sections
MORE

ഇരയിൽ കണ്ടത് ചങ്ങാതിയെ; അമൂർ കടുവയുടെ കൂട്ടുകാരനായിരുന്ന ധൈര്യശാലിയായ ആട് ഇനി ഓർമ്മ!

Brave Goat Who Had Befriended Tiger
Russian goat Timur with its unusual friend a tiger. Image Credit:Twitter/spaceman60
SHARE

അമൂർ കടുവയുടെ ഇണപിരിയാത്ത ചങ്ങാതിയായിരുന്ന തിമൂർ ആട് ഇനി ഓർമ.റഷ്യയിലെ വ്ലാഡിവോസ്റ്റോക് നഗരത്തിലെ സഫാരി പാർക്കിലായിരുന്നു ഇരുവരുടെയും വാസം. സൈബീരിയൻ കടുവ വിഭാഗത്തിൽ പെട്ട അമൂർ കടുവയും റഷ്യൻ ആടായ തിമൂറും ഒന്നിച്ചാണ് കഴിഞ്ഞിരുന്നത്. ഇവരുടെ അപൂർവ സൗഹൃദം ആദ്യം തന്നെ മാധ്യമശ്രദ്ധ നേടിയിരുന്നു. കുറച്ചു കാലമായി അസുഖ ബാധിതനായിരുന്ന തിമൂർ ജീവൻ വെടിഞ്ഞത് നവംബർ അഞ്ചിനാണെന്ന് സഫാരി പാർക്ക് അധികൃതർ വ്യക്തമാക്കി. ഏകദേശം 5 വയസ്സോളം പ്രായമുള്ള തിമൂറിന്റെ ആരോഗ്യം കുറച്ചുകാലമായി മോശമായിരുന്നു. അമൂറുമായുള്ള വഴക്കിനിടെയിൽ പരിക്കേറ്റത്തിനെ തുടർന്ന് ഇരുവരെയും രണ്ടിടത്താണ് പാർപ്പിച്ചിരുന്നത്. തിമൂറിന്റെ മൃതദേഹം എല്ലാവിധ ബഹുമതികളോടും കൂടി കഴിഞ്ഞ ദിവസം സംസ്ക്കരിച്ചതായി മേൽനോട്ടം വഹിച്ചിരുന്ന എൽവിറ ഗോലോവിന വ്യക്തമാക്കി.

2015 ൽ അമൂര്‍ എന്ന കടുവയുടെ ഭക്ഷണമായാണ് തിമൂറെന്ന ആടിനെ ആവാസസ്ഥലത്തേക്കയച്ചത്. എന്നാല്‍ പേടിയില്ലാതെ കടുവയോട് ഇടപെട്ട തിമൂര്‍ ഏറെ വൈകാതെ അമുറിന്റെ അടുത്ത സുഹൃത്തായി മാറുകയായിരുന്നു.അമൂര്‍ കടുവയ്ക്കൊപ്പമായിരുന്നു തിമൂറിന്റെ ഭക്ഷണവും ഉറക്കവും കളിയുമെല്ലാം. ഭക്ഷണമായി നല്‍കിയ ആട് കടുവയുടെ സുഹൃത്തായതോടെ അമ്പരന്നുപോയത് മൃഗശാല അധികൃതരാണ്. രണ്ട് ആഴ്ച്ച കൂടുമ്പോഴാണ് മൃഗശാല അധികൃതര്‍ അമൂര്‍ കടുവയ്ക്ക് വലിയ ഇരകളെ ജീവനോടെ നല്‍കിയിരുന്നത്. ഇത്തരത്തില്‍ നല്‍കിയ തിമൂര്‍ ആടിനെയാണ് അമൂര്‍ കടുവ സുഹൃത്താക്കി മാറ്റിയത്

തന്റെ ജീവന്‍ നഷ്ടപ്പെടാന്‍ പോകുകയാണെന്ന യാതൊരു ധാരണയുമില്ലാതെയാണ് അന്ന് തിമൂര്‍ കടുവക്കൂട്ടിലേക്കെത്തിയത്. ജീവിതത്തില്‍ ആദ്യമായി കാണുന്ന കടുവയെകണ്ട് പേടിപോലും തിമൂറിന് തോന്നിയില്ലെന്നാണ് മൃഗശാലയുടെ ചുമതലയുള്ള ദിമിത്രി മെസെന്‍സേവ് അന്ന് പറഞ്ഞത്. പ്രഭാതനടത്തത്തോടെയാണ് ആദ്യ കാലങ്ങളിൽ ഇരുവരുടേയും ദിവസം ആരംഭിച്ചിരുന്നത്. ഇതിനിടെ പലപ്പോഴും ആട് കടുവയുടെ പുറകില്‍ നിന്ന് ഇടിക്കുകയും ചെയ്തിരുന്നു. മിക്കവാറും ഇരുവരും തലകൊണ്ടിടിച്ചും പരസ്പരം കളിച്ചിരുന്നു.എന്നാൽ ഇതൊന്നും ഗുരുതരമായ വഴക്കിലെത്തിയിരുന്നില്ല.

വർഷങ്ങൾ പിന്നിട്ടപ്പോഴാണ് വഴക്കിന്റെ തീവ്രതയേറിയത്. അപ്പോഴേക്കും കടുവയുടെ സൗഹൃദം തിമൂറിനെ കുറച്ച് ധിക്കാരിയുമാക്കിയിരുന്നു. കടുവയെ വെല്ലുവിളിക്കുന്നതുവരെയെത്തി ഒടുവിൽ ആടിന്റെ അഹങ്കാരം. അങ്ങനെയൊരു വഴക്കിനിടയിലാണ് തിമൂറിന് പരിക്കേറ്റത്. ക്ഷമ നശിച്ച അമൂർ കടുവ തിമൂറിനെ തിരിച്ച് ആക്രമിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു. അന്നു മുതൽ ഇരുവരുടെയും വാസം രണ്ടിടത്തായിരുന്നു.

നിരവധി ചികിത്സകൾ നൽകിയിട്ടും പരുക്കേറ്റ തിമൂർ പിന്നീട് പഴയ ആരോഗ്യത്തിലേക്ക് തിരിച്ചെത്തിയില്ല. അല്പം മുടന്തുമുണ്ടായിരുന്നു. എങ്കിലും പാർക്ക് അധികൃതരുടെയെല്ലാം പ്രിയപ്പെട്ടവനായിരുന്നു തിമൂർ. തിമൂറിന്റെ ഓർമയ്ക്കായി സഫാരി പാർക്കിൽ ഒരു വെങ്കല പ്രതിമ സ്ഥാപിക്കാനാണ് അധികൃതരുടെ തീരുമാനം. തിമൂറിന്റെ വേർപാട് വേദനാജനകമാണെന്നും എല്ലാവരുടെയും ഓർമകളിൽ തിമൂർ എന്നും ജീവിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

English Summary: Brave Goat Who Had Befriended Tiger it Was Meal For, Passes Away

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
FROM ONMANORAMA