ADVERTISEMENT

നാടിന്റെ അരുമയായ  മണിയൻ ഇനി ഓർമ. പുൽപള്ളി വയനാട് വന്യജീവി സങ്കേതത്തിൽ നാട്ടുകാരുടെ കണ്ണിലുണ്ണിയായി വളർന്ന മണിയൻ കാട്ടാന മറ്റൊരു കൊമ്പന്റെ ആക്രമണത്തിലാണ് ദാരുമായി കൊല്ലപ്പെട്ടത്. കുറിച്യാട് റേഞ്ചിലെ ചെതലയം പുല്ലുമലയിൽ ശനിയാഴ്ച രാവിലെയാണ് ജഡം കണ്ടെത്തിയത്. തലയിലും ദേഹത്തും ആഴത്തിൽ മുറിവേറ്റിരുന്നു. മദപ്പാടുള്ള കൊമ്പനാണ് ആക്രമിച്ചതെന്ന് വനപാലകർ പറഞ്ഞു.‌

പുലർച്ചെ വനത്തിൽ നിന്ന് ആനയുടെ നിലവിളിയും കൊലവിളിയും കേട്ടതായി നാട്ടുകാരും പറഞ്ഞു. വനാതിർത്തിയിൽ നിന്ന് ഏറെ അകലെയല്ലാതെ പുല്ലുമലയിലാണ് ഇറക്കത്തിലേക്ക് മറിഞ്ഞ നിലയിൽ ജഡം കണ്ടെത്തിയത്. ആഴത്തിലുള്ള കുത്തേറ്റ് കരൾ, ശ്വാസനാളം ഉൾപ്പെടെ പ്രധാന അവയവങ്ങൾ തകർന്നുവെന്ന് പോസ്റ്റ്മോർട്ടം നടത്തിയ വനം വെറ്ററിനറി സർജൻ ഡോ. അരുൺ സഖറിയ പറഞ്ഞു.‌

40 വയസ്സുള്ള മണിയൻ 2 പതിറ്റാണ്ടോളം വന്യജീവി സങ്കേതത്തിൽ വിവിധ ഭാഗത്തായാണ് കഴിഞ്ഞത്. പല വട്ടമുണ്ടായ പരുക്കുകൾക്ക് ചികിത്സ നൽകാനും കോളർ ഘടിപ്പിക്കാനുമായി 2008 മുതൽ 5 തവണ മയക്കുവെടി നൽകിയെന്ന പ്രത്യേകതയുമുണ്ട്. ഇരുളം, ചെതലയം, വടക്കനാട്, കുപ്പാടി, മുത്തങ്ങ ഭാഗത്തെല്ലാം സ്ഥിരമായെത്തുന്ന ആന ജനവാസ കേന്ദ്രത്തിനടുത്താണ് തങ്ങിയിരുന്നത്.‌

എന്നാൽ, കൃഷി നശിപ്പിച്ചതായോ ആരെയെങ്കിലും ആക്രമിച്ചതായോ പരാതിയില്ല. ബത്തേരി, ഇരുളം ടൗണുകളിൽ പലപ്പോഴും എത്തിയിരുന്ന മണിയൻ കുപ്പാടിയിൽ കുട്ടികൾ ഫുട്ബോൾ കളിക്കുന്ന സ്ഥലത്തും പതിവുകാരനായിരുന്നു. ആളുകൾ കൊടുക്കുന്ന പഴങ്ങളും പലഹാരങ്ങളുമെല്ലാം വാങ്ങിക്കഴിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുമുണ്ട്.

ആനയുടെ അടുത്തെത്തി പടമെടുക്കുന്നതും യാത്രക്കാരുടെ പതിവായിരുന്നു. ബത്തേരി– പുൽപള്ളി റൂട്ടിൽ സദാസമയവും റോഡിൽ നിലയുറപ്പിച്ചിരുന്ന ആന കാൽചുവട്ടിലെത്തുന്ന വാഹനങ്ങൾക്കു നേരെ പോലും തിരിയാറില്ലായിരുന്നു.‌

മണിയന്റെ വേർപാട് വനാതിർത്തിയിലെ  ജനങ്ങൾക്കും വനപാലകർക്കും ദുഖഃകരമായി. ഒട്ടേറെ പേർ വനത്തിലെത്തിയിരുന്നു. ആനയുടെ ജഡം ജനവാസ കേന്ദ്രത്തിനടുത്തായതിനാൽ 3 കിലോമീറ്റർ അകലെ ഉൾവനത്തിലെത്തിച്ചാണ് പോസ്റ്റ്മോർട്ടം നടത്തിയത്. വൈൽഡ് ലൈഫ് വാർഡൻ പി.കെ.ആസിഫ്, കുറിച്യാട് റേഞ്ച് ഓഫിസർ പി.രതീശൻ എന്നിവരുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തീകരിച്ചു.

നാട്ടുകാരുടെ മണിയൻ ഇനി ഓർമ

കാട്ടാനകളെല്ലാം അപകടകാരികളല്ലെന്ന് രണ്ടു പതിറ്റാണ്ടോളം സാക്ഷ്യം നൽകി വനപാതകളിൽ നിറഞ്ഞു നിന്ന മണിയന്റെ വേർപാടിൽ മനം നൊന്ത് നാട്ടുകാർ . ആരെയും ആക്രമിക്കാതെയും കൃഷി നശിപ്പിക്കാതെയും കുട്ടികളുടെയും മുതിർന്നവരുടെയും കണ്ണിലുണ്ണിയായി വളർന്ന മണിയന്റെ മുന്നിലൂടെ നടക്കാൻ സ്കൂൾ വിദ്യാർത്ഥികൾക്കും ഭയമില്ലായിരുന്നു. ഇരുളം മുതൽ ചെതലയം വരെയുള്ള വനമേഖലയായിരുന്നു മണിയന്റെ സ്ഥരം കേന്ദ്രം. മദ്യപിച്ച് ലക്കുകെട്ട് മണിയന്റെ കൊമ്പിലാടിയ ആളെ തട്ടിമാറ്റി വനത്തിലേക്ക് കയറിപ്പോയതും ആനയെ ഭയന്ന് മണിയന്റെ മുന്നിൽ വീഴുന്ന ബൈക്ക് യാത്രക്കാരുടെ മുന്നിൽ നിന്ന് മാറിപ്പോകുന്ന കാഴ്ചകളും സമൂഹ മാധ്യമങ്ങളിലൂടെ വയനാട്ടുകാർ കണ്ടതാണ്.

കുട്ടികൾ ഫുട്ബോൾ കളിക്കുമ്പോൾ ഗ്രൗണ്ടിൽ ഇറങ്ങിചെല്ലുന്നതും വഴിയാത്രക്കാരിൽ നിന്ന് പഴങ്ങളും മറ്റും വാങ്ങിക്കഴിക്കുന്നതും സ്ഥിരം കാഴ്ചയയിരുന്നു. നേരം പുലരുംവരെ  ഇരുളം അങ്ങാടിയിൽ തങ്ങി ഉപ്പും പഴത്തൊലികളും മാത്രം ഭക്ഷിച്ച് മടങ്ങിയിരുന്ന മണിയൻ  ഒരിക്കലും പ്രശ്നക്കാരനായിരുന്നില്ല. ഇരുളം വനത്തിൽ ഗോത്രജനങ്ങൾ കുടിൽ കെട്ടി സമരം ആരംഭിച്ച് അവിടെ താമസം തുടങ്ങിയപ്പോൾ മണിയൻ അവരുടെ കാവലാളായി സ്ഥിരം കഴിഞ്ഞു.

ഇന്നലെ പുലർച്ചെയാണ് ആനകൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ മണിയൻ ചെതലയം വനത്തിലെ പുല്ലുമലയിൽ ദാരുണമായി കൊല്ലപ്പെട്ടത്. ആഴത്തിലുള്ള മുറിവുകളും ആന്തരിക രക്തസ്രാവവും മരണം വേഗത്തിലാക്കിയെന്ന് പോസ്റ്റ്മോർട്ടം ചെയ്ത വനം വെറ്ററിനറി സർജൻ ഡോ. അരുൺ സഖറിയ പറഞ്ഞു. കരൾ, ശ്വാസകോശം തുടങ്ങി എല്ലാ പ്രധാന അവയവങ്ങളും തകരാറിലായി. വൈൽഡ് ലൈഫ് വാർഡൻ പി.കെ.ആസിഫ്, റേഞ്ച് ഓഫിസർ പി.രതീശൻ എന്നിവരുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തീകരിച്ചു. മണിയനെ സ്നേഹിച്ചിരുന്ന നിരവധിയാളുകൾ വനത്തിലെത്തിയിരുന്നു.

വന്യജീവി സങ്കേതത്തിലെ മുത്തങ്ങ, ബത്തേരി, കുറിച്യാട്, ചെതലയം റേഞ്ചുകളായിരുന്നു മണിയന്റെ ആവാസ കേന്ദ്രം. ഇടയ്ക്ക് താവളം മാറ്റുന്ന മണിയൻ കുറെക്കാലം കഴിയുമ്പോൾ മടങ്ങിയെത്തുമായിരുന്നു. കല്ലൂർ കൊമ്പനും വടക്കനാട് കൊമ്പനുമെല്ലാം നാട് വിറപ്പിച്ചപ്പോഴും ശാന്തനായി  മണിയൻ മറ്റ് കേന്ദ്രങ്ങളിലേക്ക് മാറിപ്പോയി. വനപാലകർക്കും ആദിവാസികൾക്കും വനാതിർത്തിയിലെ താമസക്കാർക്കും മണിയനെ കുറിച്ച് പരാതിയൊന്നുമില്ല.

വേണ്ടപ്പെട്ടവർ മരിച്ചാലുണ്ടാകുന്ന സങ്കടങ്ങളും വികാര പ്രകടനങ്ങളുമാണ് ഇന്നലെ മണിയന്റെ മരണത്തിലും പുല്ലുമലയിലും കാണാനായത്. നിരവധിയാളുകൾ മണിയനെ അവസാനമായി കാണാനെത്തി. ഇവിടെ നിന്ന് സ്ഥലം മാറിപ്പോയ ചില വനപാലകരും എത്തിയിരുന്നു. മനുഷ്യരും വന്യജീവികളും തമ്മിൽ സംഘർഷം വർധിക്കുന്ന നാട്ടിൽ മണിയനും നാട്ടുകാരും തമ്മിലുണ്ടായിരുന്നത് അത്യപൂർവമായൊരു സ്നേഹബന്ധവും കരുതലുമായിരുന്നു.

അഞ്ചുതവണ മയക്കുവെടി നൽകിയെന്ന അപൂർവതയുള്ള മണിയനെ അത്യാഹിത ഘട്ടങ്ങളിൽ ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവന്ന ഡോക്ടർ അരുൺ സഖറിയയ്ക്കുതന്നെ ആനയുടെ പോസ്റ്റുമോർട്ടവും നടത്തേണ്ടി വന്നു. 2008 ലാണ്  ആദ്യം മയക്കി വീഴ്ത്തിയത്. അപൂർവങ്ങളിൽ അപൂർവമായ ഒരു കാട്ടാനയാണ് മണിയനെന്നാണ് ഡോക്ടറുടെ അഭിപ്രായം. കുത്തിവയ്പ് നടത്തിയപ്പോഴും മുറിവുകളിൽ അണുനാശിനിയുപയോഗിച്ചപ്പോഴും ശാന്തനായി നിന്ന ആന.

കാട്ടിലെ ശത്രുക്കളെ ഭയന്നാണ് മണിയൻ വനാതിർത്തിയും ജനവാസ മേഖലകളും കേന്ദ്രീകരിച്ച് കഴിഞ്ഞത്. പലവട്ടം മണിയന് കാട്ടാനകളുടെ ആക്രമണം ഏൽക്കേണ്ടി വന്നു. കുത്തേറ്റ് കാലിന് മുറിവുണ്ടായി. വാൽ മുറിഞ്ഞു. കൊമ്പുകൾ വളർന്ന് കൂടിചേർന്നതോടെ തുമ്പിക്കൈ അനായാസം ചലിപ്പിക്കാനും എതിരാളിയെ ആക്രമിക്കാനും കഴിയാതായി. ശാന്തശീലനായതിനാൽ മറ്റ് മൃഗങ്ങളുടെ ആക്രമണം മണിയന് നേരെയായിരുന്നു.

കുത്തുകളേറ്റുവാങ്ങിയപ്പോഴും തിരിച്ച് ആക്രമിക്കാതെ മണിയന്‍

ആക്രമിക്കാനെത്തിയ കൊമ്പന്റെ കുത്തുകള്‍ ഒന്നിനു പുറകെ ഒന്നായി ഏറ്റുവാങ്ങുമ്പോഴും മണിയന്‍ തിരിച്ച് പ്രതികരിച്ചിട്ടേയില്ലെന്നാണ് സംഭവ സ്ഥലത്തു നിന്നുള്ള ലക്ഷണങ്ങളിലൂടെ വ്യക്തമാകുന്നത്്. ഈയൊരു സ്വഭാവ സവിശേഷത കൊണ്ടു തന്നെയാകണം മണിയന്‍ നാട്ടുകാരോടു കൂട്ടുകൂടി ജനവാസ കേന്ദ്രങ്ങളോടു ചേര്‍ന്ന് എന്നും കഴിഞ്ഞത്.

ആക്രമണങ്ങളിലോ കൊമ്പന്‍മാര്‍ തമ്മിലുള്ള കൊമ്പുകോര്‍ക്കലുകളിലോ പങ്കെടുക്കാതെ ജനവാസ കേന്ദ്രങ്ങള്‍ക്കടുത്തായിരുന്നു ംഎന്നും മണിയന്‍. മദപ്പാടു വരുമ്പോള്‍ മാത്രം കാടു കയറാറുള്ള മണിയന്‍ മറ്റ് ആനകളുടെ ആക്രമണത്തിനിരയായാണ് പലപ്പോഴും തിരിച്ചെത്താറെന്ന് ഫോറസ്റ്റ് വെറ്റിറിനറി ഓഫിസര്‍ ഡോ. അരുണ്‍ സഖറിയ പറയുന്നു.

മണിയന്റെ കൊമ്പുകള്‍ നീണ്ടു വളഞ്ഞാണ് ഇരിക്കുന്നതെങ്കിലും വേണമെന്നു വച്ചാല്‍  ആക്രമണം നടത്താന്‍ പാകത്തില്‍ ഒരു കൊമ്പ് നല്ലവണ്ണം കൂര്‍ത്തതാണ്. എന്നാല്‍ .ഇന്നലെ കൊമ്പന്‍മാര്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ മണിയന്റെ  കൊമ്പില്‍ ഒരു തുള്ളി രക്തം പോലും ഉണ്ടായിരുന്നില്ല.അതു തന്നെ മണിയന് ആരേയും ആക്രമിക്കണമെന്ന തോന്നലില്ലെന്നതിന്റെ തെളിവാണ്.ഇത്തരത്തിലുള്ള പ്രത്യേക സ്വഭാവ സവിശേഷതകള്‍ തന്നെയാണ് മണിയന്റെ  നാട്ടുചങ്ങാത്തത്തിന്  അടിസ്ഥാനമെന്ന് ഡോ. അരുണ്‍ സഖറിയ പറയുന്നു. 

അസാധാരണ ബന്ധത്തിന്റെ പ്രതീകം

മനുഷ്യരും കാട്ടാനകളും തമ്മിലുള്ള അസാധാരണ ബന്ധത്തിന്റെ പ്രതീകമായിരുന്ന മണിയൻ ആനയ്ക്ക് ഇരുളത്ത് സ്മാരകം നിർമിക്കണമെന്ന് അനുസ്മരണ യോഗത്തിൽ ആവശ്യമുയർന്നു. ശനിയാഴ്ച പുലർച്ചെ ചെതലയം പുല്ലുമലയിൽ മറ്റൊരു കൊമ്പന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട കരിവീരന്റെ വിയോഗത്തിൽ അനുശോചിച്ച് നടത്തിയ പരിപാടിയിലാണ് ആവശ്യമുയർന്നത്. വനംവകുപ്പ് ഇതിനു മുൻകയ്യെടുക്കണം. നാട്ടുകാരും സംഘടനകളും സഹായവും പിന്തുണയും നൽകുമെന്നു യോഗം ഉറപ്പുനൽകി.

മണിയന്റെ ദാരുണമരണത്തിൽ അനുശോചിച്ച് ഇരുളത്ത് മൗനജാഥയും നടത്തി. സംഘാടകർ ആരുമില്ലാതിരുന്ന ഈ പരിപാടി, മണിയനെ സ്നേഹിക്കുന്ന നാട്ടുകാർ തന്നെ രാവിലെ അങ്ങാടിയിൽ ഒത്തുകൂടി നടത്തുകയായിരുന്നു. വനപാതയിലെ യാത്രക്കാരെ കാണുമ്പോൾ ഒതുങ്ങിനിന്ന് സൗകര്യം ഒരുക്കി നൽകിയിരുന്ന മണിയൻ വനാതിർത്തിയിൽ തങ്ങളുടെ കാവൽക്കാരനായിരുന്നുവെന്ന് യോഗം ചൂണ്ടിക്കാട്ടി. നാട്ടുകാരുടെ സ്നേഹവും വാത്സല്യവും ഏറ്റുവാങ്ങി 20 വർഷത്തോളം പ്രദേശത്തുണ്ടായിരുന്ന മണിയനെക്കുറിച്ച് ഓരോരുത്തർക്കും വ്യത്യസ്ത അനുഭവങ്ങൾ പങ്കുവയ്ക്കാനുണ്ടായിരുന്നു.

സർവകക്ഷി അനുശോചന യോഗത്തിൽ എൻ.എം. രംഗനാഥ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ടി. ആർ.രവി, എ.ജെ.കുര്യൻ, സി.പി. സുനിൽ, ഒ.പി.സുകുമാരൻ, എസ്.ജി. സുകുമാരൻ, എം.എസ്. പ്രഭാകരൻ, മുഹമ്മദ് ബഷീർ എന്നിവർ പ്രസംഗിച്ചു. വിവിധ സംഘടനകൾ മണിയന് ആദരാഞ്ജലിയർപ്പിച്ച് വിവിധ സ്ഥലങ്ങളിൽ ബാനറുകൾ സ്ഥാപിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com