ADVERTISEMENT

ദിനോസറുകളുടെ കാലത്ത് വടക്കേ അമേരിക്ക ലോകത്തെ ഏറ്റവും വലിയ പല പക്ഷികളുടെയും വിഹാര കേന്ദ്രമായിരുന്നു. എന്നാല്‍ ഇവയില്‍ ഏറ്റവും വലിയ പക്ഷി ഏതെന്നത് എന്നും ഗവേഷകരില്‍ സംശയമുണര്‍ത്തിയിരുന്നു ചോദ്യമാണ്. എന്നാല്‍ ഇപ്പോള്‍ ശാസ്ത്രലോകം കണ്ടെത്തിയ പുതിയൊരു ഉരഗവര്‍ഗത്തില്‍പെട്ട  ജീവിയാണ് ലോകത്ത് ജീവിച്ചിരുന്നതില്‍ വച്ച് ഏറ്റവും വലിയ പറക്കും ജീവിയെന്നാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. ടെറോസോര്‍ എന്നതാണ് ഈ ജീവിക്ക് ഗവേഷകര്‍ നല്‍കിയിരിക്കുന്ന പേര്. 

ഡ്രാഗണ്‍ പക്ഷി

കാനഡയിലെ ആല്‍ബര്‍ട്ടായില്‍ നിന്നാണ് ഈ ജീവികളുടെ ഫോസില്‍ കണ്ടെത്തിയത്. ആഷ്ഡാർച്ചിഡ്സ് എന്ന വിഭാഗത്തില്‍ പെട്ട പറക്കും ഉരഗങ്ങളുടെ ഒരു അംഗമായാണ് ടെറോസോറിനെയും ഗവേഷകര്‍ തിരിച്ചറിഞ്ഞിരിക്കുന്നത്. ക്രയോ ഡ്രാഗണ്‍ ബ്രോകിയാസ് എന്നതാണ് ഈ ജീവികള്‍ക്ക് ഗവേഷകര്‍ നല്‍കിയിരിക്കുന്ന ശാസ്ത്രീയ നാമം. കോള്‍ഡ് ഡ്രാഗണ്‍ ഇന്‍ ദി നോര്‍ത്ത് വിന്‍ഡ്സ് എന്നാണറിയപ്പെടുന്നത്.

ഏതാണ്ട് 77 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഈ ജീവികള്‍ ഭൂമിയില്‍ ജീവിച്ചിരുന്നത്. ഈ ജീവികളുടെ ഒരു ചിറകിനു തന്നെ ഏകദേശം 10 മീറ്റര്‍ വലുപ്പം ഉണ്ടായിരുന്നുവെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഒരു ചെറിയ വിമാനത്തേക്കാളും വലുപ്പം ഈ ജീവിയുടെ ആകെ ശരീരത്തിനുണ്ടായിരുന്നു എന്നതാണ് ഗവേഷകരുടെ നിഗമനം. ഏതാണ്ട് 30 വര്‍ഷം മുന്‍പാണ് ഈ ജീവികളുടെ ഫോസില്‍ ഗവേഷകര്‍ക്കു ലഭിക്കുന്നത്.  അഷ്ഡാച്ചിര്‍ഡ് വിഭാഗത്തില്‍ തന്നെ പെട്ട ക്വസ്റ്റാക്ലോറ്റസ് എന്ന കൂറ്റന്‍ പറക്കും ജീവിയുടേതാണ് ഈ ഫോസിലെന്നാണ് ഗവേഷകര്‍ കരുതിയിരുന്നത്. എന്നാല്‍ ഫോസിലില്‍ വിശദമായ പഠനം നടത്തിയതോടെ ഇതിന്‍റെ ചിറകിന് പത്തര മീറ്ററിലധികം നീളമുണ്ടെന്നു വ്യക്തമായി. ഇതോടെയാണ് ഫോസിലുകള്‍ മറ്റേതോ ജീവിവര്‍ഗത്തിന്‍റേതാണെന്ന നിഗമനത്തില്‍ ഗവേഷകരെത്തിയത്.

തുടര്‍ന്ന് ഈ ഫോസില്‍ ലഭിച്ച ആല്‍ബര്‍ട്ടാ ദിനോസര്‍ പാര്‍ക്കില്‍ വിശദമായ പര്യവേഷണം തന്നെ ഗവേഷകര്‍ നടത്തി. ഈ പഠനത്തില്‍ ടെറോസോറുകളുടെ കൂടുതല്‍ ഫോസിലുകള്‍ ലഭ്യമായി. ഈ ഫോസിലുകള്‍ക്കിടയില്‍ താടിയെല്ലിനുണ്ടായിരുന്ന സാമ്യതയാണ് ഇവയെല്ലാം ഒരേ വിഭാഗത്തില്‍ പെട്ട ജീവികളാണെന്നു തിരിച്ചറിയാന്‍ സഹായിച്ചത്. പിന്നീട് അമേരിക്കന്‍ ഭൂഖണ്ഡത്തിനു പുറത്തു നിന്നും ഈ ജീവികളുടെ ഫോസിലുകള്‍ തിരിച്ചറിയപ്പെട്ടു. ഭൂമിയിലെ എല്ലാ വന്‍കരകളിലും ഈ പക്ഷികളുടെ സാന്നിധ്യമുണ്ടായിരുന്നു എന്നതാണ് ഇപ്പോള്‍ ഗവേഷകര്‍ കരുതുന്നത്.

ടെറോസോര്‍

അഷ്ഡാച്ചിര്‍ഡ് വിഭാഗത്തില്‍ പെട്ട മറ്റ് ജീവികളില്‍ നിന്ന് ടെറോസോറസിനെ വ്യത്യസ്തമാക്കുന്നത് അവയുടെ കഴുത്തെല്ലു തന്നെയാണ്. കഴുത്തെല്ലില്‍ ആഷ്ഡാർച്ചിഡ്സ് വിഭാഗത്തില്‍ പെട്ട മറ്റ് ജീവികളേക്കാള്‍ ഒരു ദ്വാരം കൂടുതലുണ്ട് എന്നതാണ് ടെറോസോറസുകളെ തിരിച്ചറിയാനുള്ള എളുപ്പ മാര്‍ഗം. ശരീരവുമായി താരതമ്യപ്പെടുത്തുമ്പോള്‍ അസാധാരണ വലുപ്പമുള്ള തലകളാണ് ഈ ജീവികള്‍ക്കുണ്ടായിരുന്നത്. കൂടാതെ നീളമുള്ള കഴുത്തും നീണ്ട കാലുകളും, വലുപ്പമേറിയ കാൽപാദങ്ങളുമെല്ലാം ഇവയെ വ്യത്യസ്തമാക്കിയിരുന്ന ശാരീരിക ഘടകങ്ങളാണ്.

ഏതാണ്ട് 76 മുതല്‍ 74 ദശലക്ഷം വര്‍ഷം മുന്‍പാണ് ഈ ജീവികളുടെ ഫോസിലുകള്‍ ഭൂമിയുടെ ഭാഗമായതെന്നു കരുതുന്നത്. അതുകൊണ്ട് തന്നെ ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും പഴക്കമേറിയ ആഷ്ഡാർച്ചിഡ്സ് ജീവികളും ടെറോസോറുകളാണ്. ശരീരഭാരത്തിന്‍റെ കാര്യത്തിലും ഇവ പറക്കും ജീവികള്‍ക്കിടയിലെ ഭീമന്‍മാരായിരുന്നു എന്നാണ് കരുതുന്നത്. ഏതാണ്ട് 250 കിലോഗ്രാമായിരുന്നു ഈ ജീവികളുടെ ഭാരം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com