sections
MORE

പിരാനകളുടെ പല്ലുകളെപ്പോലും തോല്‍പിക്കുന്ന പടച്ചട്ടയ്ക്കു പിന്നിൽ?

Arapaima gigas
SHARE

ആമസോൺ നദികളിൽ കാണപ്പെടുന്ന അരാപൈമാ ഗൈഗസ് എന്നു വിളിക്കുന്ന മത്സ്യത്തിന് പിരാനകള്‍ ഒരു വിഷയമേയല്ല. പത്തടിയോളം നീളമുള്ള ഈ മത്സ്യങ്ങള്‍ സ്വാഭാവികമായി പിരാനകളുടെ ഇഷ്ട ഇരകളിലൊന്നായി മാറേണ്ടതാണ്. എന്നാല്‍ ഈ കൂറ്റന്‍ മത്സ്യത്തിന്‍റെ ദേഹത്ത് ഒരു പോറല്‍ പോലും ഏല്‍പ്പിക്കാന്‍ പിരാനകള്‍ക്ക് കഴിയാറില്ല. കാരണം ഈ മത്സ്യങ്ങളുടെ ദേഹത്തുള്ള കട്ടിയേറിയ പുറം ചട്ടയാണ്. ഈ പുറംചട്ടയുടെ രഹസ്യം തേടി ഗവേഷകര്‍ നടത്തിയ നിരീക്ഷണത്തിലാണ് കൂടുതൽ കാര്യങ്ങള്‍ വ്യക്തമായത്.

അരാപൈമാ മീനുകളുടെ പുറംചട്ട പ്രകൃതിയില്‍ നിന്ന് സ്വാഭാവികമായി എങ്ങനെ കരുത്തുറ്റ വസ്തുക്കള്‍ ഉണ്ടാക്കാം എന്നതിനു തെളിവാണ്. മത്സ്യങ്ങളുടെ ഈ പുറംചട്ട പോലെ ഒരു വസ്തു പ്രകൃതിയില്‍ നിന്നുള്ള വിഭവങ്ങള്‍ ഉപയോഗിച്ച് തന്നെ കൃത്രിമമായി നിര്‍മിക്കാന്‍ കഴിഞ്ഞാല്‍ അത് മനുഷ്യ നിര്‍മിതമായ എല്ലാ വസ്തുക്കളിലും ഉപയോഗിക്കാന്‍ കഴിയുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ പ്രത്യേകിച്ചും നിര്‍മാണ രംഗത്തും മറ്റും വിപ്ലവകരമായ മാറ്റമുണ്ടാക്കാന്‍ ഇത്തരം ഒരു വസ്തുവിന് സാധിക്കുമെന്നും ഈ ഗവേഷക സംഘം കണക്കുകൂട്ടുന്നു.

വിവിധ പാളികളായ അടുക്കി വച്ചിരിക്കുന്ന പോലെയാണ് ഈ മത്സ്യത്തിന്‍റെ പുറം ചട്ടയുള്ളത്. കാഴ്ചയില്‍ മറ്റ് മത്സ്യങ്ങളുടെ ചെതുമ്പലുകളോട് സാമ്യം തോന്നുമെങ്കിലും കയ്യിലെടുത്താല്‍ ഇത് തെറ്റാണെന്ന് ബോധ്യമാകും. മുന്‍പ് യുദ്ധഭൂമികളില്‍ ആയുധങ്ങള്‍ക്കു വിടവുണ്ടാക്കാന്‍ കഴിയാത്ത വിധത്തില്‍ നിര്‍മിച്ച പടച്ചട്ട പോലെയാണ് ഈ മത്സ്യത്തിന്‍റെ പുറം ചട്ടയും നിര്‍മിക്കപ്പെട്ടിരിക്കുന്നത്. ഇത് ഒരുതരത്തിലും മറ്റ് ജീവികളുടെ പല്ലുകള്‍ക്കോ, നഖങ്ങള്‍ക്കോ, മനുഷ്യരുടെ മൂർച്ചയേറിയ ആയുധങ്ങൾക്കു പോലും വിടവുണ്ടാക്കാന്‍ കഴിയാത്ത തരത്തിലാണ്.

പുറം ചട്ടയിലെ ഘടകങ്ങള്‍

Arapaima gigas skin

കൊളാജന്‍ എന്ന പ്രോട്ടീനാണ് ഈ പുറം ചട്ടയിലെ മുഖ്യ ഘടകം. പുറമേ കാണുന്ന ഭാഗത്ത് വലിയ തോതില്‍ ഫൈബര്‍ അടങ്ങിയിട്ടുള്ള കൊളാജന്‍ ആണ് കാണപ്പെടുക. തുടര്‍ന്ന് ഉള്ളിലേക്കുള്ള പാളികളിലും കൊളാജന്‍ തന്നെയാണ് മത്സ്യത്തിന്‍റെ ഈ പടച്ചട്ടയ്ക്ക് കരുത്തു നല്‍കുന്നത്. എന്നാല്‍ ഇവയില്‍ ഫൈബറിന്‍റെ അംശം പുറമേയുള്ളതിനെ അപേക്ഷിച്ച് കുറവായിരിക്കും.സ്വാഭാവികമായി ഉണ്ടാകുന്നതും ഒരുമിച്ചു വളരുന്നതുമായതിനാല്‍ മനുഷ്യ നിർമിത പടച്ചട്ടയേക്കാള്‍ കരുത്താണ് ഈ മത്സ്യത്തിന്‍റെ പുറം ചട്ടയ്ക്കുള്ളത്. 

പുറത്തെ പാളികള്‍ മൂര്‍ച്ചയുള്ള വസ്തുക്കള്‍ ഉള്ളിലേക്ക് കടക്കുന്നതു തടയുമ്പോള്‍ ഉള്ളിലുള്ള ഫൈബര്‍ കുറഞ്ഞ പാളികള്‍ പുറത്തെ വസ്തുക്കള്‍ ഏൽപ്പിക്കുന്ന മര്‍ദം ശരീരത്തിലാകെ വിതരണം ചെയ്യുന്നു. ഇതിലൂടെ ഏതെങ്കിലും വസ്തുക്കള്‍ കൊണ്ടു കുത്തുമ്പോഴുണ്ടാകുന്ന ക്ഷതം ശരീരത്തില്‍ ഏല്‍ക്കാതെ പോകുന്നു. ദശലക്ഷക്കണക്കിനു വർഷമെടുത്താണ് മത്സ്യ ശൽക്കങ്ങൾ രൂപപ്പെടുന്നത്. അതിനാൽത്തന്നെ കാലം പകർന്നു നൽകിയ കരുത്തുമുണ്ടാകും അവയ്ക്ക്. പിരാനകൾ കടിച്ചാൽ ശൽക്കത്തിലെ കൊളാജൻ ഫൈബറുകളുടെ പാളിക്ക് ചെറിയ കേടുപാടുണ്ടാകുമെന്നു മാത്രം. എന്നാൽ മാംസത്തിന് ഒരു പോറലു പോലുമേൽക്കില്ല. ബുള്ളറ്റ് പ്രൂഫ് പ്രതിരോധ പടച്ചട്ടകൾ നിർ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍മിക്കുന്നതില്‍ പുതുവഴി തെളിക്കുന്നതാണ് കണ്ടെത്തലെന്നതാണ് ഒരു ഗുണം.സെറാമികിനുള്ളിൽ സിമന്‍റ് നിറച്ച പോലെയാണ് ഈ ജീവിയുടെ പുറം ചട്ട പ്രവര്‍ത്തുക്കുന്നതെന്നാണ് ഗവേഷകര്‍ വിശദീകരിക്കുന്നത്.

അരാപൈമകളുടെ എണ്ണത്തെപ്പറ്റി കാര്യമായ കണക്കുകള്‍ ഒന്നു തന്നെ രാജ്യാന്തര സംഘടനകള്‍ക്കില്ല. പക്ഷേ ഈ മത്സ്യങ്ങളുടെ തോലും മറ്റും വ്യാപകമായി ഒരു കാലത്ത് തുകലിനു ബദലായി ഉപയോഗിക്കപ്പെട്ടിരുന്നു. ഈ വംശത്തിന്‍റെ നിലനിൽപിനെ സംബന്ധിച്ച് വ്യക്തമായ ധാരണകളില്ലെങ്കിലും ഇപ്പോള്‍ പല രാജ്യങ്ങളും ഈ ജീവികളുടെ പുറം ചട്ടയുടെ ഇറക്കുമതി നിരോധിച്ചിട്ടുണ്ട്. ആമസോണ്‍ രാജ്യങ്ങളും ഈ ജീവിയുടെ കയറ്റുമതിയില്‍ കനത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA