ADVERTISEMENT

ഹാലൊവീന്‍ എന്നത് വിചിത്രവും പേടിപ്പിക്കുന്നതുമായ വേഷങ്ങള്‍ കെട്ടി ആഘോഷിക്കുന്ന ദിവസമാണ്. ഒക്ടോബര്‍ 31 ന് നടക്കുന്ന ഈ ആഘോഷത്തിന് മുന്നോടിയായി ആളുകള്‍ തങ്ങള്‍ അണിയേണ്ട വേഷങ്ങൾ തയാറാക്കി വയ്ക്കും. മനുഷ്യര്‍ സ്വയം വേഷം കെട്ടുന്നതിനൊപ്പം മൃഗങ്ങളെയും ഇത്തരം വിചിത്ര വേഷങ്ങള്‍ അണിയിക്കാറുണ്ട്. എന്നാൽ ജര്‍മനിയില്‍ ഹാലൊവീൻ ദിനത്തിനായുള്ള തയാറെടുപ്പുമായാണ് ഒരു പട്ടിക്കുട്ടി ജനിച്ചു വീണതു തന്നെ. സ്വര്‍ണ രോമങ്ങൾ വീശി ഹൃദയം കീഴടക്കാറുള്ള ഗോള്‍ഡന്‍ റിട്രീവര്‍ വിഭാഗത്തിലാണ് പതിവില്‍ നിന്നു വ്യത്യസ്തമായി പച്ച നിറവുമായി ഒരു നായ്ക്കുട്ടി ജനിച്ചത്.

ജര്‍മനിയിലെ വെര്‍മ്മല്‍സ്കിര്‍ഷന്‍ നഗരത്തിലാണ് ഈ അപൂര്‍വ നിറമുള്ള പട്ടിക്കുട്ടിയുടെ ജനനം.  ഈ കുട്ടിയുടെ അമ്മയായ ഗോള്‍ഡന്‍ റിട്രീവറിന്‍റെ ഉടമ ജോവന്നാ ജസ്റ്റിസ് തന്നെയാണ് പട്ടിക്കുട്ടികളിലൊന്നിന്‍റെ നിറം മാറ്റം ശ്രദ്ധിച്ചത്. 9 പട്ടിക്കുട്ടികളാണ് ജനിച്ചത്. ഇതില്‍ ഒന്നിന്‍റെ നിറം മാത്രം സ്വര്‍ണനിറത്തില്‍ നിന്നു മാറി ഇളം പച്ച നിറമാണെന്നു കണ്ട ജൊവന്ന അമ്പരന്നു. സംഭവം അത്യപൂര്‍വമായതു കൊണ്ട് തന്ന ജര്‍മന്‍ ദേശീയ വാര്‍ത്താ ഏജന്‍സി പോലും പച്ച നിറത്തിലുള്ള പട്ടിക്കുട്ടിയുടെ ജനനം ആഘോഷിച്ചു. 

അതേസമയം പട്ടിക്കുട്ടിയുടെ നിറത്തില്‍ മാത്രമെ മാറ്റമുള്ളൂ എന്നതും മറ്റെല്ലാ കാര്യത്തിലും ആരോഗ്യത്തോടെ കാണപ്പെടുന്നതും സന്തോഷം നല്‍കുന്ന കാര്യമാണെന്ന് ജോവന്നാ പ്രതികരിച്ചു. നിറത്തില്‍ മാറ്റമുണ്ടെങ്കിലും നായ്ക്കുട്ടിയുടെ അമ്മയും മറ്റ് എട്ടു കുട്ടികളെ പരിപാലിക്കുന്നതു പോലെ തന്നെയാണ് പച്ച നായ്ക്കുട്ടിയേയും പരിഗണിക്കുന്നത്. 

മൊജിറ്റോ

മൊജിറ്റോ എന്നത് പുതിന ചേര്‍ത്തുണ്ടാക്കുന്ന കോക്ടെയ്ല്‍ ആണ്. പുതിനയുടെ ഇളം നിറമാണ് പട്ടിക്കുട്ടിക്ക്. അതുകൊണ്ട് തന്നെ ഈ പേരു തന്നെയാണ് പച്ച പട്ടിക്കുട്ടിക്ക് നല്‍കിയിരിക്കുന്നതും. അതേസമയം പട്ടിക്കുട്ടിയുടെ നിറം അധിക കാലം ഇങ്ങനെ തുടരില്ലെന്നും മൃഗഡോക്ടര്‍മാര്‍ പറഞ്ഞു. നായ്ക്കുട്ടിയുടെ അമ്മ തുടര്‍ച്ചയായി നാക്ക് കൊണ്ട് തുടച്ചു വൃത്തിയാക്കുന്നതിനാല്‍ വൈകാതെ ഈ നിറം മാഞ്ഞു പോകും. തുടര്‍ന്ന് മറ്റ് ഗോള്‍ഡന്‍ റിട്രീവറുകളെ പോലെ സ്വര്‍ണ്ണ നിറമുള്ള രോമം തന്നെ ഈ പട്ടിക്കുട്ടിക്കുമുണ്ടാകുെമന്നും ഇവര്‍ പറയുന്നു. 

പച്ച നിറമുള്ള നായ്ക്കുട്ടി ജനിക്കുന്നത് അത്യപൂര്‍വമാണെങ്കിലും ഇതുവരെ സംഭവിക്കാത്ത കാര്യമൊന്നുമല്ല ഇത്. കഴിഞ്ഞയാഴ്ച തന്നെ അമേരിക്കയിലും പച്ച നിറമുള്ള നായ്ക്കുട്ടി ജനിച്ചിരുന്നു. ഡേന്‍ ഇനത്തില്‍ പെട്ടതായിരുന്നു ഈ നായ്ക്കുട്ടി. ഇതിന്റെ നിറവും വൈകാതെ സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2017 ല്‍ സ്വിറ്റ്സര്‍ലൻഡിലും ഗോള്‍ഡന്‍ റിട്രീവര്‍ ഇനത്തില്‍ പെട്ട നായ്ക്കുട്ടി പച്ച നിറത്തിൽ ജനിച്ചിരുന്നു.

English Summary: Golden Retriever Gives Birth To A Green Puppy Named "Mojito"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com