ADVERTISEMENT

ഇണയെ തേടി രണ്ട് വർഷത്തോളം അലഞ്ഞു നടന്ന ചാരനിറത്തിൽ പെട്ട പെൺ ചെന്നായായെ ചത്ത നിലയിൽ കണ്ടെത്തി. നാലു വയസ്സ് പ്രായമുള്ള OR-54 എന്ന് അറിയപ്പെടുന്ന പെൺ ചെന്നായ ഒാറിഗണിന്റെയും കലിഫോർണിയയുടെയും അതിർത്തികൾക്കുള്ളിൽ രണ്ടുവർഷം കൊണ്ട് അലഞ്ഞത് 8700 മൈലുകൾ ആണ്.  അതായത് ഒരു ദിവസം ഏകദേശം 21 കിലോമീറ്റർ എന്ന കണക്കിൽ അത് യാത്ര ചെയ്തത് പതിനാലായിരത്തോളം കിലോമീറ്ററുകളാണ്.

കാനിസ് ലൂപസ് എന്നാണ് ചാരനിറത്തിൽ പെട്ട ചെന്നായകളുടെ ശാസ്ത്രീയനാമം.വടക്കുകിഴക്കൻ കലിഫോർണിയയിൽ ഫെബ്രുവരി അഞ്ചിനാണ് OR-54നെ ചത്ത നിലയിൽ കണ്ടെത്തിയത്. ചെന്നായയുടെ കഴുത്തിൽ ഘടിപ്പിച്ചിരുന്ന റേഡിയോ കോളറിന്റെ  പ്രവർത്തനം ഡിസംബറിൽ നിലച്ചിരുന്നു. അതിനാൽ ചെന്നായ മരണപ്പെടാനുള്ള സാഹചര്യം  കൃത്യമായി കണ്ടുപിടിക്കാനായിട്ടില്ല.  ചെന്നായ എങ്ങനെ മരണപ്പെട്ടു എന്ന് കണ്ടുപിടിക്കുന്നതിനായി അന്വേഷണം നടത്തിവരികയാണെന്ന് അധികൃതർ വ്യക്തമാക്കി. ഇവിടെ ചെന്നായ്ക്കളെ കൊല്ലുന്നത് തടവുശിക്ഷ വരെ ലഭിച്ചേക്കാവുന്ന കുറ്റകൃത്യമാണെന്ന് കലിഫോർണിയയിലെ മത്സ്യ-വന്യജീവി വിഭാഗം വ്യക്തമാക്കി 

ഒറിഗണിൽ ജനിച്ച OR- 7 എന്ന ചാരനിറത്തിൽ പെട്ട ചെന്നായയാണ് OR-54ന്റെ പിതാവ്. വടക്കുകിഴക്കൻ കലിഫോർണിയയിൽ ഇതേരീതിയിൽ അലഞ്ഞുനടന്ന OR- 7 , 2013ലാണ് തന്റെ ഇണയെ കണ്ടെത്തിയത്. അതിനു ശേഷം തിരികെ ഓറിഗണിലേക്ക് മടങ്ങുകയും ചെയ്തു. 

2017 ലാണ് OR-54നെ അധികൃതർ റേഡിയോ കോളർ ധരിപ്പിച്ചത്. അതിനുശേഷമാണ് പെൺ ചെന്നായ ആദ്യമായി കലിഫോർണിയയുടെ അതിർത്തി കടന്നതും. അലഞ്ഞു നടന്ന കാലയളവിൽ ബ്യൂട്ട്‌, ലാസെൻ, മൊഡോക്, നെവാഡ, പ്ലമസ്, ഷാസ്ത, സിയേര, സിസ്കിയു, ടെഹാമ എന്നീ പ്രദേശങ്ങളിൽ OR-54 സമയം ചിലവഴിച്ചിരുന്നു. രാജ്യത്തിന്റെ തെക്കുഭാഗത്ത് ചെന്നായ്ക്കൾ അധികമായുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു OR-54ന്റെ യാത്ര. കലിഫോർണിയയിലേക്ക് ചെന്നായകൾ മടങ്ങിയെത്തുകയും അവയുടെ എണ്ണം വർധിക്കുകയും ചെയ്യുമെന്നതിന് പ്രതീക്ഷയായിരുന്നു OR-54 എന്ന് സെൻറർ ഫോർ ബയോളജിക്കൽ ഡൈവേഴ്സിറ്റിയിലെ ഉദ്യോഗസ്ഥനായ അമറോക് വെയ്സ് പറഞ്ഞു.

വേട്ടയാടലിന്റെ ഫലമായി ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഈ വിഭാഗത്തിൽ പെട്ട ചെന്നായകൾ വംശനാശത്തോട് അടുത്തിരുന്നു. എന്നാൽ ഇന്ന് അവയുടെ എണ്ണത്തിൽ വർധനവുണ്ടായി വരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതേതുടർന്ന് ഫെഡറൽ എൻഡേർജേർഡ് സ്പീഷീസ് ആക്ടിൽ നിന്നും ഇവയെ നീക്കം ചെയ്യുകയും ചെയ്തു.  പരിസ്ഥിതി സംരക്ഷണത്തിനായി ചെന്നായ്ക്കളുടെ എണ്ണം പെരുകുന്നത് പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ടെങ്കിലും അവ കന്നുകാലികളെ ആക്രമിക്കാൻ സാധ്യതയുള്ളതിനാൽ കൃഷിക്കാർക്ക് വെല്ലുവിളിയും ഉയർത്തുന്നുണ്ട്. 

ഇന്ന് ഒരു ഡസനിൽ താഴെ ചെന്നായ ഇനങ്ങൾ മാത്രമാണ് കലിഫോർണിയയിലുള്ളത്. കറുപ്പുനിറത്തിൽ പെട്ട ചെന്നായ്ക്കളാണ് കഴിഞ്ഞ നൂറ്റാണ്ടിൽ  ഏറ്റവുമധികം  ഉണ്ടായിരുന്നത്. എന്നാൽ 2015 ഓടെ ഈ വർഗം കലിഫോർണിയയിൽ നിന്നും അപ്രത്യക്ഷമായി.

English Summary: Lone Wolf Who Roamed Nearly 9,000 Miles In Search Of Mate Found Dead

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com