sections
MORE

കലിഫോര്‍ണിയന്‍ തീരത്ത് കണ്ടെത്തിയത് ഇരട്ടത്തലയുള്ള ആമയെ; ചിത്രങ്ങൾ കൗതുകമാകുന്നു!

Two-Headed Turtle on a South Carolina Beach
Image Credit: Facebook
SHARE

ലോകത്തെ മിക്ക കടലമാകളും മുട്ടയിടുന്നത് കടല്‍ തീരങ്ങളിലാണ്. അതുകൊണ്ട് തന്നെ ഈ മുട്ട വിരിഞ്ഞ് പുറത്തേക്കെത്തുന്ന കുട്ടികള്‍ക്ക് തുടക്കം മുതല്‍ തന്നെ അതീജീവനം കഠിനമായ ഒരു വെല്ലുവിളി തന്നെയാണ്. മണല്‍പ്പരപ്പിലൊരുക്കിയ കൂട്ടില്‍ മുട്ടത്തോടിന്‍റെ സുരക്ഷിതത്വത്തില്‍ നിന്ന് പുറത്തു വരുമ്പോള്‍ മുതല്‍ ഈ വെല്ലുവിളികള്‍ ആരംഭിക്കും. നായ്ക്കളും, ഞണ്ടുകളും, പക്ഷികളും, സ്രാവുകളുമെല്ലാം വേട്ടക്കാരാണെങ്കില്‍ മനുഷ്യരുടെ കൃത്രിമ വിളക്കുകളും ഇവയെ വഴി തെറ്റിച്ച് കരയിലേക്കെത്തിക്കുന്നതിലൂടെ മരണത്തിനു കാരണമാകുന്നവയാണ്.

ഇക്കാര്യത്തില്‍ ഒഡിഷയിലെ ഒലിവ് റിഡ്ലി കടലാമകളായാലും കൂറ്റന്‍ ഗ്രീന്‍ ആമകളായാലും അമേരിക്കയിലെ ലോഗര്‍ഹെഡ് ആമകളായാലും കുട്ടികള്‍ നേരിടുന്ന വെല്ലുവിളിയില്‍ വ്യത്യാസമില്ല. ഈ വെല്ലുവിളികള്‍ക്കൊപ്പം തന്നെ മണല്‍പ്പരപ്പിലൂടെ യാത്ര ചെയ്ത് കടലിലേക്കെത്തുന്നതും ഈ കുഞ്ഞന്‍ ആമകള്‍ക്ക് വിഷമകരമായ കാര്യമാണ്. ഇതിനിടയിലാണ് കലിഫോര്‍ണിയയിലെ കടല്‍തീരത്ത് മുട്ട വിരിഞ്ഞു പുറത്തുവന്ന കുഞ്ഞന്‍മാര്‍ക്കിടയില്‍ ഒരു ഇരട്ടത്തലയനെ കണ്ടെത്തിയത്.

ഇരട്ടത്തലയന്‍ ആമ

സൗത്ത് കരലൈനയിലെ ഹില്‍ട്ടണ്‍ ദ്വീപിന്റെ തീരത്താണ് ഇരട്ട തലയുള്ള ലോഗര്‍ ഹെഡ് വിഭാഗത്തില്‍ പെടുന്ന കുഞ്ഞന്‍ ആമയെ കണ്ടെത്തിയത്. വളരെ അപൂര്‍വമായി മാത്രമാണ് ആമകളില്‍ ഇങ്ങനെ ഇരട്ടത്തലയുമായി ജനിതക പ്രത്യേകതയുള്ള കുഞ്ഞുങ്ങള്‍ ജനിക്കാറുള്ളത്. ജെയ്മി ഡോവിഡ്സണ്‍ ലോപ്കോ എന്ന പരിസ്ഥിതി പ്രവര്‍ത്തകനാണ് ഈ ആമയെ കണ്ടെത്തിയ വിവരം ഫേസ്ബുക്കി ലൂടെ പങ്കുവച്ചത്. ഏതാനും വര്‍ഷം മുന്‍പ് വരെ വലിയ വെല്ലുവിളി നേരിട്ടിരുന്ന ഹില്‍ട്ടണ്‍ ദ്വീപിലെ ആമകളുടെ മുട്ടയിടീല്‍ കേന്ദ്രം സംരക്ഷിക്കാന്‍ മുന്നോട്ടു വന്നവരില്‍ പ്രധാനിയാണ് ജെയ്മി ഡേവിഡ്സണ്‍.

സംരക്ഷണ ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഇപ്പോഴും അമേരിക്കയില്‍ അതീവ വംശനാശ ഭീഷണി നേരിടുന്ന ആമ വര്‍ഗമാണ് ലോഗര്‍ ഹെഡുകള്‍. അതുകൊണ്ട് തന്നെ ഇക്കൂട്ടത്തിലെ ഓരോ കുഞ്ഞിനെയും കണ്ടെത്തി അവ കടലിലേക്ക് പോകുന്നു എന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉറപ്പു വരുത്താറുണ്ട്. കൂട്ടത്തോടെ ആമ മുട്ടകള്‍ വിരിയുന്ന ദിവസങ്ങളില്‍ തീരത്തേക്കെത്തിയ വോളന്‍റിയര്‍മാരാണ് ഇരട്ട തലയുള്ള ആമകുട്ടിയെ കണ്ടെത്തിയത്.

മറ്റ് ആമ കുഞ്ഞുങ്ങളെ അപേക്ഷിച്ച് ഇത്തരം ജനിതക വ്യതിയാനമുള്ള ആമക്കുട്ടികള്‍ അതിജീവിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് ജെയ്മി ഡേവിഡ്സണ്‍ പറയുന്നു. മണലില്‍ ഇഴയുന്നതില്‍ മുതല്‍ ഈ ആമ മറ്റ് കുട്ടികളില്‍ നിന്ന് വളരെ പിന്നിലായിരുന്നു. കടലിലേക്കെത്തിയാലും ഇര തേടലുള്‍പ്പെടെ എല്ലാ കാര്യത്തിലും ഇതിന് ബുദ്ധിമുട്ടു നേരിടും. വേഗത്തില്‍ നീന്താനും ഇരട്ട തലകള്‍ തടസ്സമാകും. ഇത് വേഗത്തില്‍ വേട്ടക്കാരായ ജീവികളുടെ വായില്‍ പെടാനുള്ള സാദ്ധ്യതയും വർധിപ്പിക്കും.

പക്ഷേ ഇത്തരം വെല്ലുവിളികളുണ്ടെങ്കിലും ആമക്കുഞ്ഞ് അതിന്‍റെ സ്വാഭാവികതയില്‍ ജീവിക്കട്ടെ എന്നാണ് ഒടുവില്‍ വനം വന്യജീവി വകുപ്പും, പരിസ്ഥിതി പ്രവര്‍ത്തകരും തീരുമാനിച്ചത്. അതുകൊണ്ട് തന്നെ മറ്റ് ആമക്കുഞ്ഞുങ്ങൾക്കൊപ്പം ഈ ജനിതക മാറ്റം സഭവിച്ച ആമക്കുട്ടിയേയും കടലിലേക്ക് വിട്ടു. കടലിലേക്കെത്തുന്ന ആമ കുട്ടികളില്‍ ആയിരത്തിലൊന്നു മുതല്‍ പതിനായിരത്തിലൊന്ന് വരെ മാത്രമാണ് പ്രായപൂര്‍ത്തിയാകുന്നത് വരെ ജീവിച്ചിരിക്കുക. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
FROM ONMANORAMA