പ്രകാശിക്കുന്ന സ്രാവുകളെ തേടിയിറങ്ങി, ഗവേഷകർക്കു മുന്നിൽപ്പെട്ടത് ഭീമൻ കണവ!

Researchers find giant squid
Image Credit: Photo: Brit Finucci, NIWA
SHARE

പഠനങ്ങൾ നടത്തുന്നതിനു വേണ്ടി ന്യൂസീലൻഡിലെ സമുദ്രത്തിലൂടെ  യാത്ര ചെയ്യുകയായിരുന്നു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ ആൻഡ് അറ്റ്മോസ്ഫറിക് റിസർച്ച് ലിമിറ്റഡിലെ ഗവേഷകർ. പെട്ടെന്നാണ് ബോട്ടുമായി ഘടിപ്പിച്ചിരുന്ന വലയിൽ എന്തോ ഒന്ന് കുടുങ്ങിയതായതായി അവരുടെ ശ്രദ്ധയിൽപെട്ടത്. വല പരിശോധിച്ചപ്പോൾ കണ്ടെത്തിയത് അദ്ഭുതപ്പെടുത്തുന്ന കാഴ്ചയായിരുന്നു. നാലു മീറ്ററോളം നീളമുള്ള ഒരു ഭീമൻ കണവ മത്സ്യത്തിന്റെ ജഢമാണ് വലയിൽ കുടുങ്ങിയത്.

സംഘത്തിലെ ആറുപേർ ചേർന്നാണ് കൂറ്റൻ മത്സ്യത്തെ വലയിൽനിന്നും  നീക്കം ചെയ്തത്. മത്സ്യത്തിൻറെ ജഡത്തിന് 110 കിലോഗ്രാം ഭാരമുണ്ടായിരുന്നതായി ഗവേഷകനായ ഡാരൻ സ്റ്റീവൻസ് പറയുന്നു. വലയിൽ കുടുങ്ങിയതിനു ശേഷമാണോ  മത്സ്യം ചത്തതെന്ന് വ്യക്തമല്ല. കണവ മത്സ്യവർഗത്തെക്കുറിച്ച് കൂടുതൽ പഠിക്കുന്നതിനായി ഭീമൻ മത്സ്യത്തിന്റെ ജഡം ഉപയോഗിക്കാനാണ് ഗവേഷകരുടെ തീരുമാനം. ഇതിനായി മത്സ്യത്തെ മുറിച്ച് ആന്തരികാവയവങ്ങൾ പുറത്തെടുത്തു. 

കണവ മത്സ്യങ്ങളുടെ ഭക്ഷണക്രമം തിരിച്ചറിയുന്നതിനായി മുൻപ് നടത്തിയ പഠനങ്ങൾ ഗവേഷകരെ ഏറെ കുഴക്കിയിരുന്നു. കാരണം ഇതിന് മുൻപ് പഠനത്തിനായി ഉപയോഗിച്ച കണവ മത്സ്യങ്ങളുടെയെല്ലാം ആമാശയം പൊള്ളയായ നിലയിലായിരുന്നു. ഭീമൻ കണവ മത്സ്യത്തിന്റെ ജീവിത ചക്രവും പ്രായവും നിർണയിക്കുന്നതിനായി അതിന്റെ തലയിൽ നിന്നുള്ള എല്ലും ഗവേഷകർ ശേഖരിച്ചിട്ടുണ്ട്.

എന്നാൽ ഭീമൻ കണവ മത്സ്യം മാത്രമായിരുന്നില്ല ന്യൂസീലൻഡിലെ സമുദ്രത്തിൽ ഗവേഷകരെ കാത്തിരുന്നത്. സ്വയം പ്രകാശിക്കാൻ സാധിക്കുന്ന നിരവധി സ്രാവുകളെയും അവർ കണ്ടെത്തി. എന്നാൽ ഇത് അപ്രതീക്ഷിതമായ കണ്ടെത്തലായിരുന്നില്ല എന്നു മാത്രം. സ്വയം പ്രകാശിക്കുന്ന സ്രാവുകളെ പറ്റി പഠനം നടത്തുന്നതിനായാണ് സംഘം സമുദ്രത്തിൽ എത്തിയതു തന്നെ. ഇന്നുവരെ കണ്ടെത്തിയതിൽ 11% സ്രാവ് വർഗങ്ങൾക്കും സ്വയം പ്രകാശിക്കാൻ കഴിവുള്ളതായി ഫ്രഞ്ച് ഗവേഷകനായ ഡോക്ടർ ജെറോം മല്ലെഫെട് പറയുന്നു.

വലുപ്പത്തിന്റെ കാര്യത്തിൽ താരതമ്യേന ചെറുതാണ് ഇത്തരം സ്രാവുകൾ. ശത്രുക്കളെ തുരത്താനും  ഇരകളെ ആകർഷിക്കാനും ഇണചേരുന്നതിനുമൊക്കെയാണ് ഇവ സാധാരണയായി സ്വയം പ്രകാശിക്കുന്നത്. പ്രത്യേകതരം ക്യാമറ ഉപയോഗിച്ച് പഠനത്തിനിടെ ലാന്റേൺ ഷാർക്ക്, ലൂസിഫർ ഡോഗ്ഷിഫ്, സീൽ ഷാർക്ക് എന്നീ വർഗത്തിൽപെട്ട സ്രാവുകളുടെ  ചിത്രങ്ങൾ പകർത്താനും സാധിച്ചതായി ഡോക്ടർ ജെറോം വ്യക്തമാക്കി.

English Summary: Researchers find giant squid and several glow-in-the-dark sharks off the coast of New Zealand

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
FROM ONMANORAMA