ADVERTISEMENT

നിലമ്പൂരിലെ വനമേഖലയിൽ ജനിച്ചതു കൊണ്ടാകണം ലോറിയിൽ യാത്ര ചെയ്യാൻ താൽപര്യമില്ലാത്ത ആനകളിലൊന്നായിരുന്നു പാറമേക്കാവ് രാജേന്ദ്രൻ. അതുകൊണ്ടു തന്നെ തൃപ്പൂണിത്തുറ വരെയുള്ള രാജേന്ദ്രന്റെ ആദ്യകാല യാത്രകൾ കാൽനടയായിട്ടായിരുന്നു.നാളിതുവരെ ലോറിയാത്രയ്ക്കു തയാറാതിരുന്നതാകാം രാജേന്ദ്രന്റെ ആരോഗ്യ രഹസ്യം. ലോറിയിൽ കയറാൻ കൂട്ടാക്കാത്ത രാജേന്ദ്രൻ ഇന്നലെ ലോറിയിൽ കയറി. കോടനാട് വനത്തിലേക്കുള്ള അവസാന യാത്ര ലോറിയിലായിരുന്നു!

ഏഷ്യാഡ് രാജു

കേരളത്തിന്റെ ആനത്തറവാടായ തൃശൂരിൽ നിന്നു ഡൽഹിയിലെത്തി ഏഷ്യൻ രാജ്യങ്ങൾക്കു മുൻപിൽ മാർച്ച് പാസ്റ്റ് ചെയ്തു തിരികെയെത്തിയ ആനക്കാരണവരാണു വിട വാങ്ങിയ പാറമേക്കാവ് രാജേന്ദ്രൻ.ആന പ്രേമികളായ തൃശൂർ ഗഡീസിനു മറക്കാനാവാത്ത ദൃശ്യം സമ്മാനിച്ച ആന സംഘത്തിലെ പ്രധാനി. 

1982ലെ ഏഷ്യാഡിന് അണിനിരത്താൻ തൃശൂരിൽ നിന്നു ഡൽഹിയിലേക്കു പോയ ആന സംഘത്തിന്റെ ട്രെയിൻ യാത്ര അന്നത്തെ വലിയ സംഭവമായിരുന്നു.മുപ്പതിലധികം ആനകളുണ്ടായിരുന്ന ആ ട്രെയിനിൽ രാജേന്ദ്രനുമുണ്ടായിരുന്നു. പ്രത്യേകം തയാറാക്കിയ തുറന്ന കോച്ചുകളിൽ അന്ന് രാജ്യ തലസ്ഥാനത്തേക്കു ഗജവീരന്മാർ യാത്ര ചെയ്തു.

ഡൽഹി ആതിഥേയത്വം വഹിച്ച ഏഷ്യാഡിന്റെ ഭാഗ്യ ചിഹ്നമായി തിരഞ്ഞെടുത്തത് അപ്പു എന്ന കുട്ടിക്കൊമ്പനെയായിരുന്നു. ഭാഗ്യ ചിഹ്നത്തിനു മിഴിവേകാനും ഗെയിംസിന്റെ മാർച്ച് പാസ്‌റ്റിനുമായാണ് ആനകളെ അണിനിരത്തിയത്.ഡൽഹിയിൽ നിന്നു മടങ്ങിയെത്തിയ ആനകൾക്ക് വൻ സ്വീകരണമാണ് തൃശൂരിൽ ലഭിച്ചതെന്ന് പഴമക്കാർ ഓർമിക്കുന്നു. അന്ന് ഡൽഹി കണ്ട് തിരിച്ചെത്തിയ ആനകൾക്കെല്ലാം കുറച്ചു നാളത്തേക്ക് ഏഷ്യാഡ് കൂട്ടി വിളിപ്പേര് വീണിരുന്നു. രാജേന്ദ്രനെ രാജു എന്നു സ്നേഹത്തോടെ വിളിച്ചിരുന്നവർ ‘ഏഷ്യാഡ് രാജു’ എന്നാണു വിളിച്ചിരുന്നത്!

വെടിക്കെട്ട് പേടിയില്ല!

‘നാടൻ ആനയുടെ സൗന്ദര്യം ഏറ്റവും കൂടുതൽ ആവാഹിച്ചിരുന്നത് രാജേന്ദ്രന്റെ ചെവികളിലായിരുന്നു. ഗജരാജൻ ഗുരുവായൂർ കേശവന്റെ ചെവികളുമായുള്ള സാദൃശ്യം ആന പ്രേമികൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.തെളിഞ്ഞ നഖം, എടുത്ത കൊമ്പ്, മസ്തകം, നിലത്തിഴയുന്ന തുമ്പിക്കൈ എന്നിവയാണ് രാജേന്ദ്രന്റെ പ്രത്യേകതകൾ. തൃശൂർ പൂരം വെടിക്കെട്ടിനു ദീർഘകാലം മണികണ്ഠനാലിൽ പന്തലിൽ തിടമ്പേറ്റി നിന്നിരുന്നതു രാജേന്ദ്രനാണ്. കാരണം അവന് വെടിക്കെട്ടിനെ പേടിയില്ല എന്നതുതന്നെ!’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com