sections
MORE

കടലാക്രമണത്തില്‍ അകപ്പെട്ട 3 പശുക്കൾ എത്തിയത് ഒറ്റപ്പെട്ട ദ്വീപിൽ; പിന്നീട് സംഭവിച്ചത്?

Tides Swept Three Cows Out To Sea During Hurricane Dorian
SHARE

ഈ വര്‍ഷമാദ്യം അമേരിക്കയിലുണ്ടായ ഡോറിയന്‍ ചുഴിലക്കൊടുങ്കാറ്റ് കിഴക്കന്‍ മേഖലയില്‍ കനത്ത നാശമാണ് വിതച്ചത്. ഈ ചുഴലിക്കൊടുങ്കാറ്റിനോട് അനുബന്ധിച്ചുണ്ടായ കൂറ്റന്‍ തിരമാലകളിൽ അകപ്പെട്ടാണ് മൂന്ന് പശുക്കള്‍ ഒറ്റപ്പെട്ട ദ്വീപിലെത്തിയത്. കൊടുങ്കാറ്റിലും തിരമാലകളിലും പെട്ട് ജീവികള്‍ കടലിൽ അകപ്പെടുന്നത് ഇതാദ്യമായല്ല. പക്ഷേ ഇങ്ങനെ അകപ്പെട്ട ജീവികള്‍ ജീവനോടെ മറ്റൊരു പ്രദേശത്തെയതാണ് ഏവരെയും അദ്ഭുതപ്പെടുത്തിയരിക്കുന്നത്.

അമേരിക്കന്‍ വന്‍കരയില്‍ നിന്ന് ഏതാണ്ട് 8 കിലോമീറ്റര്‍ അകലെ അറ്റ്ലാന്‍റിക് സമുദ്രത്തിലുള്ള  ഒറ്റപ്പെട്ട ദ്വീപിലാണ് ഇപ്പോള്‍ മൂന്ന് പശുക്കളുള്ളത്. യാതൊരുവിധ നിയന്ത്രണങ്ങളുമില്ലാതെ ദ്വീപിലെ പുല്‍മേടുകളില്‍ യഥേഷ്ടം അലഞ്ഞ് സ്വാതന്ത്ര്യം ആസ്വദിക്കുകയാണ്  ഈ പശുക്കള്‍.നോര്‍ത്ത് കരലൈനയ്ക്ക് സമീപമുള്ള ബാരന്‍ ദ്വീപിലാണ് ഈ പശുക്കളുള്ളത്. സെപ്റ്റംബറില്‍ ഒരു പശുവിനെയാണ് ആദ്യം ഇവിടെ കണ്ടെത്തിയത്. തുടര്‍ന്ന് ഹെലികോപ്റ്ററില്‍ നടത്തിയ നിരീക്ഷണത്തിലാണ് മൂന്ന് പശുക്കള്‍ ദ്വീപിലുണ്ടെന്നു വ്യക്തമായത്. ഇതുവരെ ഈ പശുക്കളുടെ ഉടമസ്ഥാവകാശം പറഞ്ഞ് ആരും രംഗത്തെത്തിയിട്ടില്ല.

കേപ് ലുക്കൗട്ട് നാഷണല്‍ പാര്‍ക്ക് സര്‍വീസിലെ ഉദ്യോഗസ്ഥരാണ് ഒരു പശുവിനെ ആദ്യം കണ്ടെത്തിയതും പിന്നീട് മൂന്നെണ്ണത്തിന്‍റെ സാന്നിധ്യം സ്ഥിരീകരിച്ചതും. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ദ്വീപിലുള്ള മൂന്ന് പശുക്കളുടെ കാര്യം ഇവര്‍ പൊതുജനങ്ങളെ അറിയിച്ചത്.കരയോടു ചേര്‍ന്നുള്ള സേഡര്‍ എന്ന ചെറു തുരുത്തില്‍ മേയുകയായിരുന്ന പശുക്കളുടെ കൂട്ടത്തിൽ പെട്ടവയായിരിക്കാം ഇവയെന്നാണ് കണക്കു കൂട്ടുന്നത്. കൂടുതല്‍ പശുക്കളെ കടലിൽ അകപ്പെട്ടിരിക്കുമെന്നാണ് നിഗമനം.അതിൽ ഈ മൂന്നെണ്ണം മാത്രമായിരിക്കും രക്ഷപെട്ടതെന്നാണ് അധികൃതതുടെ കണക്കുകൂട്ടൽ

കൊടുങ്കാറ്റില്‍ പെട്ട് കടലില്‍ കുടുങ്ങിയ പശുക്കള്‍ ഈ ദ്വിപിലേക്ക് നീന്തിയെത്തിയതാകും എന്നാണു കരുതുന്നത്. സെഡാര്‍ ദ്വീപില്‍ നിന്ന് കടല്‍ എടുത്ത പശുക്കളാണെങ്കില്‍ അവയ്ക്ക് ഉടമകളുണ്ടാകില്ലെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്. ഇരുപതോളം വരുന്ന കാട്ടു പശുക്കളാണ് ഇവിടങ്ങളില്‍ അലഞ്ഞുനടക്കാറുള്ളത്. ഇവയിലെ മൂന്നെണ്ണമാണ് ദ്വീപിലുള്ളതെങ്കില്‍ മറ്റുള്ളവയ്ക്ക് കടലാക്രമണത്തില്‍ ജീവൻ നഷ്ടമായതായും അധികൃതര്‍ കരുതുന്നു.

ദ്വീപില്‍ ശുദ്ധജലത്തിന്‍റെ ലഭ്യത പരിമിതമായതിനാല്‍ ഈ പശുക്കളുടെ ഭാവി സുരക്ഷിതമല്ലെന്നാണ് പാര്‍ക്ക് അധികൃതരുടെ നിലപാട്. എന്നാല്‍ ദ്വീപിലെ പശുക്കളുടെ അടുത്തേക്ക് ചെല്ലാനുള്ള ശ്രമം പരാജയപ്പെടുകയും ചെയ്തു. മനുഷ്യ സാമീപ്യമുണ്ടായാല്‍ ഇവ ഓടുകയാണ് ചെയ്യുന്നതെന്ന് അധികൃതര്‍ പറയുന്നു. അതുകൊണ്ട് തന്നെ ഇവയെ എന്ത് ചെയ്യാന്‍കഴിയും എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുക്കാന്‍ സാധിച്ചിട്ടില്ല.  പശുക്കളെ മയക്കിയ ശേഷം ബോട്ടില്‍കയറ്റി കരയിലേക്കു തന്നെ കൊണ്ടുവരാനാണ് നിലവില്‍ പദ്ധതിയിടുന്നത്. എന്നാല്‍ ഇവയുടെ ആരോഗ്യസ്ഥിതി കൂടി പരിഗണിച്ച ശേഷമേ തീരുമാനമുണ്ടാകൂ.

English Summary: Tides Swept Three Cows Out To Sea During Hurricane Dorian

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
FROM ONMANORAMA