ADVERTISEMENT

ഇന്ത്യയിൽ മനുഷ്യരും വന്യമൃഗങ്ങളുമായുള്ള സംഘട്ടനം രൂക്ഷമാകുന്ന വാർത്തകളാണ് ഒരോ ദിവസം പുറത്തുവരുന്നത്.ശക്തമായ നടപടികളിലൂടെയും ആസൂത്രിതമായ പദ്ധതികളിലൂടെയുമാണ് ശുഷ്കിച്ചു തുടങ്ങിയിരുന്ന വന്യജീവികളുടെ എണ്ണം ഇവിടെ വർധിപ്പിക്കാനായത്. എന്നാല്‍ വന്യജീവികളുടെ എണ്ണം വർധിപ്പിക്കാനുള്ള ശ്രമത്തിനിടയില്‍ വലിയൊരു പിഴവുകൂടി സംഭവിച്ചു. അവയ്ക്കാവശ്യമായ വാസസ്ഥലം ഉറപ്പാക്കാൻ കഴിയാതെ പോയി. ഇതാണ് ഇന്ന് വർധിച്ചു വരുന്ന വന്യജീവി ആക്രമണങ്ങളിലേക്ക് നയിച്ച പ്രധാന ഘടകം. ഇതുമൂലം മൃഗങ്ങളും മനുഷ്യരും തമ്മിലുണ്ടാകുന്ന സംഘട്ടനത്തിൽ ദിവസവും ഒരാൾ വീതം മരണപ്പെടുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ആനകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ കൂടുതലും പശ്ചിമബംഗാള്‍ സ്വദേശികളാണ്.

വനഭൂമികൾ കൈയേറി കൃഷിയിടങ്ങളാക്കിയ സ്ഥലങ്ങളിലാണ് ആനകൾ പതിവായി ഇറങ്ങുന്നത്. ജനവാസ കേന്ദ്രങ്ങളിലിറങ്ങിയ ഇവയെ മനുഷ്യർ നേരിടുന്നത് ക്രൂരമായാണ്. പടക്കമെറിഞ്ഞും തല്ലിയോടിച്ചും വലിയ ശബ്ദമുണ്ടാക്കിയുമൊക്കെയാണ് ഇവയെ കാട്ടിലേക്ക് തുരത്തുന്നത്. കാട്ടാനകൾ നേരിടുന്ന ക്രൂരതയുടെ നേർചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

കൃഷിയിടത്തിലിറങ്ങിയ ആനയെ പിന്നിലൂടെ ഓടിയെത്തി ക്രൂരമായി മർദിക്കുന്ന യുവാവിന്റെ ദൃശ്യങ്ങളാണിത്. ഗ്രാമവാസികളെ കണ്ട്  ഭയന്നോടിയ ആനയുടെ പിന്നാലെ ചെന്നായിരുന്നു ഇയാളുടെ ക്രൂരമായ ആക്രമണം. ആനയെ ആക്രമിച്ചിട്ടോടിയ ഇയാളുടെ പിന്നാലെ ആന പായുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്തായാലും തലനാരിഴയ്ക്കാണ് ഇയാൾ ആനയുടെ പിടിയിൽ നിന്നും രക്ഷപെട്ടത്. കഴിഞ്ഞ ദിവസം പശ്ചിമബംഗാളിലെ ഝാർഗ്രാം ഗ്രാമത്തിലും സമാനമായ രീതിയിലുള്ള സംഭവം നടന്നിരുന്നു. അവിടെ കൃഷിയിടത്തിലിറങ്ങിയ കാട്ടാനയുടെ വാലിൽ പിടിച്ചു വലിച്ചാണ് ഉപദ്രവിച്ചത്.കാട്ടാനയെ ഉപദ്രവിക്കുന്ന ആളുകൾക്കെതിരെ കടുത്ത അമർഷമാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

ആനകളുടെ ആക്രമണം ഉണ്ടായതില്‍ ഭൂരിഭാഗവും പരമ്പരാഗതമായി ആനത്താരകളായിരുന്ന പ്രദേശങ്ങളിലായിരുന്നുവെന്നതാണ് ശ്രദ്ധേയം. അതായത് മനുഷ്യരുടെ കയ്യേറ്റം തന്നെയാണ് ആനകളുടെ ആക്രമണത്തിലേക്ക് നയിച്ചതെന്നു വ്യക്തം. വന്യമൃഗസംരക്ഷണം ഊർജിതപ്പെടുത്തിയ കാലഘട്ടത്തില്‍ തന്നെ നഗരവൽക്കരണവും പലമടങ്ങ് വർധിച്ചതാണ് വാസസ്ഥലത്തിനു വേണ്ടി മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള പോരാട്ടം രൂക്ഷമാകാന്‍ കാരണമായത്. 

English Summary: Man escapes after hitting innocent elephant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com