sections
MORE

ഇരപിടിക്കാന്‍ വലവിരിക്കുന്ന തിമിംഗലങ്ങൾ; അപൂര്‍വ ദൃശ്യം കൗതുകമാകുന്നു!

Whales Using Bubble Nets to Hunt
SHARE

പ്രകൃതിയിലെ പല കാഴ്ചകളും മനുഷ്യരെ അമ്പരപ്പിക്കുന്നവയാണ്. ഇത്തരം കാഴ്ചകളാകട്ടെ മിക്കപ്പോഴും കണ്ണുകള്‍ക്ക് സുഖം നല്‍കുന്നതു മാത്രമല്ല മറിച്ച് പുതിയ അറിവുകള്‍ കൂടി പങ്കുവയ്ക്കുന്നതായിരിക്കും. അലാസ്കയിലെ മരം കോച്ചുന്ന തണുപ്പുള്ള വെള്ളത്തില്‍ വേട്ടയാടാനെത്തിയ കൂനന്‍ തിമിംഗലങ്ങളുടെ ദൃശ്യങ്ങളാണ് ഇത്തരത്തില്‍ പ്രകൃതിയ ഒരുക്കിയ ദൃശ്യവിരുന്നുകളിലെ ഏറ്റവും പുതിയ കാഴ്ച. ഈ കൂനന്‍ തിമിംഗലങ്ങളുടെ വേട്ട വല വിരിച്ചാണെന്നുള്ളതാണ് ദൃശ്യത്തിന്‍റെ പ്രത്യേകത.

മനുഷ്യരൊരുക്കുന്ന വല കൃത്രിമമാണെങ്കില്‍ തിമിംഗലങ്ങളുടേത് പ്രകൃതി ദത്തമായ വലയാണ്. സ്വയം ഉൽപാദിപ്പിക്കുന്ന കുമിളകള്‍ കൊണ്ടാണ് ഈ തിമിംഗലങ്ങള്‍ വല വിരിക്കുന്നത്. ഇങ്ങനെ ഇര പിടിക്കുന്ന തിമിംഗലങ്ങളുടെ മനോഹരമായ ആകാശ കാഴ്ചയും ഒപ്പം തന്നെ തിമിംഗലങ്ങളുടെ തന്നെ ശരീരത്തിൽ ഘടിപ്പിച്ച ക്യാമറയിലെ ദൃശ്യങ്ങളുമാണ് ഒരു സംഘം ഗവേഷകര്‍ പുറത്തു വിട്ടിരിക്കുന്നത്. ഹവായ് സര്‍വകലാശാലയിലെ ഗവേഷകരാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. 

തിമിംഗലങ്ങളുടെ വല

ഒറ്റയ്ക്കല്ല തിമിംഗലങ്ങളുടെ വല വിരിച്ചുള്ള വേട്ടയാടല്‍. കൂട്ടായ പരിശ്രമത്തിലൂടെയാണ് ഇവ വല പോലെയുള്ള കുമിളകള്‍ സൃഷ്ടിക്കുന്നതും അതിനു ശേഷം വേട്ടയാടുന്നതും. കടല്‍പ്പരപ്പില്‍ നിന്ന് ആഴത്തിലേക്ക് മുങ്ങാംകുഴിയിട്ട് വെള്ളത്തിനടിയിലെത്തിയ ശേഷമാണ് തിമിംഗലങ്ങള്‍ മുകളിലുള്ള ദ്വാരത്തിലൂടെ വായു പുറത്തേക്ക് വിടുന്നത്. ഈ വായുവാണ് കുമിളകളായി മുകളിലേക്കെത്തുന്നത്. തിമിംഗലം വലിയ ജീവിയായതിനാല്‍ തന്നെ ഈ കുമിളകള്‍ അതീവ ശക്തിയുള്ളവയാണ്. ഇവ ഉപരിതലത്തിലെത്തുമ്പോഴേക്കും ക്രില്‍ പോലുള്ള തിമിംഗലങ്ങള്‍ ഭക്ഷിക്കുന്ന ചെറുജീവികളുടെ സഞ്ചാരം തടയാൻ തക്കവിധം കരുത്തുള്ളതായി തീരും.

ഇതോടെ ഈ കുമിളകള്‍ കൊണ്ടു തീര്‍ത്ത വേലിക്കെട്ടിനുള്ളിൽ ക്രില്ലുകൾ കുടുങ്ങും. ഈ സന്ദര്‍ഭത്തിലാണ് മുകള്‍പ്പരപ്പിലുള്ള മറ്റ് തിമിംഗലങ്ങള്‍ ഈ കുമിളവലയ്ക്കുള്ളില്‍ വേട്ടയാടും. അലാസ്കയില്‍ നിന്ന് പകര്‍ത്തിയ ദൃശ്യങ്ങളില്‍ ആ മേഖലയില്‍ തന്നെ കാണപ്പെടുന്ന അലാസ്കിയന്‍ ക്രില്ലുകളാണ് കുടുങ്ങിയത്. കൂനന്‍ തിമിംഗലങ്ങളുടെ ഈ വേട്ടയാടല്‍ രീതി അവ കാണപ്പെടുന്ന എല്ലായിടത്തും തന്നെ ആവര്‍ത്തിക്കുന്നതാണെന്ന് ഗവേഷകര്‍ പറയുന്നു. പക്ഷേ ഇതിന്‍റെ ദൃശ്യങ്ങള്‍ വിജയകരമായി പകര്‍ത്താന്‍ ഇതുവരെ സാധിച്ചിരുന്നില്ല.

Whales Using Bubble Nets to Hunt

ലോകത്തെ ഏറ്റവും വലിയ കുടിയേറ്റങ്ങളിലൊന്ന് നടത്തുന്ന ജീവികളാണ് കൂനന്‍ തിമിംഗലങ്ങള്‍. അലാസ്കന്‍ തീരത്തെത്തിയ ഈ കൂനന്‍ തിമിംഗലങ്ങള്‍ ശൈത്യകാലം ചിലവഴിക്കുന്നത് ഹവായ് ദ്വീപ് മേഖലയിലാണ്. ഈ സമയത്താണ് ഇവ ഇണ ചേരുന്നതും കുട്ടികളെ പ്രസവിക്കുന്നതും. ശൈത്യകാലത്ത് ഇവ അധികം ഭക്ഷണം അകത്താക്കാറില്ല. അതുകൊണ്ട് തന്നെ വേനല്‍ അവസാനിച്ച് തിരിച്ചു പോകും മുന്‍പ് അലാസ്കയില്‍ നിന്ന് പരമാവധി ക്രില്ലുകളെ അകത്താക്കി ഊര്‍ജം സംഭരിക്കുകയാണ് ഇവ ചെയ്യുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA