ആഴക്കടലിലെ നീരാളികളുടെ ശരീരം മുഴുവന്‍ മുഴകൾ; കണ്ടെത്തലിൽ അമ്പരന്ന് ഗവേഷകർ?

 Octopuses Get Wartier The Deeper They Live In The Ocean
A warty-skinned octopus living about 9,000 feet below the surface of the ocean.Image Credit: ROV Jason
SHARE

നീരാളികളെ പൊതുവെ സുന്ദരന്‍ ജീവികളായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഈ ജീവികളെ ഓമനിച്ചു വളര്‍ത്തുന്നവർ നിരവധിയുണ്ട്. എന്നാല്‍ എല്ലാ നീരാളികളും ഇതു പോലെ സുന്ദരന്‍മാരോ സുന്ദരികളോ അല്ല. കടലിന്‍റെ കൂടുതല്‍ ആഴത്തിലേക്ക് പോകുന്തോറും നീരാളികളുടെ ശരീരത്തിലും മാറ്റങ്ങള്‍ വരുന്നുണ്ട്. മിക്ക നീരാളികളുടെയും പുറം ഭാഗം മൃദുലമായതും തിളങ്ങുന്നതും ആണെങ്കില്‍ സമുദ്രത്തിന്‍റെ അടിത്തട്ടിനോടു ചേര്‍ന്ന് ജീവിക്കുന്നവയുടെ സ്ഥിതി വ്യത്യസ്തമാണ്. 9000 അടി മുതല്‍ താഴേക്ക് കാണപ്പെടുന്ന നീരാളികളുടെ ശരീരം മുഴുവന്‍ മുഴകൾ നിറഞ്ഞ രൂപത്തിലാണ് കാണപ്പെടുക.

ശരീരത്തില്‍ മുഴുവന്‍ ചെറു മുഴകളോടെ കാണപ്പെടുന്നതിനാല്‍ ഈ നീരാളികള്‍ കാഴ്ചയില്‍ സുന്ദരൻമാരല്ലെന്നു മാത്രമല്ല ചിലര്‍ക്ക് അറപ്പും തോന്നിയേക്കാം. ഈ മുഴകള്‍ മനുഷ്യരില്‍ വരുന്ന അരിമ്പാറകള്‍ക്കു തുല്യമാണെന്നാണ് ഗവേഷകര്‍ പറയുന്നത്. പക്ഷേ ആഴക്കടലിലെ നീരാളികളില്‍ ഇവ ജനനം മുതല്‍ തന്നെ ശരീരത്തിന്‍റെ ഭാഗമാണെന്നു മാത്രം. എന്തുകൊണ്ട് സമുദ്രത്തിലെ ഒരു പ്രത്യേക ആഴത്തിലുള്ള നീരാളികള്‍ക്കു മാത്രം ഈ ശാരീരിക പ്രത്യേകയുണ്ടാകുന്നു എന്നതിനുത്തരം കണ്ടെത്താനായാണ് ചില ഗവേഷകര്‍ മുന്നോട്ടിറങ്ങിയത്.

ജാനറ്റ് വോയ്സ് എന്ന സമുദ്ര ഗവേഷകയും ഒരു സംഘം മുങ്ങല്‍വിദഗ്ധരും ഇതിനായി സമുദ്രത്തിന്‍റെ അടിത്തട്ടില്‍ നാല് കിലോമീറ്റര്‍ വരെ ആഴത്തില്‍ യാത്ര ചെയ്യുകയുണ്ടായി. പസിഫിക് സമുദ്രത്തില്‍ കലിഫോര്‍ണിയ മുതല്‍ വാഷിങ്ടണ്‍ വരെയുള്ള മേഖലയിലെ കടലില്‍ നിന്ന് ഇവര്‍ അന്‍പതോളം നീരാളികളുടെ സാംപിളുകള്‍ ശേഖരിച്ചു. ശരീരം മുഴുവന്‍ മുഴകള്‍ കാണപ്പെടുന്ന നീരാളികള്‍ ഒരേ വര്‍ഗത്തില്‍പെട്ടവയാണെന്ന ധാരണ മാറ്റാനാണ് ഈ പഠനം ആദ്യം സഹായിച്ചത്. മുഴകള്‍ കാണപ്പെടുന്ന നീരാളികള്‍ പല വര്‍ഗത്തില്‍ പെടുന്നവയാണെന്ന് ഗവേഷകര്‍ കണ്ടെത്തി.

കൂടാതെ മേല്‍ത്തട്ടില്‍ കാണപ്പെടുന്ന നീരാളികളുമായി ജനിതക ബന്ധം പോലും മുഴകള്‍ കാണപ്പെടുന്ന പല നീരാളികള്‍ക്കുമുണ്ടെന്നും ഇവര്‍  തിരിച്ചറിഞ്ഞു. ഇതോടെയാണ് ജീവിക്കുന്ന മേഖലയുമായി ബന്ധപ്പെട്ടാണ് ഈ നീരാളികളുടെ ശരീരത്തിൽ മുഴകൾ കാണപ്പെടുന്നതെന്ന നിഗമനത്തില്‍ ഗവേഷകരെത്തിയത്. കൂടാതെ ഇത്തരത്തില്‍ അടിത്തട്ടിനോട് ചേര്‍ന്ന് മേല്‍പ്പരപ്പില്‍ നിന്ന് നിശിചിത ദൂരമേഖലയില്‍ ജീവിക്കുന്ന നീരാളികള്‍  പൊതുവെ വലുപ്പം കുറഞ്ഞതും മുഴകളുള്ള ശരീരത്തോട് കൂടിയവയുമാണെന്ന് ഗവേഷകര്‍ തിരിച്ചറിഞ്ഞു. മാത്രമല്ല ഇര തേടാനും ഏതെങ്കലും പ്രതലത്തില്‍ പറ്റിപ്പിടിക്കാനും ഇവയെ സഹായിക്കുന്ന കാലുകളിലെ വായു അറകള്‍ ഈ നീരാളികള്‍ക്ക് കുറവാണെന്നും ഗവേഷകര്‍ കണ്ടെത്തി.

സമുദ്രത്തില്‍ 3000 മുതല്‍ 8000 മീറ്റര്‍ വരെ ആഴത്തിലാണ് ഈ  മുഴകളുള്ള ശരീരത്തോടു കൂടിയ നീരാളികൾ കാണപ്പെടുന്നത്. പക്ഷേ ഇപ്പോഴും ഉത്തരം കിട്ടാതെ ഒരു ചോദ്യം ബാക്കിയാണ്. എന്താണ് ഈ ജീവികളുടെ മുഴകളുടെ പിന്നിലെ രഹസ്യമെന്നോ, ഈ മുഴകള്‍ നീരാളികള്‍ക്ക് ഏതെങ്കിലും തരത്തില്‍ ഗുണകരമാണെന്നോ പഠനത്തില്‍ കണ്ടെത്താനായിട്ടില്ല. അതേസമയം ഈ മേഖലയിലെ നീരാളികളുടെ ശരീരത്തിന്‍റെ വലുപ്പം കുറഞ്ഞതിനിനു പിന്നിലെ രഹസ്യത്തെപ്പറ്റി ഗവേഷകര്‍ ചില നിഗമനങ്ങളില്‍ എത്തിയിട്ടുണ്ട്. ആഴക്കടലിലെ ഉയര്‍ന്ന മര്‍ദത്തിലുള്ള ജീവിത സാഹചര്യത്തില്‍ വേട്ടയാടലും മറ്റ് ജീവിത ചര്യകളും അത്ര എളുപ്പമല്ല. അതിനാല്‍ തന്നെ പരിണാമത്തിന്‍റെ ഭാഗമായി ഈ നീരാളികള്‍ ഭക്ഷണം കുറച്ചതാകാമെന്നും അതുവഴി തലമുറകള്‍ തോറും ഇടുന്ന മുട്ടയുടേയും ഉണ്ടാകുന്ന കുട്ടികളുടേയും വലുപ്പം കുറഞ്ഞു വന്നതാകാമെന്നുമാണ് ഗവേഷകരുടെ നിഗമനം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
FROM ONMANORAMA