ADVERTISEMENT

മഞ്ഞുകാലമെത്തിയതോടെ ശീതകാല നിദ്രയ്ക്കുള്ള തയാറെടുപ്പുകളിലാണ് കരടികൾ. അതുകൊണ്ട് തന്നെ കരടികൾ അധികമുള്ള പ്രദേശങ്ങളിലെ ജനങ്ങൾക്ക് വാഹനങ്ങളും വീടുകളും പൂട്ടാതെ പുറത്തുപോകരുതെന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.കാരണം കരടികൾ ഏതു സമയത്തും ഭക്ഷണമന്വേഷിച്ച് ഇവിടേക്കെത്തിയേക്കാം എന്നതുതന്നെ. ഇത്തരമൊരു ദൃശ്യമാണ് ഇപ്പോൾ കലിഫോർണിയയിൽ നിന്നും പുറത്തു വരുന്നത്.

താഹോ തടാകത്തിനു സമീപമുള്ള വീടിനു മുന്നിലാണ് സംഭവം നടന്നത്.കടുത്ത മഞ്ഞു വീഴ്ചയെ അവഗണിച്ച് ഇവിടെയെത്തിയ കൂറ്റൻ കരടി വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന എസ്‌യുവിയുടെ ‍വാതിൽ തുറന്ന് അകത്ത് കയറുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. കരടി വാഹനത്തിന്റെ ഉള്ളിൽ കയറുന്നതും വാതിൽ അടയുന്നതും ദൃശ്യങ്ങളിൽ കാണാം. വാഹനത്തിനുള്ളിൽ ഭക്ഷണമുണ്ടോയെന്ന് അന്വേഷിച്ചെത്തിയതാകാം കരടിയെന്നാണ് നിഗമനം. പകൽ സമയത്താണ് കരടി വാഹനത്തിനരികിലേക്കെത്തി അതിൽ കയറിയത്. സമീപത്തുണ്ടായിരുന്ന വീട്ടുകാരാണ് ദൃശ്യങ്ങൾ പകർത്തിയത്.

കാറിനുള്ളിൽ അകപ്പെട്ട കരടിയെ മറുവശത്തെ വാതിൽ തുറന്നു കൊടുത്ത് ഒരു കുട്ടി സ്വതന്ത്രനാക്കി. വാഹനത്തിനു പുറത്തെത്തിയ കരടി മഞ്ഞിലൂടെ നടന്നു മറയുകയും ചെയ്തു. കരടികൾ ഏറെയുള്ള പ്രദേശമാണ് താഹോ. ബെയർ കൺട്രി എന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്. കഴിഞ്ഞ മാസവും സമാനമായ സംഭവം ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്ന് കാറിനുള്ളിൽ കയറിയ കരടി പുറത്തിറങ്ങാനാവാതെ കാറിന് കാര്യമായ നാശനഷ്ടങ്ങളും വരുത്തിയിരുന്നു. എന്നാൽ ഇവിടെ തക്കസമയത്ത് ആളുകൾ കണ്ടതിനാൽ വാഹനത്തിന് കാര്യമായ കേടുപാടുകളൊന്നും സംഭവിച്ചില്ല.

English Summary:Bear Smartly Opens Car Door and Enters Parked SUV in California

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com