ADVERTISEMENT

ശരീരത്തിൽ  വെടിയുണ്ടയേറ്റതോ കൂർത്ത ആയുധം കൊണ്ട് കുത്തേറ്റോ ഉണ്ടായ മുറിവുകളുമായി ചത്ത നിലയിൽ രണ്ട് ഡോൾഫിനുകളാണ് കഴിഞ്ഞദിവസം ഫ്ളോറിഡയുടെ തീരത്തടിഞ്ഞത്‌. എന്നാൽ ഇത് ആദ്യത്തെ സംഭവമല്ല. കുറച്ചുവർഷങ്ങളായി ഇത്തരത്തിൽ ചത്തു തീരത്തടിയുന്നത് നിരവധി ഡോൾഫിനുകളാണ്.  

ശരീരത്തിൽ ആഴത്തിൽ മുറിവേറ്റ ഒരു ഡോൾഫിനെ ഫ്ളോറിഡാ ഫിഷ് ആൻഡ് വൈൽഡ് ലൈഫ് കൺസർവേഷനിലെ ജീവശാസ്ത്ര ഗവേഷകർ  കണ്ടെത്തിയത് നേപ്പിൾസിനു സമീപമുള്ള തീരത്തുനിന്നാണ്.  ഏതാനും ദിവസങ്ങൾക്ക് ശേഷം ശരീരത്തിന്റെ ഇടതുഭാഗത്ത് വെടിയുണ്ടയുമായി മറ്റൊരു ഡോൾഫിനെ ജീവൻ നഷ്ടപ്പെട്ട നിലയിൽ പെൻസകോള തീരത്തു നിന്നും ലഭിച്ചു.

അമേരിക്കയുടെ തെക്കുകിഴക്കൻ പ്രദേശത്തുനിന്നും അസാധാരണ മുറിവുകളുമായി 2002 നുശേഷം ഇതുവരെ 29 ഡോൾഫിനുകളെ കണ്ടെത്തിയതായി അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ഒരു വർഷത്തിനിടെ ഇത്തരത്തിൽ നാല് ഡോൾഫിനുകളെയാണ് കണ്ടെത്തിയത്. 

ഇത്തരത്തിൽ ഡോൾഫിനുകളെ ആക്രമിക്കുന്നതിന് പിന്നിലെ കാരണം വ്യക്തമല്ല. സഞ്ചാരികൾ ഡോൾഫിനുകൾക്ക് ആഹാരം നൽകുന്നതിനിടെ സംഭവിക്കുന്ന അപകടങ്ങളാവാം ഇതെന്നാണു കരുതുന്നത്. 

ആഹാരം ലഭിക്കുന്നതിനായി ബോട്ടുകൾക്കു സമീപമെത്തുന്ന ഡോൾഫിനുകൾ ബോട്ടുമായി കൂട്ടിയിടിക്കുന്നതു മൂലവും ധാരാളം അപകടങ്ങൾ ഉണ്ടാകുന്നുണ്ട്. ആഹാരം ലഭിക്കുമ്പോൾ മനുഷ്യരോടുള്ള  ഭയം ഡോൾഫിനുകൾക്കില്ലാതാകും. ഇങ്ങനെ അവ മനുഷ്യരുടെ സമീപത്തേക്ക് കൂടുതലായെത്തുകയും ചെയ്യുമെന്ന് ഡോൾഫിനുകളെ സംരക്ഷിക്കാനുള്ള  സംഘത്തിൻറെ കോർഡിനേറ്റർ ആയ സ്റ്റേസി ഹോസ്റ്റ്മാൻ പറയുന്നു.  സന്ദർശനത്തിനെത്തുന്നവർക്ക് ഡോൾഫിനുകൾക്ക് ആഹാരം നൽകാൻ ശ്രമിക്കരുതെന്ന നിർദ്ദേശമാണ് അധികൃതർ മുന്നോട്ടുവയ്ക്കുന്നത്. നിർദോഷകരം എന്ന് കരുതുന്ന ചെയ്തിയിലൂടെ അനേകം ഡോൾഫിനുകളുടെ ജീവൻ തന്നെ നഷ്ടപ്പെടുന്നതിനാലാണിത്.

English Summary: Someone Shot A Dolphin In The Face And Left It To Die

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com