ADVERTISEMENT

കഴിഞ്ഞ കുറച്ചുവർഷങ്ങളായി ഉഗ്രവിഷമുള്ള തേളുകളുടെ ആക്രമണം ബ്രസീലിൽ വർധിച്ചുവരികയാണ്. ടിട്യസ് സെറുലാടസ്  എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന മഞ്ഞനിറമുള്ള തേളുകളാണ് ഇവയിലേറെയും. മനുഷ്യർക്ക് ഏറെ ഹാനികരമായ വിഷമാണ് ഈ തേളുകൾക്കുള്ളത്. ഇവയെ പ്രതിരോധിക്കാൻ മാർഗങ്ങളൊന്നും പര്യാപ്തമല്ലാതെ വന്നപ്പോൾ രാസവസ്തുക്കളുപയോഗിച്ച് അവയെ കൊല്ലാനുള്ള ഉത്തരവ് അധികൃതർ ഇറക്കി. എന്നാൽ ഇവയെ ഉന്മൂലനം ചെയ്യാൻ കൂടുതൽ ലളിതമായ മാർഗവുമായി മുന്നോട്ട് വന്നിരിക്കുകയാണ് ചില ഗവേഷകർ.

തേളുകളെ ഇരയാക്കുന്ന ജന്തുക്കളുടെ എണ്ണത്തിൽ കുറവു വന്നതാണ് അവ പെരുകാൻ കാരണമെന്ന കണ്ടെത്തലിൽ നിന്നുമാണ്  തവളകൾക്ക് അവയെ ഭക്ഷണമായി നൽകി പരീക്ഷണം നടത്താൻ ഗവേഷകർ തീരുമാനിച്ചത്.  ഇതിനായി തവിട്ടുനിറമുള്ള വർഗത്തിൽപ്പെട്ട 10 തവളകളെ പ്രത്യേകം പ്ലാസ്റ്റിക് പെട്ടികളിലാക്കി അവയ്ക്ക് ഓരോന്നിനും ഉഗ്രവിഷമുള്ള ഓരോ തേളുകളെ ഭക്ഷണമായി നൽകി നിരീക്ഷിക്കുകയായിരുന്നു ആദ്യപടി. ഭക്ഷണമായി നൽകിയ തേളുകളെ പത്തിൽ  ഏഴു തവളകളും അഞ്ച് സെക്കൻഡിനുള്ളിൽ ഒരു മടിയും കൂടാതെ ഭക്ഷിക്കുന്നതായി ഗവേഷകർ കണ്ടെത്തി. ഇതിന്റെ ദൃശ്യം  ചിത്രീകരിക്കുകയും ചെയ്തു.ചില തവളകളാകട്ടെ തേളുകളുടെ കൈകാലുകൾ നീക്കം ചെയ്തശേഷമാണ് അവയെ ഭക്ഷിച്ചത്.

തേളുകളെ ഭക്ഷിച്ച ശേഷം യാതൊരു ബുദ്ധിമുട്ടുകളും തവളകൾക്ക് അനുഭവപ്പെട്ടതായി കണ്ടില്ല. ഇത് ഉറപ്പുവരുത്തുന്നതിനായി അല്പസമയത്തിനു ശേഷം പാറ്റകളെയും അവയ്ക്ക് ഭക്ഷണമായി നൽകിയിരുന്നു.തേളുകളുടെ വിഷം പ്രതിരോധിക്കാനുള്ള തവളകളുടെ കഴിവ് അളക്കുന്നതിനായി 10 തേളുകളുടെ വിഷത്തിന് സമാനമായ അളവിൽ അവയിൽ വിഷം കുത്തി വച്ചു. മനുഷ്യർക്ക് ഏറെ മാരകമായ അത്രയും അളവിൽ വിഷം ചെന്നിട്ടും തവളകളിൽ യാതൊരു മാറ്റവും ഗവേഷകർക്കു കണ്ടെത്താനായില്ല. 

തളർച്ച, ഛർദ്ദി, ഉയർന്ന ഹൃദയമിടിപ്പ്, ശ്വസനത്തിൽ ബുദ്ധിമുട്ട് അനുഭവപ്പെടുക, രക്തസമർദം ക്രമാതീതമായി താഴ്ന്നു പോവുക തുടങ്ങിയവയാണ്  തേളുകളുടെ വിഷം ഉള്ളിൽ ചെന്നാൽ മനുഷ്യർക്കുണ്ടാകുന്ന ചില ലക്ഷണങ്ങളെന്ന്  പഠനത്തിന് നേതൃത്വം നൽകിയ കാർലോസ് ജറേഡ്  പറയുന്നു. എന്നാൽ ഉഗ്രവിഷമുള്ള തേളുകൾ ഉള്ളിൽ ചെന്നിട്ടും അസ്വാഭാവികമായ മാറ്റങ്ങളൊന്നും തവളകളിൽ കണ്ടെത്താനായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തവിട്ടുനിറത്തിൽ പെട്ട തവളകളെ സാധാരണ ഏറെ അറപ്പോടെയാണ് പലരും നോക്കിക്കാണുന്നത്. എന്നാൽ ഇവയുടെ എണ്ണം പെരുകുന്നത്  മനുഷ്യർക്ക് ഗുണകരമാണെന്ന് ഇതുവരെ കണ്ടെത്തിയിരുന്നില്ല.  തവളകൾ ഏത് വിധേനയാണ് ഈ ഉഗ്രവിഷം പ്രതിരോധിക്കുന്നതെന്നതിനെ സംബന്ധിച്ച് കൂടുതൽ പഠനം നടത്താനാണ് ഗവേഷകരുടെ തീരുമാനമെന്നും ജറേഡ് വ്യക്തമാക്കി.

 English Summary: Cururu Toad Eat A Venomous Yellow Scorpion Without Even Flinching

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com