ADVERTISEMENT

ഷെര്‍ലക് ഹോംസ് കഥകളിലെ വിചിത്ര സംഭവങ്ങളെ അനുസ്മരിപ്പിക്കും വിധമാണ് യുഎസിലെ കിഴക്കന്‍ ഒാറിഗണിലെ കന്നുകാലികള്‍ നേരിടുന്ന ദുരവസ്ഥ. പുല്‍മേടുകള്‍ നിറഞ്ഞ ഈ മേഖലയിലെ പ്രധാന വരുമാനമാര്‍ഗമാണ് കാലിവളര്‍ത്തലും അനുബന്ധ വ്യവസായങ്ങളും. ഈ പ്രദേശത്താണ് അംഗച്ഛേദം നടത്തി കൊലപ്പെടുത്തിയ നിലയില്‍ കാലികളെ കാണാന്‍ തുടങ്ങിയിരിക്കുന്നത്. 1970 കളിലും സമാനമായ രീതിയിൽ ഈ പ്രദേശത്ത് കന്നുകാലികൾ കൊലചെയ്യപ്പെട്ടിരുന്നു.

ജനനേന്ദ്രിയങ്ങള്‍ മുറിച്ചു മാറ്റപ്പെട്ട നിലയിലാണ് കൊല്ലപ്പെട്ട എല്ലാ കാളകളുടെയും ശരീരങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്. കാളകളുടെയും പശുക്കളുടെയും നാക്കുകളും വാലുകളും മുറിച്ചു മാറ്റിയിരുന്നു. ഏറ്റവുമൊടുവില്‍ അഞ്ച് കാളകളെയാണണ് സമാനമായ രീതിയില്‍ കണ്ടെത്തിയത്. 1970കളിലാണ് ഇത്തരം സംഭവങ്ങള്‍ വ്യാപകമായിരുന്നതെങ്കിലും 1980 കളില്‍ ഒരു തവണയും കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ മൂന്ന് തവണയും അംഗച്ഛേദം നടത്തിയ കാലികളുടെ ശരീരം കണ്ടെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരാഴ്ചയ്ക്കിടെ അഞ്ച് കാലികള്‍ കൊല്ലപ്പെട്ടത് പ്രദേശത്തെ ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്.

ഇക്കാര്യത്തില്‍ ആശങ്കയറിയിച്ച് ഓറിഗണ്‍ കാറ്റില്‍ ഓണേഴ്സ് അസോസിയേഷന്‍ പ്രസ്താവനയും പുറത്തിറക്കിയിരുന്നു. കൊല്ലപ്പെട്ട  കന്നുകാലികളൊന്നും വെടിയേറ്റോ, വിഷം ചെന്നോ, ഏതെങ്കിലും ജീവികളുടെ ആക്രമണത്തിലോ അല്ല കൊല്ലപ്പെട്ടതെന്നു വ്യക്തമാണെന്ന് ഇതില്‍ പറയുന്നു. കൂടാതെ ഈ ജീവികളെല്ലാം തന്നെ അംഗച്ഛേദത്തെ തുടര്‍ന്ന് ചോര വാര്‍ന്നാണ് ജീവൻവെടിഞ്ഞതെന്ന് ശാസ്ത്രീയ പരിശോധനയിൽ വ്യക്തമായിരുവെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. 

70 കളിലെ കൂട്ടക്കൊല

1970 മുതല്‍75 വരെയുള്ള കാലത്ത് ഏതാണ്ട് മൂന്നൂറിലധികം കന്നുകാലികള്‍ ഈ നിലയില്‍ കൊല്ലപ്പെട്ടതായി കണ്ടെത്തിയിരുന്നു. ന്യൂയോര്‍ക്ക് ടൈംസിന്‍റെ അന്നത്തെ റിപ്പോര്‍ട്ട് പ്രകാരം 1975 ല്‍ മാത്രം ഇരുന്നൂറിന് മുകളില്‍ കാലികളാണ് കൊല്ലപ്പെട്ടത്. അമേരിക്കയെ തന്നെ ഞെട്ടിച്ച ഈ സംഭവത്തില്‍ അന്ന് ദേശീയ അന്വേഷണ ഏജന്‍സി പോലും ഒരു തുമ്പ് പോലും കണ്ടെത്താനാകാതെ പരാജയപ്പെട്ടു മടങ്ങുകയായിരുന്നു. കൂടാതെ അക്കാലത്ത് ശൂന്യാകാശത്തേയ്ക്ക് നടത്തിയ യാത്രകള്‍ മൂലം ഭൂമിയിലേക്കെത്തിയ അന്യഗ്രഹ ജീവികളാണ് ഈ കൂട്ടക്കൊലയ്ക്ക് പിന്നിലെന്ന് ഒരു വിഭാഗത്തിന്‍റെ ആരോപണം ശരിയായേക്കാമെന്ന് പൊലീസ് പോലും വിലയിരുത്തിയെന്നതാണ് മറ്റൊരു വിരോധാഭാസം.

അന്യഗ്രഹ ജീവികളുമായി മാത്രമല്ല വിയറ്റ്നാം യുദ്ധവുമായും ഈ സംഭവത്തെ ബന്ധിപ്പിച്ച് കെട്ടുകഥകളുണ്ടായിരുന്നു. അമേരിക്കയിലേക്ക് ഒളിച്ചു കടന്ന വിയറ്റ്നാം പോരാളികളാണ് ഇത് ചെയ്തതെന്നും ചിലര്‍ വിശ്വസിച്ചു. പക്ഷേ കെട്ടുകഥകള്‍ക്ക് അപ്പുറത്തേക്ക് പോയി സത്യം കണ്ടെത്താന്‍ ആര്‍ക്കും സാധിച്ചിട്ടില്ലെന്നു മാത്രം. സമാനമായ സംഭവങ്ങള്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയതോടെ കുറ്റവാളിയെ കണ്ടെത്തുന്നവര്‍ക്കോ വിവരം നല്‍കുന്നവര്‍ക്കോ 1000 മുതല്‍ 25000 ഡോളര്‍ വരെയാണ് വിവിധ ഫാമുകള്‍ സമ്മാനതുകയായി പ്രഖ്യാപിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com