ADVERTISEMENT

എര്‍ച്ചിന്‍ എന്നത് ലോകത്തെ എല്ലാ സമുദ്രങ്ങളിലും കാണപ്പെടുന്ന ആഴക്കടല്‍ ജീവികളാണ്. കരയിലെ മുള്ളന്‍ പന്നികളെ പോലെ ദേഹമാസകലം മുള്ളകളുള്ള ഇവയ്ക്ക് കടല്‍ച്ചൊറി എന്ന പേരു കൂടിയുണ്ട്. പലപ്പോഴും ഇവയുടെ മുള്ള് കൊണ്ടാല്‍ നേരിയ വിഷം ഉള്ളില്‍ ചെല്ലുന്നത് വഴി ചൊറിച്ചിലുണ്ടാകുന്നതിനാലാണ് ഇത്തരം ഒരു പേര് ലഭിച്ചത്. പക്ഷേ പുറത്തുള്ള മുള്ളുകളേക്കാള്‍ പ്രത്യേകതയുള്ള ഒരു അവയവം ഇവയ്ക്കുണ്ട്. അത് ഇവയുടെ പല്ലുകളാണ്.

വായ് നിറയെ പല്ലുകളുള്ള കടല്‍ ജീവിയെന്നാണ് സീ എര്‍ച്ചിന്‍ അറിയപ്പെടുന്നത്. യഥാര്‍ത്ഥത്തില്‍ അഞ്ച് പല്ലുകള്‍ മാത്രമാണ് സീ എര്‍ച്ചിനുകള്‍ക്കുള്ളത്. അഞ്ച് പല്ലുകള്‍ മാത്രമുണ്ടായിട്ടും ഇവയ്ക്ക് വായ് നിറയെ പല്ലുകളുള്ള ജീവി എന്ന പേര് ലഭിക്കാന്‍ കാരണം അവയുടെ വായുടെ വലുപ്പക്കുറവാണ്. വായ് തുറന്നു വച്ചാല്‍ ഈ ജീവിയുടെ അഞ്ച് പല്ലുകളും വട്ടത്തില്‍ കാവല്‍ക്കാരെ പോലെ നില്‍ക്കുന്നത് വ്യക്തമായി കാണാന്‍ കഴിയും. ശരീരത്തിന് അടിവശത്തായാണ് ഈ ജീവികളുടെ വായ സ്ഥിതി ചെയ്യുന്നത്.

വായ നിറയെ പല്ലുണ്ടെന്നു മാത്രമല്ല ഈ പല്ലുകള്‍ അതീവ മൂര്‍ച്ചയുള്ളതുമാണ്. മനുഷ്യരെ കടിക്കാനായി ഈ പല്ലുകള്‍ സീ എര്‍ച്ചിനുകള്‍ ഉപയോഗിക്കാറില്ല. പക്ഷേ ഇരകളെ ഒരു കടിക്കു തന്നെ രണ്ട് കഷണമായി മുറിക്കാന്‍ തക്ക മൂര്‍ച്ച ഇവയുടെ പല്ലിനുണ്ട്. കൂടാതെ മറ്റ് ചില ആവശ്യങ്ങള്‍ക്കു കൂടി സീ എര്‍ച്ചിനുകള്‍ പല്ലുകള്‍ ഉപയോഗിക്കാറുണ്ട്. പാറക്കെട്ടുകളിലും പവിഴപ്പുറ്റുകളിലും മറ്റും അള്ളിപ്പിടിച്ചിരിക്കാനും അതുവഴി ശത്രുക്കളില്‍ നിന്ന് ഒളിക്കാനും ഇവയെ സഹായിക്കുന്നത് ഈ പല്ലുകളാണ്. 

പാറ തുളയ്ക്കുന്ന പല്ലുകള്‍

സമീപകാലത്ത് നടത്തിയ ചില പഠനങ്ങള്‍ പക്ഷേ അമ്പരപ്പിക്കുന്ന മറ്റുചില കണ്ടെത്തലുകള്‍ കൂടി നടത്തിയിരുന്നു. സീ എര്‍ച്ചിനുകള്‍ക്ക് പല്ലുകള്‍ ഉപയോഗിച്ച് പാറക്കല്ലുകളും കട്ടിയുള്ള പവിഴപ്പുറ്റുകളും തുളയ്ക്കാന്‍ കഴിയുമെന്നാണ് ഗവേഷകര്‍ തിരിച്ചറിഞ്ഞത്. ഇങ്ങനെ പാറയും മറ്റും തുളച്ച് ഇവ ഉള്ളില്‍ ഒളിച്ചിരിക്കാറുണ്ടെന്നും പഠനത്തില്‍ വ്യക്തമായി. ശത്രുക്കളില്‍ നിന്ന് രക്ഷനേടാണ് ഇവ ഈ അറ്റകൈ പ്രയോഗിക്കാറുള്ളത്.

അതേസമയം ഇങ്ങനെ പാറയും മറ്റും തുളയ്ക്കുമ്പോള്‍ ഇവയുടെ പല്ലിന് കേടുപാടുകള്‍ സംഭവിക്കുന്നില്ല എന്നതാണ് ഗവേഷകരെ അമ്പരപ്പിച്ച മറ്റൊരു കാര്യം. എന്താണ് പാറ തുളയ്ക്കാന്‍ തക്ക കെല്‍പ്പുള്ള ആരോഗ്യം ഈ ജീവികളുടെ പല്ലിന് നല്‍കുന്നതെന്ന ചോദ്യത്തിനും ഇപ്പോള്‍ ഗവേഷകര്‍ ഉത്തരം കണ്ടെത്തിയിരിക്കുകയാണ്. പാറ പല്ലുകള്‍ ഉപയോഗിച്ച് തുളയ്ക്കുമ്പോള്‍ അത് എര്‍ച്ചിനുകളുടെ പല്ലുകളുടെ മൂര്‍ച്ച കൂട്ടുന്നുവെന്ന ഊഹം ശരിവയ്ക്കുന്നതാണ് പുതിയ കണ്ടെത്തല്‍.

കത്തിയും മറ്റും അരം ഉപയോഗിച്ച് മൂര്‍ച്ച കൂട്ടുന്നതിന് തുല്യമായ പ്രവര്‍ത്തിയാണ് പാറ തുളയ്ക്കുമ്പോള്‍ എര്‍ച്ചിനുകളുടെ പല്ലുകള്‍ക്ക് സംഭവിക്കുന്നതെന്നാണ് നോര്‍ത്ത് വെസ്റ്റേണ്‍ സര്‍വകലാശാലയിലെ ഗവേഷകനായ ഹൊരാഷിയോ എസ്പിനോസോ നടത്തിയ പഠനം പറയുന്നത്. ഇതിന് കാരണം ഈ ജീവികളുടെ പല്ലുകള്‍ക്ക് പുറമെ പൊതിഞ്ഞിരിക്കുന്ന വസ്തുവാണെന്ന് എസ്പിനോസോ പറയുന്നു. മനുഷ്യരുടെ പല്ലിനു പുറമെ കാണപ്പെടുന്ന ഇനാമല്‍ പോലെയാണ് ഈ വസ്തുവും സ്ഥിതി ചെയ്യുന്നത്. എന്നാൽ ഇവയുടെ പ്രവര്‍ത്തനം വ്യത്യസ്തമാണെന്നു മാത്രം.

ഇനാമല്‍ ഒരിക്കല്‍ പല്ലില്‍ നിന്ന് നഷ്ടമായാല്‍ അത് വീണ്ടും ഉണ്ടായി വരില്ല. പക്ഷേ സ്റ്റോണ്‍ എന്ന് വിളിക്കുന്ന എര്‍ച്ചിനുകളുടെ പല്ലിന് പുറമെയുള്ള വസ്തു വീണ്ടും നിര്‍മിക്കപ്പെടുന്നവയാണ്. മാത്രമല്ല ഇവ പഴയതു നഷ്ടമായി പുതിയവ വരുന്നതോടെ പല്ലിന് മൂര്‍ച്ചയും വർധിക്കും. ഇതാണ് പാറകളും ,പവിഴപ്പുറ്റുകളും മറ്റും തുരക്കാനുള്ള കരുത്ത് ഉര്‍ച്ചിനുകള്‍ക്ക് നല്‍കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com