ADVERTISEMENT

മനുഷ്യന്റെ ക്രൂരതകൾക്ക് ഏറ്റവും പുതിയ ഉദാഹരണമാണ് കൊടും തണുപ്പിൽ തണുത്തുമരവിച്ച രണ്ട് കരടിക്കുഞ്ഞുങ്ങളുടെ ജഡങ്ങൾ. കിഴക്കൻ റഷ്യയിലെ അനുചിൻസ്കി എന്ന സംസ്ഥാനത്തുകൂടി യാത്രചെയ്യുകയായിരുന്ന വേട്ടക്കാരാണ് ജഡങ്ങൾ കണ്ടെടുത്തത്. ഈ പ്രദേശത്ത് മരം വെട്ടാനെത്തിയവർ കുഞ്ഞുങ്ങൾക്കൊപ്പമുണ്ടായിരുന്ന അമ്മക്കരടിയെ അറക്കവാൾ ഉപയോഗിച്ച് വിരട്ടിയോടിച്ചു. ഇതേതുടർന്ന് കൊടുംതണുപ്പിൽ ഒറ്റപ്പെട്ട കുഞ്ഞുങ്ങൾ തണുത്തുവിറച്ച് ഒടുവിൽ മരണത്തിനു കീഴടങ്ങുകയായിരുന്നു. ഹിമാലയൻ കരടി വർഗത്തിൽ പെട്ട അമ്മയും കുഞ്ഞുങ്ങളുമാണ് ദുരന്തം നേരിട്ടത്.

മരം വെട്ടാനെത്തിയവർ മദ്യപിച്ചിരുന്നതായി സ്ഥലവാസികൾ പറയുന്നു. സംഘത്തിൽ എത്ര പേർ ഉൾപ്പെട്ടിരുന്നുവെന്ന് വ്യക്തമല്ല. മരങ്ങൾ മുറിച്ചശേഷം വനത്തിൽ കൂടി നടന്നു പോകുമ്പോഴാണ് കുഞ്ഞുങ്ങൾക്കൊപ്പം ഗുഹയിൽ ഉറങ്ങിക്കിടന്നിരുന്ന അമ്മക്കരടിയെ കണ്ടത്. മദ്യലഹരിയിൽ കരടിയെ ഉണർത്താൻ പലതവണ ശ്രമിച്ചു. ഒടുവിൽ ഉണർന്നപ്പോൾ കുഞ്ഞുങ്ങളെ ഉപദ്രവിക്കാനെത്തിയവരാണെന്ന് കരുത കരടി അവർക്കു നേരെ തിരിഞ്ഞു. ഇതേത്തുടർന്നാണ് അറക്കവാൾ ഉപയോഗിച്ച് അമ്മക്കരടിയെ അവർ ഭയപ്പെടുത്തിയോടിച്ചത്.

ഒറ്റപ്പെട്ട അവസ്ഥയിൽ ഭയന്നും തണുത്തുവിറച്ചുമാണ് കരടിക്കുഞ്ഞുങ്ങൾ ചത്തതെന്ന് വൈൽഡ് ലൈഫ് കൺട്രോൾ പ്രൊട്ടക്ഷൻ ആൻഡ് റെഗുലേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥനായ ദിമിത്രി  പാങ്കത്രോവ് വ്യക്തമാക്കി. ഭയന്നോടിയ അമ്മക്കരടി തിരികെ കൂട്ടിലേക്കെത്തിയിരുന്നില്ല. സംഭവത്തെക്കുറിച്ച് അധികൃതർ അന്വേഷണമാരംഭിച്ചിട്ടുണ്ട്.

English Summary: Bear cubs freeze to death after their mother is woken up by 'drunks'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com