ADVERTISEMENT

ഫ്ലോറിഡയിൽ  ശൈത്യകാലം ശക്തമായതോടെ മരങ്ങളുടെ സമീപത്തേക്കു പോകുന്നവർക്ക് ജാഗ്രതാ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് നാഷണൽ വെതർ സർവീസ്. അതിശൈത്യവും മരങ്ങളും തമ്മിൽ എന്ത് ബന്ധം എന്നല്ലേ? മരങ്ങളിൽ നിന്നും  തണുത്തുറഞ്ഞ ഇഗ്വാനകൾ എപ്പോൾ വേണമെങ്കിലും താഴേക്കുപതിക്കാം എന്നതിനാലാണിത്.

തണുപ്പുകാലമാകുമ്പോൾ ഇഗ്വാനകൾ ഉറങ്ങാൻ തെരഞ്ഞെടുക്കുന്നത് മരങ്ങളാണ്. അതിശൈത്യത്തെ പ്രതിരോധിക്കാനാവാതെ ശരീരം  തണുക്കുമ്പോൾ അവ പിടിവിട്ടു താഴേക്കു പതിക്കുകയും ചെയ്യും. ഇങ്ങനെ വീഴുന്ന വഴിയിൽ ജീവനുള്ളവയും അല്ലാത്തവയുമുണ്ടാകാമെന്ന് വെതർ സർവീസ് പറയുന്നു. പൂർണവളർച്ചയെത്തിയ ആൺ വർഗത്തിൽപ്പെട്ട ഇഗ്വാനകൾക്ക് 7 അടി വരെ നീളവും 9 കിലോഗ്രാം വരെ ഭാരവും ഉണ്ടാകാം. ഇവ വാഹനങ്ങളിലേക്കോ മനുഷ്യരുടെ ശരീരത്തിലേക്കോ പതിച്ചാൽ അപകടം പറ്റാൻ സാധ്യതയേറെയാണ്. അതിനാൽ മരങ്ങൾക്കു സമീപത്തേക്ക് പോകുന്നവർ അതീവ ജാഗ്രത പുലർത്തണമെന്നാണ് മുന്നറിയിപ്പ്.

ഫ്ലോറിഡയിലെ താപനില വരുംദിവസങ്ങളിൽ മൈനസ് ഡിഗ്രിയിലേക്കു പോകുമെന്നാണ് കാലാവസ്ഥാപ്രവചനം. ഇതോടെ ഇവിടുത്തെ പ്രധാന വാട്ടർ പാർക്കുകളടക്കം അടച്ചിരിക്കുകയാണ്. അന്തരീക്ഷതാപനില 10 ഡിഗ്രി സെൽഷ്യസിൽ താഴെ ആകുന്നതോടെ ഇഗ്വാനകളുടെ ചലനം മന്ദഗതിയിലാകും. താപനില വീണ്ടും താഴ്ന്ന ഏഴ് ഡിഗ്രിയിലും താഴെയാകുന്നതോടെ ഇവ ചലിക്കാൻ പറ്റാത്ത അവസ്ഥയിലാകും.  ഇത്തരത്തിലാണ് മരങ്ങളിൽ നിന്നും പിടിവിട്ട് ഇഗ്വാനകൾ താഴേക്കു പതിക്കുന്നത്. താഴെ വീണ അവസ്ഥയിലുള്ളവയെ ശല്യം ചെയ്യാതെതിരിക്കുന്നതാണ് ഏറ്റവും ഉചിതം എന്നാണ് കാലാവസ്ഥാ കേന്ദ്രം പറയുന്നത്. നേർത്ത സൂര്യപ്രകാശമേറ്റാൽ തന്നെ അവയുടെ രക്തചംക്രമണം വേഗത്തിലാകുകയും പൂർവസ്ഥിതിയിലേക്ക് സ്വയമെത്തുകയും ചെയ്യും.

മിയാമി നാഷണൽ വെതർ സർവീസിന്റെ ഒഫീഷ്യൽ ട്വിറ്റർ പേജിലൂടെയാണ് മുന്നറിയിപ്പു നൽകിയിരിക്കുന്നത്. ട്വീറ്റിന് മറുപടിയായി മരങ്ങളിൽ നിന്നും തണുത്തുറഞ്ഞ് താഴെ വീണ ഇഗ്വാനകളുടെ ചിത്രങ്ങളും നിരവധിയാളുകൾ പങ്കുവെച്ചിട്ടുണ്ട്.

മനുഷ്യര്‍ തന്നെയാണ് ഗ്രീന്‍ ഇഗ്വാനകള്‍ ഉള്‍പ്പടെയുള്ള എല്ലാ അധിനിവേശ ജീവികളെയും ഫ്ലോറിഡയിലേക്കെത്തിച്ചത്. വളര്‍ത്താന്‍ കൊണ്ടുവന്ന ശേഷം പിന്നീട് ഉപേക്ഷിച്ചതാണ് ഇപ്പോഴത്തെ ജീവികളുടെ പൂര്‍വ്വികരെ. അനുകൂല സാഹചര്യങ്ങളും കാലാവസ്ഥയും ഭക്ഷണവുമെല്ലാം ഒത്തുവന്നതോടെ ഇവയുടെ എണ്ണം ക്രമാതീതമായി വർധിച്ചു. ഇവയില്‍ മറ്റു ജീവികള്‍ ഉണ്ടാക്കുന്നതിനേക്കാള്‍ പല മടങ്ങ് ഇരട്ടി പ്രശ്നങ്ങളാണ് ഗ്രീന്‍ ഇഗ്വാനകള്‍ ഉണ്ടാക്കുന്നത്.

English Summary: Iguanas Are 'Freezing' and Falling From Trees in Florida

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com