ADVERTISEMENT

ചിത്രകഥകളിലെ ശക്തിമാനായ കാട്ടിലെ രാജാവിന്റെ  വേഷം  അഴിച്ചുവച്ച് നാട്ടിൽ നിലനിൽപിന്റെ  ഭാവി തേടുകയാണ് സിംഹരാജൻമാർ. അംറേലി, ഗിർസോംനാഥ്, ജുനഗഡ് എന്നീ തെക്കു പടിഞ്ഞാറൻ ഗുജറാത്തിലെ ജില്ലകളിലായി  വ്യാപിച്ചു കിടക്കുന്ന  ഗിർ ദേശീയോദ്യാനത്തിലും വന്യജീവി സങ്കേതത്തിലുമുള്ള ഇരുപത്തിമൂന്ന് ഏഷ്യൻ സിംഹങ്ങളുടെ മരണമാണ് കാട്ടിലെ രാജാവിനെ വീണ്ടും ശ്രദ്ധയിലെത്തിച്ചത്. കഴിഞ്ഞ വർഷം സെപ്റ്റംബർ 12 നും ഒക്ടോബർ ഒന്നിനുമിടയിലുള്ള  ചെറിയ ഇടവേളയിലാണ് കനൈൻ ഡിസ്റ്റെംപർ എന്ന വൈറസ് രോഗബാധമൂലം ഇവർ മരണമടഞ്ഞത്. നിലനിൽപ്പിന്റെ ഭീഷണി നേരിടുന്ന ഏഷ്യൻ സിംഹങ്ങൾ ഇന്നവശേഷിക്കുന്ന ഏക പ്രകൃതിദത്ത ആവാസ വ്യവസ്ഥയാണ് ഇൗ ഗിർ വനങ്ങൾ.

വർഗീകരണം 

പാന്തെറ ലിയോ എന്നാണ് സിംഹത്തിന്റെ ശാസ്ത്രനാമം. കാർണിവോറ എന്ന ഒാർഡറിൽ, ഫെലിഡേ കുടുംബത്തിൽ പാന്തെറിനെ ഉപകുടുംബത്തിൽ പാന്തെറ ജീനസിൽ ലിയോ എന്ന സ്പീഷിസിലാണ് ഇവരുടെ സ്ഥാനം. കടുവ, പുള്ളിപ്പുലി, ജഗ്വാർ എന്നിവയോടൊപ്പം മാർജാര ഇനങ്ങളിലെ പ്രധാനിയാണ് സിംഹം. ഇവയെല്ലാം പാന്തെറ ജീനസിലും, ഫെലിഡെ കുടുംബത്തിലും പെടുന്നു. ഏഷ്യയിൽ ഇന്ത്യയിലെ ഗുജറാത്ത് സംസ്ഥാനത്തുള്ള ഗിർ വനങ്ങളിലും ആഫ്രിക്കയിലെ സബ്സഹാറൻ പ്രദേശങ്ങളിലുമാണ് ഇന്നിവ അവശേഷിക്കുന്നത്.  

ഉപവിഭാഗങ്ങൾ

വർഗീകരണത്തിന്റെ അടിസ്ഥാനത്തിൽ എട്ട് ഉപവിഭാഗങ്ങളാണ് സിംഹങ്ങളിലുള്ളത്. ഏഷ്യൻ ഇന്ത്യൻ, ബാർബറി സിംഹം, പടിഞ്ഞാറൻ ആഫ്രിക്കൻ, കിഴക്കൻ ഹോങ്കോങ്, കിഴക്കൻ ആഫ്രിക്കൻ, തെക്ക് പടിഞ്ഞാറൻ ആഫ്രിക്കൻ, തെക്ക് കിഴക്കൻ ആഫ്രിക്കൻ, കേപ്പ്  എന്നിവയാണവ. ഇതിൽ ബാർബറി സിംഹവും, കേപ്പ് സിംഹവും ഭൂമുഖത്തോടു വിടപറഞ്ഞു. ഏഷ്യൻ ആഫ്രിക്കൻ ഇനങ്ങളാണ് ഇന്ന് പ്രധാനമായുള്ളത്. ഗുജറാത്ത് കത്തിയവാറിലെ ഗിർ വനങ്ങളിൽ ഇന്ന് നാനൂറോളം ഏഷ്യാറ്റിക് സിംഹങ്ങളുണ്ട്. 

ഏഷ്യനും ആഫ്രിക്കനും 

ശരാശരി 9 അടി നീളമുള്ള ശരീരമാണ് ഇരുവർക്കുമുള്ളത്. പത്തടി ഏഴിഞ്ച് നീളമെത്തിയ ആഫ്രിക്കനും, ഒമ്പതടി ഏഴിഞ്ച് എത്തിയ ഏഷ്യനുമാണ് ഇതിൽ റെക്കോർഡിട്ടത്. തീറ്റ കഴിഞ്ഞുള്ള ശരീര ഭാരം ചില ഇനങ്ങളിൽ ശരാശരി 250 കിലോഗ്രാമോളം വരാം. ‘സട കുടഞ്ഞെഴുന്നേൽക്കുന്നു’ എന്നു പറയുന്നതുപോലെ  ആൺ സിംഹത്തിന്റെ  മുഖ്യ പ്രത്യേകത സടയാണ്. ഏഷ്യൻ ഇനത്തിന്റെ സടയുടെ രോമസമൃദ്ധി കുറവാണെന്നു മാത്രം. എന്നാലും ഇവയ്ക്ക് സമൃധമായ രോമങ്ങളുള്ള രോമക്കുപ്പായമുണ്ടാകും. പള്ളവശത്തെ അതിരുള്ള രോമക്കൂട്ടവും, കതിരുപോലെയുള്ള വാലഗ്രവും കാൽമുട്ടിലെ രോമ സമൃധിയും ഇവർക്കുണ്ടാകും. സടയുടെ നിറം ഇരുണ്ടതോ ഇളം നിറത്തിലോ ആവാം. മഞ്ഞ, തവിട്ട് നിറം മുതൽ, ഇളം വൈക്കോൽ എന്നിങ്ങനെ വിവിധ നിറങ്ങൾ ശരീരത്തിൽ കാണാം. വിളറി വെളുത്ത പള്ളവശവും, കറുത്ത വാലറ്റവും. പിറന്നു വീഴുന്ന കുട്ടിക്ക് കറുപ്പ്,തവിട്ട് നിറത്തിലുള്ള പുള്ളികളും കാണാം.സ്വഭാവ സവിശേഷതകൾ രണ്ടിനങ്ങൾക്കും ഏതാണ്ട് ഒരുപോലെയാണ്. പകൽ മരത്തണലിൽ ഉറക്കവും വിശ്രമവും. സന്ധ്യയോടെ വേട്ട. പെൺ സിംഹങ്ങൾ കൂട്ടുചേർന്ന് ഇരയെ പിടിക്കുമ്പോൾ കുട്ടികളെ സംരക്ഷിച്ച് ആൺ സിംഹം മാറി നിൽക്കും. പകൽ മേച്ചിൽ കഴിഞ്ഞു പോകുന്ന, രാവിലെ മേയാനിറങ്ങുന്ന കാലികളെ സിംഹങ്ങൾ ഗിർ വനത്തിൽ ആക്രമിക്കുന്നു. അവകാശികളില്ലാത്ത ജഡവും തിന്നും. അഞ്ചു കിലോഗ്രാമോളം മാംസം ഒരു ദിവസം വേണം. മുപ്പതു കിലോഗ്രാം വരെ  ഒരുമിച്ചു കഴിക്കാൻ കഴിയും.

കൂട്ടായ്മയുടെ ജീവിതം

മറ്റ് മാർജാര ഇനങ്ങളിൽ നിന്നും വ്യത്യസ്തമായി സമൂഹജീവിതമാണ് സിംഹങ്ങൾക്കുള്ളത്. ആണും, പെണ്ണും, കുട്ടികളുമടങ്ങുന്ന കൂട്ടുകുടുംബം. ഏതാനും പെൺസിംഹങ്ങൾ, അതിൽ താഴെയെണ്ണം ആൺ സിംഹങ്ങൾ എന്നിവയടങ്ങുന്ന സംഘങ്ങളാണ് സാധാരണ കാണപ്പെടുക. ഇവയിൽ 2-15  സംഘാംഗങ്ങളുണ്ടാവാം. കുളമ്പുവർഗത്തിൽപ്പെട്ട ഇരകളെ കീഴടക്കുന്നത് പെണ്‍ സിംഹങ്ങളാണ്. ഒക്ടോബർ-നവംബർ മാസങ്ങളിലാണ് ഗിർ വനത്തിലെ സിംഹങ്ങൾ ഇണ ചേരുന്നത്. ജനുവരി–ഫെബ്രുവരി മാസങ്ങളിലാണ് പ്രസവം. 116 ദിവസമാണ് ഇവയുടെ ഗർഭകാലം. സാധാരണ രണ്ട് കുട്ടികൾ.  പ്രസവങ്ങൾ തമ്മിൽ  ഒന്നര-രണ്ട് വർഷം ഇടവേള. ആൺ സിംഹം പ്രായപൂർത്തിയെത്തുന്നത് അഞ്ച് വർഷമാകുമ്പോഴാണ്. കുട്ടികളെ കാത്തു സൂക്ഷിക്കാനും, തീറ്റ തേടി കൊടുക്കാനും സഹായിച്ച് പെണ്ണിനും കുട്ടികൾക്കുമൊപ്പം അവർ കഴിയുന്നു. രണ്ടര-മൂന്നര വയസ്സിൽ ആദ്യ പ്രസവം പെൺ സിംഹങ്ങളിൽ നടക്കും. കാട്ടിൽ 10-14 വർഷമാണ് ആയുസ്സ്. കുട്ടികൾ 2-5 എണ്ണം. മൃഗശാലയിൽ 20 വർഷംവരെ ജീവിച്ചവയുമുണ്ട്.  

രാജാവിനെ കാക്കാൻ

1978-ൽ ഇന്ത്യയിലെ സിംഹങ്ങളുടെ എണ്ണം 200 ആയിരുന്നു. 1972-ൽ വനം വന്യജീവി സംരക്ഷണ നിയമപ്രകാരം ഇന്ത്യൻ സിംഹങ്ങളെ സംരക്ഷിക്കാൻ ശ്രദ്ധ നൽകിയിട്ടുണ്ട്. ഇതിനായി പദ്ധതികളുമുണ്ട്. ഇന്ന് ഗിർവനങ്ങളിൽ അഞ്ഞൂറിലധികം സിംഹങ്ങളുണ്ടെങ്കിലും ഇവയുടെ നിലനിൽപ് നേരിടുന്ന പ്രശ്നങ്ങളുണ്ട്. ഗിർ വനങ്ങളിൽ മാത്രമാണ് ഇവയുടെ സാന്നിധ്യമുള്ളത് എന്നത് വലിയ പ്രശ്നമാണ്. അതിനാൽ ഇവയുടെ  ജനിതക വൈവിധ്യം ഏറെ കുറവാണ്  അതിനാൽ  തന്നെ രോഗപ്രതിരോധ ശേഷിയിലും കുറവുകളുണ്ട്.  കൂട്ടമായി  ജീവിക്കുന്നതിനാൽ  രോഗങ്ങൾ പടർന്നു  പിടിക്കാൻ  എളുപ്പമാണ്. ഇത് മുന്നിൽ കണ്ടുകൊണ്ടാണ്  സുപ്രീം കോടതി നിർദേശ പ്രകാരം 2009-ൽ കുറച്ച് സിംഹങ്ങളെ ഗിർ വനത്തിൽ നിന്ന് മാറ്റി പാർപ്പിക്കാൻ നാഷണൽ ബോർഡ് ഫോർ വൈൽഡ് ലൈഫ് തീരുമാനമെടുത്തത്. 

മധ്യപ്രദേശിലെ കുനോ വന്യജീവി സങ്കേതമാണ് ഇതിനായി തിരഞ്ഞെടുത്തത്. 2013-ൽ ഇൗ പദ്ധതി നടപ്പിലാക്കാൻ സുപ്രീം കോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. എന്നാൽ ഗുജറാത്ത് സംസ്ഥാനം ആവരുടെ അഭിമാനമായ സിംഹത്തെ കൈമാറുന്നതിൽ എതിർപ്പു പ്രകടിപ്പിക്കുന്നു. ഒരു ആൺ സിംഹത്തിന് ആവശ്യമായ 85 ചതുരശ്ര കിലോമീറ്ററും പെൺ സിംഹത്തിനു വേണ്ട 35 ചതുരശ്ര കിലോമീറ്റർ സ്ഥല വിസ്തൃതിയും മധ്യപ്രദേശിൽ ഇല്ലായെന്ന വാദമാണ് ഗുജറാത്തിന്റേത്. ഒരു സ്ഥലം മാത്രം  കേന്ദ്രീകരിച്ച് സിംഹങ്ങളെ പാർപ്പിക്കുന്നത് അവരുടെ നിലനിൽപ്പിന് അപകടകരമാകുമെന്ന് വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു.

  ഗീർ വനത്തിൽ ഇപ്പോൾ സംഭവിക്കുന്നത്?

നായ്ക്കളെ ബാധിക്കുന്ന പകർച്ചവ്യാധിയാണ് കനൈൻ ഡിസ്റ്റെംപർ. പാരാമിക്സോ കുടുംബത്തിലെ, മോർബിലി ജനുസ്സിൽപ്പെട്ട വൈറസാണിത്. ഇൗ രോഗമാണ് നായ്ക്കളിൽ നിന്ന് കന്നുകാലികളിൽ അല്ലെങ്കിൽ ജലസ്രോതസ്സു വഴി സിംഹങ്ങളിലെത്തിയതെന്ന് കരുതപ്പെടുന്നു. വാക്സിനേഷൻ ആണ് രോഗപ്രതിരോധ മാർഗം. കിഴക്കൻ ആഫ്രിക്കയിലെ മുപ്പത് ശതമാനത്തോളം ആഫ്രിക്കൻ സിംഹങ്ങളെ കൊന്നൊടുക്കിയ ഭീകരനാണ് ഇൗ വൈറസ്. 1994-ൽ ടാൻസാനിയായിലെ സെറൻഗെട്ടി നാഷണൽ പാർക്കിൽ ആയിരത്തോളം  സിംഹങ്ങൾ ഇൗ രോഗംമൂലം മരിച്ചത് നമുക്ക് നൽകുന്ന മുന്നറിയിപ്പാണ്. ഇൗ വർഷം ഗിർ വനത്തിൽ ജീവൻ നഷ്ടപ്പെട്ട 23 സിംഹങ്ങളിൽ 21എണ്ണം ഇൗ രോഗബാധമൂലമാണ് മരണമടഞ്ഞത്. ഒപ്പം ബബീസിയ എന്ന രക്തപരാദ പ്രശ്നവും, ആ രോഗം  പടർത്തുന്ന ബാഹ്യപരാദമായ പട്ടുണ്ണിയുടെ പ്രശ്നങ്ങളുമുണ്ട്.  പെട്ടെന്നുണ്ടാകുന്ന വ്യാപകമായ ഒരു രോഗബാധ ഭൂമിയിലെ ഏറ്റവും ശക്തനായ  ഒരു ജന്തു ഇനത്തെ പൂർണ്ണമായും തുടച്ചുനീക്കാനുള്ള സാധ്യത മുന്നിൽ കണ്ടുകൊണ്ട് കുറച്ച് ഏഷ്യൻ സിംഹങ്ങളെ  മധ്യപ്രദേശിലേക്ക് മാറ്റണമെന്ന ആവശ്യം വീണ്ടും ശക്തമാകുകയാണ്. 

ഞങ്ങൾ ചേർന്നാൽ

സിംഹം കടുവയുമായി ഇണ ചേർന്നുണ്ടാകുന്ന  സങ്കരയിനങ്ങളാണ് ലൈഗേഴ്സും, ടൈഗോൺസും. ആൺ സിംഹവും പെൺ കടുവയും ഇണ ചേർന്നാൽ ലൈഗർ എന്ന സങ്കരയിനവും, പെൺ സിംഹവും ആൺ കടുവയും ആണെങ്കിൽ ടൈഗോൺ എന്നും വിളിക്കും. പുള്ളിപ്പുലിയുമായി സിംഹം ഇണ ചേർന്നാൽ ലെപ്പോൻസ്എന്നും, ജഗ്വാറുമായി ചേർന്നാൽ  ജാഗ്ലിയോൺസ് എന്നുമാണ് അറിയപ്പെടുന്നത്. എന്നാൽ യഥാർത്ഥ ഇനങ്ങളെ സംരക്ഷിക്കുന്നതിന്റെ പ്രധാന്യം കണക്കിലെടുത്ത് ഇത്തരം സങ്കരയിനങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ല.  ലൂസിസം എന്ന ജനിതക മാറ്റത്തിലൂടെ ദക്ഷിണാഫ്രിക്കയുടെ കിഴക്കൻ പ്രദേശങ്ങളിൽ വെള്ള സിംഹങ്ങൾ കാണപ്പെടുന്നു. 

English Summary: Lions Death In Gujarat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com