത്തകർ പറയുന്നു. കഴിഞ്ഞ വർഷത്തെ പ്രളയത്തിനുശേഷം വയനാട്ടിലെങ്ങും വന്യമൃഗശല്യം രൂക്ഷമാണ്.

പ്രളയത്തിൽ സൗരവേലികൾ നശിക്കുകയും പ്രതിരോധ കിടങ്ങുകൾ നികന്നുപോവുകയും ചെയ്തപ്പോൾ പട്ടണമധ്യത്തിൽ പട്ടാപ്പകൽ പോലും കാട്ടാനയിറങ്ങി. രണ്ടാം പ്രളയത്തിനൊടുവിൽ മഴ മാറിനിന്ന ആദ്യദിനം തന്നെ കാട്ടാനശല്യം തുടങ്ങി. ഇന്നലെ കാട്ടിക്കുളത്ത് ജനവാസകേന്ദ്രത്തിലെത്തിയ കാട്ടാന സ്ത്രീയെ ആക്രമിച്ചു. പനമരം കൈതക്കൽ ജുമാമസ്ജിദിനു സമീപത്തും കാട്ടാനയിറങ്ങി. കടപുഴകിയ മരങ്ങളിൽ ചിലത് ആനയ്ക്ക് ഇഷ്ടമുള്ള ഭക്ഷ്യവസ്തുവാണ്.

വെള്ളം പോയ വഴിയിൽ തടസ്സമായിരുന്ന കല്ലും പാറകളും നീക്കിയതും കുത്തിയൊലിച്ചു പോയതും ആനകൾക്കു സൗകര്യമായി. മറിഞ്ഞുകിടക്കുന്ന മരങ്ങളുടെ കൂമ്പും മറ്റു ഭാഗങ്ങളും തിന്നാൻ എളുപ്പമാണെന്നതും ഇവയെ ആകർഷിക്കുന്നു. ശരീര വലുപ്പവും സ്വഭാവ സവിശേഷതകളും മൂലം കാട്ടാനകൾക്കു പ്രളയത്തെ അതിജീവിക്കാനുള്ള ശേഷി കൂടുതലാണെന്നു ഹെറിറ്റേജ് ആനിമൽ ടാസ്ക് ഫോഴ്സ് സെക്രട്ടറി വി.കെ. വെങ്കിടാചലം പറയുന്നു. 

എന്നാൽ, കീരി, കുറുക്കൻ, കേഴമാൻ, കുരങ്ങൻ തുടങ്ങിയ ജീവികൾ പ്രളയത്തിൽ നശിക്കാനുള്ള സാധ്യതയേറെയാണ്. കാട്ടുപന്നിയുടെ കുഞ്ഞുങ്ങളെ തിന്നുന്ന കീരികളുടെയും കുറുക്കന്മാരുടെയും എണ്ണം കുറ‍ഞ്ഞതാണു ഇവയുടെ എണ്ണം വർധിച്ചതിനു പ്രധാന കാരണമെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com