sections
MORE

13.5 കിലോ തൂക്കം, എട്ടടി നീളം; ചാമംപതാലിൽ നിന്ന് പിടികൂടിയത് കൂറ്റൻ പെരുമ്പാമ്പിനെ!

python captured in Chamampathal
SHARE

ചാമംപതാൽ രണ്ടാം മൈലിന് സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്ന് പെരുമ്പാമ്പിനെ പിടിച്ചു.തിങ്കൾ രാത്രി ഏഴു മണിയോടു കൂടിയാണ് 13.5 കിലോ തൂക്കവും എട്ടടിയിലേറെ നീളവുമുള്ള പെരുമ്പാമ്പിനെ പിടിച്ചത്.പെരുമ്പാമ്പിനെ നാട്ടുകാർ ചാക്കിൽ സൂക്ഷിച്ചിരിക്കയാണ്. വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥർ എത്തുന്ന മുറയ്ക്ക്  വനം വകുപ്പിന് കൈമാറും.

പെരുമ്പാമ്പിനെ എന്തു ചെയ്യണം?

നിരുപദ്രവകാരിയായ ജീവിയാണ് പെരുമ്പാമ്പ്. ഇരപിടിക്കാന്‍ കാട്ടിൽ നിന്നിറങ്ങുമെങ്കിലും എവിടെയെങ്കിലും അടങ്ങിയൊതുങ്ങി ചുറ്റിക്കിടന്നുകൊള്ളും. അപകടമുണ്ടാക്കുമെന്നു ഭയമുണ്ടെങ്കിൽ ഉടനെ വനപാലകരെ അറിയിക്കുകയാണു വേണ്ടത്. സംരക്ഷിത ജീവികളുടെ പട്ടികയിലുള്ള ജീവിയാണ് പെരുമ്പാമ്പ്. ഉപദ്രവിച്ചാല്‍ മൂന്നുവർഷം കഠിനതടവും 25,000 രൂപ പിഴയും ലഭിക്കും. സാധാരണ ഗതിയില്‍ ജാമ്യവും ലഭിക്കില്ല. ‍‍പാവം ജീവിയെ പിടികൂടി ദ്രോഹിക്കുന്നതു ധീരകൃത്യമല്ല. പെരുമ്പാമ്പ് സാധാരണ ഗതിയില്‍ മനുഷ്യരെ ഉപദ്രവിക്കാറില്ല. വീടിനു തൊട്ടടുത്തു കോഴിക്കൂടോ മുയൽക്കൂടോ ഉണ്ടെങ്കിൽ മാത്രമേ അത് വീട്ടിൽക്കയറി വരാറുള്ളൂ. പെരുമ്പാമ്പിനെ പിടികൂടുന്നുണ്ടെങ്കിൽത്തന്നെ അതിനെ ഉപദ്രവിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. 

പെരുമ്പാമ്പ് വിശേഷം

മൂന്നു മീറ്റർവരെ സാധാരണഗതിയിൽ പെരുമ്പാമ്പുകൾവളരും. ഏഴു മീറ്ററിനുമേൽ നീളമുള്ളവയെയും രേഖപ്പെടുത്തിയിട്ടുണ്ട്. തവിട്ടുനിറമുള്ള ശരീരത്തിലെ പുള്ളികൾക്കു വിളർത്ത നിറമാണ്. ഏതാണ്ട് അറ്റം മുറിച്ച ത്രികോണാകൃതിയാണ് തലയ്‌ക്ക്. അടിവശം മുഷിഞ്ഞ വെള്ളയും.

മലകളിലും തീരപ്രദേശങ്ങളിലെ കണ്ടൽക്കാടുകളിലും ചതുപ്പുകളിലുമൊക്കെ പെരുമ്പാമ്പുകൾ കാണപ്പെടുന്നു. ഉഷ്‌ണരക്‌തമുള്ള ജീവികളാണ് പ്രധാന ആഹാരം. വലിയ പെരുമ്പാമ്പുകൾ കാട്ടുപന്നിയെയും മാനുകളെയുമൊക്കെ വിഴുങ്ങുന്നു. എലികൾ, മറ്റു ചെറുമൃഗങ്ങൾ, പക്ഷികൾ എന്നിവയൊക്കെ പെരുമ്പാമ്പിന്റെ ആഹാരമാണ്. രാത്രിഞ്ചരനാണ് പെരുമ്പാമ്പ്.

ഒറ്റത്തവണ നൂറിലധികം മുട്ടകളിടും. പെൺപാമ്പ് ചുറ്റിവരിഞ്ഞ് മുട്ടകൾക്ക് ചൂടും ഈർപ്പവും നഷ്‌ടപ്പെടാതെ സൂക്ഷിക്കുന്നു. മുട്ടകൾ വിരിയാൻ 60-80 ദിവസങ്ങൾവരെ എടുക്കും. പെരുമ്പാമ്പിന്റെ മാംസം ഭക്ഷിക്കുന്നവരുണ്ട്. പെരുമ്പാമ്പിന്റെ നെയ്യും മാംസവും ഔഷധഗുണമുള്ളതാണെന്നുള്ള വിശ്വാസമാണ് ഇതിനു പ്രധാന കാരണം. എന്നാൽ പെരുമ്പാമ്പിന്റേതെന്നല്ല, ഒരു ജീവിയുടെയും മാംസത്തിനോ കൊഴുപ്പിനോ ഔഷധമൂല്യമുള്ളതായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. 1972-ലെ വന്യജീവി സംരക്ഷണനിയമപ്രകാരം ഒന്നാം പട്ടികയിൽ ഉൾപ്പെടുത്തി സംരക്ഷിച്ചിട്ടുള്ള പാമ്പുകളിൽ ഒന്നാണ് പെരുമ്പാമ്പ്. വലക്കണ്ണി മലമ്പാമ്പ്, മുട്ടതീനിപ്പാമ്പ് എന്നിവയാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുത്തി സംരക്ഷിക്കപ്പെട്ടിട്ടുള്ള മറ്റ് രണ്ടു പാമ്പുകൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA