sections
MORE

തടാകത്തിനടിയില്‍ നിന്നു തല നീട്ടുന്ന രാക്ഷസജീവി; ലോക് നെസ് മോൺസ്റ്റർ യഥാർഥത്തില്‍ കൂറ്റന്‍ ഈലോ?

 Loch Ness Monster
SHARE

ലോകത്തിലെ പല ഭാഗങ്ങളിലും പല അജ്ഞാത ജീവികളെക്കുറിച്ചും പുറത്തുവരുന്ന കഥകൾ ഇന്നും ആളുകളുടെ പ്രിയപ്പെട്ട വിഷയങ്ങളാണ്. ഹിമാലയത്തിലെ യതി, അമേരിക്കയിലെ ബിഗ് ഫൂട്ട് തുടങ്ങിയവയെല്ലാം ഇതിനുദാഹരണങ്ങളാണ്. ഈ ഗണത്തില്‍ പെടുന്ന ഒന്നാണ് സ്കോട്‌ലന്‍ഡിലെ ലോക് നെസ്സ് തടാകത്തിലുണ്ടെന്നു പറയപ്പെടുന്ന  നെസി എന്നു വിളിയ്ക്കുന്ന രാക്ഷസജീവി. രൂപത്തില്‍ ഏതാണ്ട് ജുറാസിക് പാര്‍ക്ക് സിനിമകളിലെ സസ്യഭുക്കായ ദിനോസറുകളോടു സാമ്യം തോന്നുന്ന ഈ രാക്ഷസജീവിയെക്കുറിച്ചുളള്ള സത്യമറിയാന്‍ അടുത്തിടെ ഗവേഷകര്‍ തടാകത്തില്‍ നിന്ന് ഡിഎന്‍എ സാംപിളുകള്‍ ശേഖരിച്ചിരുന്നു.

ഡിഎന്‍എ സാംപിളുകളുടെ പരിശോധനാഫലം ഇത്തരം കഥകൾ വിശ്വസിക്കുന്നവരെ നിരാശപ്പെടുത്തുന്നതാണ്. സാധാരണ ആ തടാകത്തില്‍ കാണപ്പെടുന്ന ജീവികളുടെയല്ലാതെ മറ്റൊന്നിന്‍റെയും ഡിഎന്‍എ ജലത്തില്‍ കണ്ടെത്താനായിട്ടില്ലെന്നാണ് ഗവേഷകര്‍ വ്യക്തമാക്കിയത്. എന്നാല്‍ ഇതേ പഠന ഫലം തന്നെ ഈ മിത്തിനെ കുറിച്ചുള്ള ചില സാധ്യതകളും തുറന്നിടുന്നുണ്ട്. ഒരു പക്ഷേ ഈ ജീവിയായി തെറ്റിധരിക്കപ്പെടുന്നത് അസാധാരണ വലിപ്പമുള്ള ഈൽ മത്സ്യം ആയേക്കാമെന്നാണ് ഗവേഷകരുടെ കണക്കു കൂട്ടല്‍.

ഡിഎന്‍എ പഠനം

Loch Ness lake

ന്യൂസീലന്‍ഡിലെ ഒട്ടാഗോ സര്‍വകലാശാലയില്‍ നിന്നുള്ള ഗവേഷകരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ പഠനം നടത്തിയത്. ഭീകര ജീവിയല്ലെങ്കില്‍ അതാണെന്ന് തെറ്റിധരിക്കപ്പെടാന്‍ സാധ്യതയുള്ള ഏതെങ്കിലും സ്രാവിന്‍റെയോ, ക്യാറ്റ് ഫിഷ് അഥവാ മുഷി വിഭാഗത്തില്‍ പെട്ട കൂറ്റന്‍ മത്സ്യത്തിന്‍റെയോ ഡിഎന്‍എ ഈ തടാകത്തിലെ ജലത്തില്‍ നിന്നു ലഭിച്ചില്ല. മറിച്ച് തടാകത്തില്‍ ഇല്ലെന്നു കരുതിയ ഈല്‍ വിഭാത്തില്‍ പെട്ട മത്സ്യത്തിന്‍റെ ഡിഎന്‍എ ധാരാളമായി ജലത്തില്‍ കണ്ടെത്തി.

1933 ലാണ് ഇത്തരം ഒരു ജീവിയെ തടാകത്തില്‍ കണ്ടെതായി ആദ്യമായി റിപ്പോര്‍ട്ട് പുറത്തു വരുന്നത്. അന്ന് തന്നെ ഒരു പക്ഷേ ഈ ജീവി ഒരു കൂറ്റന്‍ ഈല്‍ ആയേക്കാമെന്ന സാധ്യത ചിലരെങ്കിലും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ തടാകത്തില്‍ കണ്ടു എന്നു പറയപ്പെടുന്ന ജീവിക്ക് കാലുകളുണ്ടായിരുന്നു എന്ന അനുമാനത്തെ തുടര്‍ന്ന് ഈല്‍ എന്ന സാധ്യത തള്ളിക്കളയുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ തടാകത്തിലെ വെള്ളം ശേഖരിച്ച എല്ലാ മേഖലയിലും ഈല്‍ മത്സ്യത്തിന്‍റെ സാന്നിധ്യം കണ്ടെത്താനായെന്ന് ഗവേഷകര്‍ വിശദീകരിച്ചു. 

Loch Ness Monster

ഒരു കാലത്ത് ഇതേ തടാകത്തിലെ യീലുകള്‍ ഏതാണ്ട് പൂര്‍ണമായും അപ്രത്യക്ഷമായിരുന്നു. ഇതും ഒരു പക്ഷേ അജ്ഞാത ജീവി ഈല്‍ ആയിരിക്കില്ല എന്ന ധാരണയിലേക്ക് കാര്യങ്ങളെത്തിച്ചു. എന്നാല്‍ അടുത്തിടെയായി വലിയ ഈലുകളെ തടാകത്തില്‍ കണ്ടതായി നിരവധി ദൃക്സാക്ഷികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമെയാണ് ഈലിന്‍റെ ഡിഎന്‍എയും ധാരാളമായി കണ്ടെത്തിയത്. ഈ സാഹചര്യത്തെളിവുകളെല്ലാം തന്നെ ഈൽ മത്സ്യത്തിനെയാകാം അജ്ഞാത ജീവിയായി തെറ്റിധരിരിച്ചതെന്ന ധാരണ ശക്തിപ്പെടുത്തുന്നതാണ്.

യൂറോപ്യന്‍ ഈലുകള്‍

അജ്ഞാത ജീവി ഈലുകളായിരിക്കാം എന്ന ധാരണയും ആശയക്കുഴപ്പം പരിഹരിക്കാനുള്ള തൃപ്തികരമായ കാരണമല്ല. കാരണം യൂറോപ്യന്‍ ഈലുകളുടെ പരമാവധി നീളം ഒന്നര മീറ്ററാണ്. പക്ഷേ അജാഞാതജീവി അഥവാ നെസ്സി എന്ന ഭീകര ജീവിയുടെ വലുപ്പം ഇതിലും പല ഇരട്ടിയാണ്. അത് കൊണ്ട് തന്നെ എങ്ങനെ ഈലിന്‍റെ സാന്നിധ്യത്തെയും നെസിയെക്കുറിച്ചുള്ള വിവരണത്തെയും ബന്ധിപ്പിക്കുമെന്നതും ഒരു നിര്‍ണായക ചോദ്യമാണ്. 

സ്കോട്‌ലന്‍ഡിലെ തന്നെ ല്യൂര്‍ബോസ്റ്റ് തടാകത്തിലും സമാനമായ ഒരു അജ്ഞാത ജീവിയെക്കുറിച്ചുള്ള കഥകള്‍ നിലനില്‍ക്കുന്നുണ്ട്. 1868 ലാണ് ഈ ജീവിയെ ആദ്യമായി കണ്ടതായി പറയപ്പെടുന്നത്. പക്ഷേ നെസിയിലും വ്യത്യസ്തമായി ല്യൂര്‍ബോസ്റ്റിലെ ജീവിക്ക് ഈലുമായി ഒട്ടേറെ സാമ്യതകളുണ്ട്. അതുകൊണ്ട്  തന്നെ ല്യൂര്‍ബോസ്റ്റിലെ അജ്ഞാതജീവി ഒരു പക്ഷെ ഈലോ, ഈലുകളോ ആയിരിക്കാമെന്ന നിഗമനത്തിലാണ് ഗവേഷകര്‍ ഇപ്പോഴുള്ളത്. അതുകൊണ്ട് തന്നെ നെസ് തടാകത്തിലെ പഠനം ആ മേഖലയിലെ ദുരൂഹത നീക്കാന്‍ സഹായിച്ചില്ലെങ്കിലും ല്യൂര്‍ബോസ്റ്റിലെ ജീവിയെ വിവരിക്കാന്‍ സഹായകരമായി എന്ന വിശ്വാസത്തിലാണ് ഗവേഷകർ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
FROM ONMANORAMA