ADVERTISEMENT

മനുഷ്യര്‍ക്ക് വാസയോഗ്യമായ എല്ലാ പ്രദേശങ്ങളിലും കാണപ്പെടുന്ന ജീവിയാണ് പാമ്പ്. പല ഗണത്തിലും രൂപത്തിലും നിറത്തിലും വലുപ്പത്തിലുമുള്ള പാമ്പുകള്‍ എല്ലായിടത്തും മനുഷ്യര്‍ക്ക് ഭീതിവിതച്ചു കൊണ്ട് ഇഴഞ്ഞു നടപ്പുണ്ട്. എന്നാല്‍ മനുഷ്യര്‍ പണ്ട് മുതലേ താമസമാരംഭിച്ചെങ്കിലും പാമ്പുകളില്ലാത്തൊരു പ്രദേശം ഭൂമിയിലുണ്ടായിരുന്നു. യൂറോപ്യന്‍ രാജ്യമായ അയര്‍ലൻഡായിരുന്നു പാമ്പുകളില്ലാത്ത ആ പറുദീസ. എന്നാൽ കഴിഞ്ഞ ദിവസം അയർലൻഡിന് ആ പേര് നഷ്ടമായി. ഡബ്ലിൻ നിവാസിയായ 22 കാരന് പാമ്പുകടിയേറ്റതോടെയാണ് അയർലൻഡിന്റെ പാമ്പുകളില്ലാത്ത പ്രദേശമെന്ന ഖ്യാതി നഷ്ടമായത്. 

ആഫ്രിക്കയിലെയും പടിഞ്ഞാറൻ അറേബ്യയിലെയും വരണ്ട പ്രദേശങ്ങളിൽ കാണപ്പെടുന്ന പഫ് ആഡർ എന്ന വിഷപ്പാമ്പാണ് 22 കാരനെ കടിച്ചത്. പാമ്പുകടിയേറ്റ് കനോളി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചയാളെ ചികിത്സിക്കാൻ 130 മൈൽ അകലെയുള്ള ലിവർപൂൾ സ്കൂൾ ഓഫ് ട്രോപികൽ മെഡിസിനിൽ നിന്നാണ് പ്രതിവിഷമെത്തിച്ചത്. പാമ്പുകളില്ലാത്ത സ്ഥലമായതിനാൽ പ്രതിവിഷം ആശുപത്രിയില്ലായിരുന്നു. കൃത്യ സമയത്ത് ചികിത്സ ലഭിക്കാതിരുന്നാൽ പഫ് ആഡർ പാമ്പുകളുടെ കടി മരണകാരണമാകും. വളർത്തു പാമ്പാണ് 22 കാരനെ കടിച്ചതെന്ന് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി. ഇതാദ്യമായാണ് അയർലഡിൽ ഒരാൾക്ക് പാമ്പുകടിയേൽക്കുന്നതും പ്രതിവിഷം നൽകുന്നതും.

പാമ്പുകളില്ലാത്തതിനു പിന്നിൽ?

എന്തുകൊണ്ടാണ് ഇവിടെ മാത്രം പാമ്പുകളില്ലാത്തത് എന്ന ചോദ്യത്തിന് പഴമക്കാര്‍ നല്‍കുന്ന ഉത്തരം ഇതായിരുന്നു.

പാട്രിക് പുണ്യാളന്‍ പാമ്പുകളെ അയര്‍ലൻഡില്‍ നിന്നു കുടിയിറക്കി സമുദ്രത്തിലേക്കു പായിച്ചുവെന്നാണ് ഇവരുടെ വിശ്വാസം. പുണ്യാളന്റെ ആ പ്രവര്‍ത്തിയോടെ പാമ്പുകള്‍ക്ക് വിലക്കപ്പെട്ട പ്രദേശമായി അയര്‍ലൻഡ് മാറിയെന്നും ഒരു വിഭാഗം വിശ്വസിക്കുന്നു. എന്നാല്‍ ഈ വിശദീകരണത്തില്‍ തൃപ്തരല്ലാത്തതു കൊണ്ടാകണം അയര്‍ലൻഡിൽ പാമ്പുകള്‍ ഇല്ലാത്തിന്റെ യാഥാര്‍ഥ്യം തേടി ഒരു തവണ ശാസ്ത്രലോകവും രംഗത്തിറങ്ങിയിരുന്നു. തൃപ്തികരമായ ഒരുത്തരവും അവര്‍ കണ്ടെത്തിയിരുന്നു.

അയര്‍ലൻഡിലെ പാമ്പുകള്‍ എവിടേക്കും പോയതല്ലെന്നും അയര്‍ലൻഡില്‍ ഒരു കാലത്തും പാമ്പുകള്‍ ഉണ്ടായിരുന്നില്ലെന്നുമാണ് ഗവേഷകർ കണ്ടെത്തിയത്. ഏതാണ്ട് 100 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പ് പാമ്പുകള്‍ ഭൂമിയില്‍ ആവിര്‍ഭവിച്ചപ്പോള്‍ ഗ്വോണ്ടാന ലാന്‍ഡ് എന്ന ഒറ്റ വന്‍കരയായിരുന്നു ഉണ്ടായിരുന്നത്. ഈ സമയത്ത് അയര്‍ലൻഡ് ഈ കരയുടെ ഭാഗമായിരുന്നില്ല. അയര്‍ലൻഡ് പിന്നെയും ലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ക്കു ശേഷമാണ് സമുദ്രത്തിനടിയില്‍ നിന്നും പുറത്തേക്കു വന്നത്.

ഈ സമയത്താകട്ടെ അയര്‍ലൻഡ് ആര്‍ട്ടിക്കിനു തുല്യമായ രീതിയില്‍ മഞ്ഞു മൂടി കിടക്കുകയായിരുന്നു. മഞ്ഞു പാളികൾ വഴി അയര്‍ലൻഡ് ബ്രിട്ടനുമായി ബന്ധപ്പെട്ടു കിടന്നിരുന്നുവെങ്കിലും മഞ്ഞുമൂലം ഇവിടേക്കു കുടിയേറാന്‍ പാമ്പുകള്‍ താൽപര്യം പ്രകടിപ്പിച്ചില്ല. അയര്‍ലൻഡില്‍ നിന്ന് മഞ്ഞ് പൂര്‍ണമായും ഇല്ലാതാകുന്നത് 15000 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. എന്നാല്‍ ഈ സമയമായപ്പോഴേക്കും മഞ്ഞുരുകി ബ്രിട്ടനും അയര്‍ലൻഡിനുമിടയില്‍ പന്ത്രണ്ട് മൈല്‍ ദൂരത്തില്‍ സമുദ്രം രൂപപ്പെടുകയും ചെയ്തു. ഇതോടെ പാമ്പുകള്‍ക്ക് വിലക്കപ്പെട്ട പറുദീസ കീഴടക്കാനുള്ള അവസാന അവസരവും നഷ്ടമായി.അയര്‍ലൻഡിനെ കൂടാതെ ന്യൂസീലന്‍ഡ് മാത്രമാണ് പാമ്പുകളില്ലാത്ത സ്വാഭാവികമായ മനുഷ്യവാസം സാധ്യമായ പ്രദേശം.

English Summary: Venomous snake bite recorded for first time in Irish history

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com