ആനക്കുട്ടിയെ വേട്ടയാടുന്ന സിംഹക്കൂട്ടം; ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ!
Mail This Article
ആനകളെ സാധാരണയായി സിംഹങ്ങൾ ആക്രമിക്കാറില്ല. കാരണം ആനക്കൂട്ടം പ്രകോപിതരായാൽ പിടിച്ചു നിൽക്കാൻ പറ്റില്ല എന്നതുതന്നെ. എന്നാൽ ഒത്തു കിട്ടിയാൽ ആനക്കുട്ടികളെ പതിയിരുന്ന് ആക്രമിക്കാറുണ്ട്. കൂട്ടം തെറ്റി നടക്കുന്ന ആനക്കുട്ടികളാണ് കൂടുതലും സിംഹങ്ങൾക്കിരയാവുക. അങ്ങനെയൊരു ആനക്കുട്ടിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ ആഫ്രിക്കയിലെ ഹോങ്കെ ദേശീയ പാർക്കിൽ നിന്നും പുറത്തുവരുന്നത്.
ഇവിടെ സന്ദർശിക്കാനെത്തിയ വിനോദസഞ്ചാരികളാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. നദീതീരത്ത് ആനക്കുട്ടി വെള്ളം കുടിക്കുന്നത് കണ്ടാണ് സഞ്ചാരികൾ ഗൈഡിന്റെ നിർദേശ പ്രകാരം വാഹനം സമീപത്തായി ഒതുക്കിയത്. പതിവായി വന്യമൃഗങ്ങൾ വെള്ളം കുടിക്കാനെത്തുന്ന സ്ഥമാണിത്. സമീപത്തെങ്ങും ആനക്കൂട്ടത്തെയും കണ്ടില്ല. ഒറ്റയ്ക്കെത്തിയ ആനക്കുട്ടി വെള്ളം കുടിക്കുന്നതിനിടയിലാണ് ഹമ്പ എന്ന സിംഹം അവിടേക്കെത്തിയത്.
പിന്നാലെ ആറ് പെൺസിംഹങ്ങളുമെത്തി. ഒറ്റപ്പെട്ടു നില്ക്കുന്ന ആനക്കുട്ടിയെ കണ്ട ഹമ്പ ആനക്കുട്ടിയെ ആക്രമിക്കാനായി ശ്രമിച്ചതും ആദ്യം ആനക്കുട്ടി പ്രതികരിച്ചു. അതോടെ സിംഹം പിൻവാങ്ങി. ഇനി സിംഹം ആക്രമിക്കില്ലെന്ന ധാരണയിൽ നിന്ന ആനക്കുട്ടിയെ കാര്യങ്ങൾ അനുകൂലമാണെന്ന് മനസ്സിലാക്കി ഹമ്പ ചാടിവീണ് ആക്രമിക്കുകയായിരുന്നു. പിന്നാലെ പെൺസിംഹങ്ങളും വേട്ടയിൽ പങ്കുചേർന്നു. നിമിഷനേരം കൊണ്ട് സിംഹക്കൂട്ടം ആനക്കുട്ടിയെ കീഴടക്കി ഭക്ഷണമാക്കി.
English Summary: Lion Attacks a Lone Elephant