sections
MORE

താനില്ലാതെ ആന ആഹാരം കഴിക്കില്ലെന്ന് പാപ്പാൻ; ലക്ഷ്മിയെ തേടി ജയിലിൽ നിന്ന് സദ്ദാം

Elephant Lakshmi
SHARE

ഹരിയാനയിലെ ആനക്കൊട്ടിലിലേക്കു മാറ്റിയ, ലക്ഷ്മിയെന്ന ആനയെ ഹാജരാക്കണമെന്നാവശ്യപ്പെട്ടു പാപ്പാൻ  സുപ്രീം കോടതിയിൽ. വൃത്തിഹീനമായ  ചുറ്റുപാടിൽ  പാർപ്പിച്ചിരിക്കുവെന്നാരോപിച്ചു  വനംവകുപ്പ് അധികൃതർ  മാറ്റിയ ആനയ്ക്കു  വേണ്ടി  ബിഹാർ സ്വദേശിയും പാപ്പാനുമായ സദ്ദാമാണു  സുപ്രീം  കോടതിയെ സമീപിച്ചത്.  

തിരക്കേറിയ നഗരത്തിൽ ആനകളെ സുരക്ഷിതമായി താമസിപ്പിക്കാൻ സ്ഥലമില്ലെന്നും  മൃഗങ്ങൾ കടുത്ത ബുദ്ധിമുട്ടിലൂടെയാണു  കടന്നുപോകുന്നതെന്നും  കാട്ടി  നഗരത്തിലെ മൃഗസ്നേഹികളുടെ  സംഘടന 2011ൽ ഹൈക്കോടതിയിൽ കേസ് നൽകിയിരുന്നു. ഇതിനെത്തുടർന്നു ഡൽഹിയിലെ ആനകളെ രാജ്യത്തെ പലയടങ്ങളിലെ ആനക്കൊട്ടിലുകളിലേക്കു  വനംവകുപ്പ് അധികൃതർ മാറ്റിയിരുന്നു. ചില ആനകളെ ഉടമകൾ സ്വന്തം ചെലവിലും നഗരത്തിനു പുറത്തേക്കു മാറ്റി. 

ഇതിനിടെ, 24 വർഷം മകളെപ്പോലെ വളർത്തിയ ലക്ഷ്മി തന്റെ ജീവിതത്തിന്റെ ഭാഗമാണെന്നും വിട്ടുകൊടുക്കാനാകില്ലെന്നും കാട്ടി ഉടമ യൂസഫ് നിയമയുദ്ധത്തിനിറങ്ങി. എന്നാൽ ആനയെ വിട്ടുകൊടുക്കണമെന്നു 2019 ഫെബ്രുവരിയിൽ ഹൈക്കോടതി വിധിച്ചു. ഇതിനു പിന്നാലെ യൂസഫും പാപ്പാൻ സദ്ദാമും ആനയുമായി യമുന നദിക്കരയിലെ കാട്ടിലേക്ക് ഒളിച്ചോടിയിരുന്നു. എന്നാൽ സെപ്റ്റംബർ 18നു രാത്രി അധികൃതരുടെ പിടിവീണു. യൂസഫ് ഓടി രക്ഷപ്പെടുകയും സദ്ദാം പൊലീസിന്റെ പിടിയിലാകുകയും ചെയ്തു.

ആനത്താവളത്തിൽ  എത്തിച്ചതോടെ  ലക്ഷ്മിയുടെ പേരു മാറ്റി ജാസ്മിൻ എന്നാക്കി.  ഇതിനിടെയാണു  സദ്ദാം വീണ്ടും സുപ്രീം കോടതിയെ സമീപിച്ചത്. 2009 മുതൽ ലക്ഷ്മിയുടെ പാപ്പാനാണു താനെന്നും താനില്ലാതെ ആന ആഹാരം കഴിക്കില്ലെന്നും സദ്ദാം തന്റെ ഹർജിയിൽ പറയുന്നു. സർക്കാർ ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയതുൾപ്പെടെയുള്ള  കേസുകളിൽപ്പെട്ടു കഴിഞ്ഞ 2 മാസമായി മണ്ഡോലി ജയിലിലാണു  സദ്ദാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
FROM ONMANORAMA