ADVERTISEMENT

ലോകമെമ്പാടും കാണപ്പെടുന്ന കടല്‍ മത്സ്യങ്ങളാണ് സാല്‍മണുകള്‍. ഇവയില്‍ നോര്‍ത്ത് പസിഫിക് സാല്‍മണുകള്‍ എന്നയിനം മത്സ്യങ്ങള്‍ ഇന്ന് വംശനാശ ഭീഷണി നേരിടുകയാണ്. ഇതിനുള്ള കാരണം അന്വേഷിച്ചുള്ള പഠനത്തിലാണ് ഗവേഷകര്‍ മറ്റൊരു നിര്‍ണായക കണ്ടെത്തല്‍ നടത്തിയത്. ശാസ്ത്രലോകത്തിന് ഇതുവരെ തിരിച്ചറിയാന്‍ കഴിയാത്ത മൂന്ന് വൈറസുകളുടെ വാഹകരാണ് ഈ സാല്‍മണ്‍ മത്സ്യങ്ങളെന്നാണ് ഗവേഷക സംഘം മനസ്സിലാക്കിയത്. ഇവയില്‍ ഒരു വൈറസാകട്ടെ ഇതുവരെ മറ്റൊരു മത്സ്യത്തെ പോലും ബാധിച്ചതായി കണ്ടെത്താത്ത ഒന്നാണ്. അതേസമയം ഈ വൈറസ് ബാധകളാണോ സാല്‍മണ്‍ മത്സ്യങ്ങളെ വംശനാശത്തിലേക്കു നയിക്കുന്നതെന്ന കാര്യം വ്യക്തമായിട്ടില്ല.

പസിഫിക് സാല്‍മണുകള്‍

പസിഫിക്കിന്‍റെ വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ കാണപ്പെടുന്ന ഷനൂക്, സോക്കയ് എന്നീ സാല്‍മണ്‍ വംശങ്ങളെ വളരെ നിര്‍ണായക ജീവികളായാണ് കണക്കാക്കുന്നത്. ഇവ ജീവിക്കുന്ന ജൈവവ്യവസ്ഥയുടെ ആണിക്കല്ലുകളിലൊന്നായാണ് ഈ സാല്‍മണ്‍ മത്സ്യങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഉപ്പു വെള്ളത്തിലും ശുദ്ധജലത്തിനും ജീവിക്കാന്‍ കഴിയുന്ന അനാഡ്രോമസ് ജീവികളായാണ് പസിഫിക് സാല്‍മണുകളെ കണക്കാക്കുന്നത്. ഇരു മേഖലയില്‍ നിന്നും നിര്‍ണായകമായ മൂലകങ്ങള്‍ എത്തിക്കുന്നതിൽ ഈ ജീവികള്‍ മുഖ്യ പങ്കാണു വഹിക്കുന്നത്. കൂടാതെ ഓര്‍ക്ക തിമിംഗലങ്ങള്‍, കടല്‍ സിംഹങ്ങള്‍ തുടങ്ങിയ ജീവികള്‍ക്ക് മുഖ്യ ഭക്ഷ്യ സ്രോതസ്സ് കൂടിയാണ് പസിഫിക് സാല്‍മണുകള്‍.

സാല്‍മണുകളും വൈറസുകളും

ഷനൂക്ക്, സോക്കയ് സാല്‍മണുകള്‍ ഇപ്പോള്‍ വംശനാശ ഭീഷണി നേരിടുന്ന ജീവിവര്‍ഗങ്ങളാണ്. അതേസമയം മുകളില്‍ സൂചിപ്പിച്ചതു പോല ഈ വൈറസുകളാണ് ഇവയുടെ വംശനാശഭീഷണിക്ക് കാരണമെന്ന കാര്യം വ്യക്തമല്ല. എത്രനാളായി ഈ വൈറസുകള്‍ മത്സ്യങ്ങളുടെ ഭാഗമാണെന്നും ഗവേഷകര്‍ തിരിച്ചറിഞ്ഞിട്ടില്ല. പക്ഷേ ഗവേഷകരെ ആശങ്കപ്പെടുത്തുന്ന മറ്റൊരു കാര്യമുണ്ട്. ഈ മത്സ്യങ്ങള്‍ വഹിക്കുന്ന വൈറസ് മറ്റ് ജീവികളെ ബാധിക്കുമോയെന്നതും അത് അവയുടെ നിലനില്‍പിന് ഭീഷണിയാകുമോ എന്നുമാണ് ഇവര്‍ ഭയപ്പെടുന്നത്. 

സാധാരണ മത്സ്യങ്ങളില്‍ കാണപ്പെടാത്ത മൂന്ന് വൈറസുകള്‍ ഒരേ മത്സ്യത്തില്‍ കണ്ടെത്തിയത് തന്നെ അമ്പരപ്പിക്കുന്നതാണെന്ന് ഗവേഷകര്‍ പറയുന്നു. അതേസമയം ഈ വൈറസുകള്‍ മനുഷ്യര്‍ക്ക് ഭീഷണിയാകില്ലെന്ന് പഠനം നടത്തിയ ഡോ. ഗിഡൻ മോർഡിസായ് പറയുന്നു. എന്നാൽ  മനുഷ്യര്‍ക്ക് ശ്വാസകോശ രോഗങ്ങളുണ്ടാക്കുന്ന ഏതാനും വൈറസുകളുമായി ഇവയ്ക്ക് ജനിതക ബന്ധമുണ്ട്. ഇക്കാരണം കൊണ്ടു തന്നെ ഒരു പക്ഷേ ഈ വൈറസുകള്‍ മറ്റ് സസ്തനി ജീവികള്‍ക്ക് ഹാനികരമായേക്കാമെന്നാണ് ഗവേഷകരുടെ കണക്കുകൂട്ടല്‍.

കാനഡയിലെ ബ്രിട്ടിഷ് കൊളംബിയ തീരത്തു നിന്ന് ശേഖരിച്ച മരിച്ചതും മരണാസന്നരായതുമായ ആറായിരം സാല്‍മണുകളില്‍ നിന്ന് ശേഖരിച്ച സാംപിളുകളില്‍ നിന്നാണ് ഗവേഷകര്‍ പഠനം നടത്തിയത്. ഇതില്‍ കടലില്‍ നിന്നുള്ളതും ഫാമുകളില്‍ വളര്‍ത്തുന്നതുമായ സാല്‍മണുകള്‍ ഉള്‍പ്പടും. നോവല്‍ അരീന വൈറസ്, നിഡോ വൈറസ്, റിയോ വൈറസ് എന്നിവയാണ് ഈ മത്സ്യങ്ങളില്‍ കണ്ടെത്തിയത്. ഇതില്‍ അരീന, റിയോ എന്നീ വൈറസുകള്‍ കടല്‍ മീനുകളിലും ഫാമുകളിലെ മത്സ്യങ്ങളിലും കണ്ടെത്തിയപ്പോള്‍ നിഡോ വൈറസുകളെ ഫാം മത്സ്യങ്ങളില്‍ മാത്രമാണ് കണ്ടെത്താനായത്. 

മത്സ്യങ്ങളുടെ മരണവും വൈറസും

ഈ വൈറസിന് മത്സ്യങ്ങളുടെ മരണത്തില്‍ പങ്കുണ്ടാകാമെന്ന സാധ്യത ഗവേഷകര്‍ കാണുന്നത് ഇവയുടെ കൂട്ടമരണത്തിലാണ്. തീരത്തടിഞ്ഞതും ഫാമുകളില്‍ ചത്തു പൊങ്ങിയതുമായി സാല്‍മണ്‍ മത്സ്യങ്ങളിലെല്ലാം ഈ വൈറസിന്‍റെ സാന്നിധ്യം ഗവേഷകര്‍ കണ്ടെത്തിയിരുന്നു. അതുകൊണ്ട് തന്നെ മത്സ്യവളര്‍ത്തൽ പോലുള്ള വ്യവസായത്തെ ഈ വൈറസ് സാരമായി തന്നെ ബാധിച്ചേക്കാമെന്നും ഗവേഷകര്‍ കണക്കു കൂട്ടുന്നു.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഈ രണ്ട് സാല്‍മണ്‍ മത്സ്യങ്ങളുടെ എണ്ണത്തില്‍ വലിയ തോതിലുള്ള ഇടിവു കണ്ടെത്തിയിരുന്നു. ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ ഒരു പക്ഷേ വൈറസുകള്‍ സാല്‍മണുകളുടെ ഈ കുറവിന് കാരണമായിട്ടുണ്ടെന്ന് ഗവേഷകര്‍ കരുതുന്നു. എന്നാൽ പരിശോധനയിലാകട്ടെ ഈ വൈറസ് ഏതെങ്കിലും തരത്തിലുള്ള ശാരീരിക അസ്വസ്ഥതകള്‍ സാല്‍മണ്‍ മത്സ്യങ്ങളില്‍ ഉണ്ടാക്കിയതായി തെളിവും ലഭിച്ചിട്ടില്ല. അതേസമയം ഈ വൈറസ് ബാധ ഏറ്റവും വ്യാപകമായ മത്സ്യക്കൂട്ടങ്ങളുടെ കേന്ദ്രങ്ങള്‍ കണ്ടെത്താന്‍ ഗവേഷകര്‍ക്ക് സാധിച്ചിട്ടുണ്ട്. ഇത് വൈറസ് ബാധ കൂടുതല്‍ മത്സ്യങ്ങളിലേക്കു പടരുന്നത് തടയാന്‍ സഹായിക്കുമെന്നാണ് ഗവേഷക ലോകത്തിന്‍റെ പ്രതീക്ഷ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com