ADVERTISEMENT

മനുഷ്യർക്ക് മാത്രമല്ല ഇവയ്ക്കുമുണ്ട്  സുഹൃത്തുക്കൾ. പറഞ്ഞു വരുന്നത് തിരണ്ടികളെക്കുറിച്ചാണ്. തിരണ്ടികൾ ഏകാന്തവാസം ഇഷ്ടപ്പെടുന്നവരാണെന്നായിരുന്നു പൊതുവെയുള്ള ധാരണ. കാരണം ഇവ മിക്കപ്പോഴും ഒറ്റയ്ക്കാണ് സഞ്ചാരം. മിക്ക സമയത്തും സ്വന്തം വര്‍ഗത്തില്‍ പെട്ട മറ്റ് ജീവികളില്‍ നിന്ന് അകന്നു കാണപ്പെടുന്നതു കൊണ്ടുതന്നെ ഇവയെ ഒരു സാമൂഹിക ജീവിയായി കണക്കാക്കാന്‍ കഴിയില്ലെന്നായിരുന്നു ശാസ്ത്രത്തിന്‍റെ നിലപാട്. എന്നാല്‍ ഇവയെ കുറിച്ചുള്ള ചില പുതിയ പഠനങ്ങള്‍ തിരണ്ടികള്‍ അഥവാ മാന്‍റാറേ മത്സ്യങ്ങള്‍ അത്ര ഏകാകികളല്ലെന്ന് തെളിയിക്കുന്നതാണ്. 

തിരണ്ടികളുടെ സാമൂഹിക ജീവിതം

ഇര തേടുന്ന സ്ഥലങ്ങളിലും ശരീരം വൃത്തിയാക്കുന്ന ചെറുമീനുകളുള്ള സ്ഥലങ്ങളിലുമാണ് മാന്‍റാറേ മത്സ്യങ്ങളെ പൊതുവെ കൂട്ടത്തോടെ കാണാന്‍ സാധിക്കുക. മാന്‍റാറേകളുടെ ഈ കൂടിച്ചേരല്‍ യാദൃച്ഛികം മാത്രമാണെന്നാണ് ഗവേഷകര്‍ ഇതുവരെ കരുതിയിരുന്നത്. പക്ഷേ ഈ ധാരണ തെറ്റാണെന്ന് ഇന്തോനീഷ്യന്‍ തീരത്തു നടത്തിയ അഞ്ച് വര്‍ഷം നീണ്ട പഠനം തെളിയിക്കുന്നു. ഇങ്ങനെ കൂടിച്ചേരുന്ന ഇടങ്ങളില്‍ തിരണ്ടികള്‍ കണ്ടുമുട്ടുന്നത് സ്ഥിരം സുഹൃദ്വലയങ്ങളിലുള്ളവയെയാണെന്ന് ഈ പഠനത്തില്‍ കണ്ടെത്തി.

ഇന്തോനീഷ്യയിലെ രാജാ അമ്പട്ട് മറൈന്‍ പാര്‍ക്കിലെ 500 തിരണ്ടികളുടെ കൂട്ടങ്ങളെ കേന്ദ്രീകരിച്ചു നടത്തിയ പഠനത്തിലാണ് ഈ നിര്‍ണായക കണ്ടെത്തലുണ്ടായത്. ഭക്ഷണം തേടുന്ന ഇടങ്ങളിലും ശരീരം വൃത്തിയാക്കുന്ന ഇടങ്ങളിളിലുമുള്ള ഇവയുടെ കൂടിച്ചേരല്‍ ഈ ജീവിവര്‍ഗത്തിന്‍റെ തന്നെ ആരോഗ്യകരമായ നിലനില്‍പ്പിന് അനിവാര്യമാണെന്നും  ഇതിലൂടെ വ്യക്തമായെന്ന് മക്വെയര്‍ എന്ന ഓസ്ട്രേലിയന്‍ സര്‍വകലാശാലയിലെ സമുദ്രഗവേഷകനായ റോബ് പെറിമാന്‍ പറയുന്നു. 

സ്ഥിരം സുഹൃത്തുക്കള്‍

മറ്റ് പല ജീവികളേയും പോലെ ഇര തേടുന്ന പ്രദേശത്തെത്തിയതിനാല്‍ തിരണ്ടികള്‍ കൂട്ടത്തോടെ കാണപ്പെടുന്നതല്ല എന്നും ഗവേഷകര്‍ പറയുന്നു. ഈ കൂടിച്ചേരലുകളിലെല്ലാം ഒരു തിരണ്ടി ഇടപഴകുക തിരഞ്ഞെടുത്ത ചുരുക്കം ചില തിരണ്ടികളുമായി മാത്രമാണ്. ഈ തിരഞ്ഞെടുക്കപ്പെട്ട കൂട്ടത്തെയാണ് സ്ഥിരം സുഹൃത്തുക്കളായി ഗവേഷകര്‍ വിളിക്കുന്നത്. എല്ലാ കൂടിച്ചേരലുകളിലും ഈ സുഹൃദ്‌വലയത്തില്‍ പെട്ടവരാകും പരസ്പരം ഇടപഴകുകയെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്തോനീഷ്യയിലെ പഠനത്തില്‍ പ്രദേശത്തെ 600 തിരണ്ടികള്‍ തമ്മിലുള്ള 3200ല്‍ അധികം തവണ നടത്തിയ കൂടിച്ചേരലുകള്‍ ഗവേഷകര്‍ നിരീക്ഷിച്ചിരുന്നു. ഇതില്‍ നിന്ന് മറ്റൊരു കണ്ടെത്തലും ഗവേഷകര്‍ നടത്തുകയുണ്ടായി. പ്രദേശത്തെ തിരണ്ടികള്‍ക്കിടയില്‍ പ്രധനമായും രണ്ട് വിഭാഗങ്ങളുണ്ടെന്നു തിരിച്ചറിഞ്ഞു. ഒരു കൂട്ടത്തില്‍ പെണ്‍ തിരണ്ടികള്‍ മാത്രമാണുള്ളത്. മറ്റൊന്നില്‍ പെണ്‍ തിരണ്ടികളും കുട്ടികളും ചെറുപ്പക്കരായ ആണ്‍ തിരണ്ടികളുമുണ്ടായികുന്നു.

അതുകൊണ്ട് തന്നെ പെണ്‍ തിരണ്ടികളെയും യുവാക്കളായ ആണ്‍ തിരണ്ടികളെയും അപേക്ഷിച്ചു നോക്കിയാല്‍ മുതിര്‍ന്ന ആണ്‍ തിരണ്ടികള്‍ക്ക് ഈ കൂടിച്ചേരലുകളില്‍ വലിയ താല്‍പര്യമില്ലെന്നു കാണാന്‍ കഴിയും. അതേസമയം മുതിര്‍ന്ന പെണ്‍ തിരണ്ടികള്‍ ഇത്തരം കൂടിച്ചേരലുകളില്‍ സജീവമാണ്. ഒരു പക്ഷേ പെണ്‍ തിരണ്ടികള്‍ക്ക് പ്രാധാന്യമുള്ള ഘടനയാകാം തിരണ്ടികളുടെ സാമൂഹിക ജീവിതത്തിലുള്ളതെന്നും ഗവേഷകര്‍ കരുതുന്നു. മുതിര്‍ന്ന പെണ്‍ തിരണ്ടികളാണ് ഇത്തരം കൂടിച്ചേരലുകളിൽ ആദ്യം പങ്കെടുക്കുക.

തിരണ്ടികളുടെ ഈ കൂടിച്ചേരലിനെ പക്ഷേ തിമിംഗലങ്ങളുടേയും ഡോള്‍ഫിനുകളുടെയും സാമൂഹിക ജീവിതവുമായി താരതമ്യപ്പെടുത്താന്‍ കഴിയില്ലെന്ന് ഗവേഷകര്‍ പറയുന്നു. തിരണ്ടികള്‍ ശരീരം വൃത്തിയാക്കുന്നതിനും ഇര തേടുന്നിനും മറ്റുമുള്ള ഇടങ്ങളെ പൊതു ഇടങ്ങളാക്കി മാറ്റുകയാണ് ചെയ്യുന്നത്. ഈ സമയത്ത് സൗഹൃദം പങ്കിടുമെങ്കിലും ഇതിനു ശേഷം വീണ്ടു ഒറ്റയ്ക്കുള്ള ജീവിതത്തിലേക്ക് മടങ്ങുകയാണ് പതിവ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com