3 വർഷത്തിനിടെ പാറക്കെട്ടിൽ തെന്നി വീണ് ചത്തത് 20 ലേറെ കാട്ടുപോത്തുകൾ
Mail This Article
മറയൂർ പള്ളനാട് മംഗളപാറ ആറ്റിലെ പാറക്കെട്ടിൽ തെന്നിവീണ് കാട്ടുപോത്തുകൾ ചത്തു. കഴിഞ്ഞ ദിവസം രാത്രി വനത്തിൽ നിന്നും സ്വകാര്യ ഭൂമിയിലേക്ക് കടക്കും വഴിയാണ് കാട്ടുപോത്തുകൾ ആറ്റിലെ മിനുസമുള്ള പാറക്കെട്ടിൽ തെന്നി വീണ് ചത്തത്. പാറയിലൂടെ തെന്നി 150 അടിയോളം ഊർന്നിറങ്ങി വീഴുകയായിരുന്നു. പ്രദേശവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് വനപാലക സംഘമെത്തി പരിശോധന നടത്തി. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടുകൂടി വെറ്ററിനറി സർജനെത്തി പോസ്റ്റ് മോർട്ടം നടത്തി മറവു ചെയ്തു.
പള്ളനാട് മംഗളപാറ ആറ്റിലെ പാറക്കെട്ടിൽ തെന്നിവീണ് കാട്ടുപോത്തുകൾ ചത്തൊടുങ്ങുന്നത് പതിവാകുമ്പോഴും സംരക്ഷണം ഒരുക്കാൻ നടപടിയില്ല. കാട്ടുപോത്തുകൾ വനത്തിനുള്ളിൽ നിന്നും ഗ്രാമങ്ങളിലേക്ക് കടക്കുന്ന ഭാഗത്തായുള്ള മിനുസമുള്ള പാറയിൽ തെന്നിവീഴുന്നതാണ് മരണത്തിന് കാരണമാകുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇത്തരത്തിൽ ഇവിടെ ചത്തൊടുങ്ങിയത് ഇരുപതിലേറെ കാട്ടുപോത്തുകളാണ്. വ്യാപകമായി കാട്ടുപോത്തുകൾ ചത്തൊടുങ്ങുമ്പോഴും ഈ പ്രദേശത്ത് വേലിപോലുള്ള സംരക്ഷണ മാർഗങ്ങൾ ഏർപ്പെടുത്തിയില്ലായെന്ന ആരോപണവും ശക്തമാണ്.