ADVERTISEMENT

യാത്രക്കാർ സൂക്ഷിക്കുക. കൊള്ളയടിക്കാൻ സാധ്യതയുണ്ട്. തായ്‌ലൻഡിലെ ഒരു റോഡിൽ ഈ മുന്നറിപ്പ് ബോർഡ് സ്ഥാപിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. തായ്‌ലൻഡിലെ ഖാവോ ആങ് റൂ നായ് വന്യജീവി സങ്കേതത്തിലൂടെ കടന്നു പോകുന്ന പാതയിലാണ് വാഹനങ്ങൾ കൊള്ളയടിക്കപ്പെടുന്നത്.

ഈ പാതയിലൂടെ കടന്നു പോകുന്നവരുടെ വിലപിടിപ്പുള്ള വസ്തുക്കളൊന്നുമല്ല മോഷ്ടിക്കപ്പെടുന്നത്. കള്ളൻമാർ കാട്ടുകൊള്ളക്കാരുമല്ല. ഇതിലെ പോകുന്ന വാഹനത്തിലുള്ള ഭക്ഷണ സാധനങ്ങളാണ് ഈ കള്ളൻമാരുടെ ലക്ഷ്യം. ഭക്ഷണസാധനങ്ങളുമായി ആരു പോയാലും തടഞ്ഞു നിർത്തി വേണ്ടതെല്ലാം ഭക്ഷിച്ച ശേഷമേ ഈ കള്ളൻമാർ വാഹനത്തെ പോകാൻ അനുവദിക്കൂ. പറഞ്ഞു വരുന്നത് തായ്‌ലൻഡിലെ വന്യജീവി സങ്കേതത്തിൽ വിലസുന്ന ആനക്കള്ളൻമാരെ കുറിച്ചാണ്. 

ആങ് ആങ് റൂ നായ് പാതയിലൂടെ കടന്നു പോയ വാഹനങ്ങളെ തടഞ്ഞുനിർത്തി ഭക്ഷണ സാധനങ്ങൾ മോഷ്ടിക്കുന്ന ആനകളുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. സാധനങ്ങളുമായി പോവുകയായിരുന്ന പിക് അപ് ട്രക്കാണ് രണ്ട് കാട്ടാനകൾ ചേർന്നു തടഞ്ഞത്. വാഹനത്തിനകത്തേക്ക് തുമ്പിക്കൈ കടത്തി പരിശോധിച്ച ശേഷം അവിടെയുണ്ടായിരുന്ന കരിമ്പ് ആദ്യമെടുത്ത് അകത്താക്കി. പിന്നീട് വാഹനത്തിന് മുൻപിൽ കയറി നിന്നായിരുന്നു പരിശോധന. വാഹനത്തിലുണ്ടായിരുന്ന ഒരു ചാക്കുകെട്ടും വലിച്ച് റോഡിലേക്കിട്ടു. ഇത്രയുമായപ്പോഴേക്കും കാര്യങ്ങൾ പന്തിയല്ലെന്നു മനസ്സിലാക്കിയ ഡ്രൈവർ കിട്ടിയ തക്കത്തിന് വാഹനം മുന്നോട്ടെടുത്ത് ഓടിച്ചുപോയി.

ഫെബ്രുവരി 24 ന് നടന്ന രസകരമായ സംഭവത്തിന്റെ ദൃശ്യങ്ങൾ ഖാവോ ആങ് റൂ നായ് വന്യജീവി സങ്കേതം തന്നെയാണ് ഇന്നലെ പുറത്തുവിട്ടത്. നിരവധിയാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യങ്ങൾ കണ്ടുകഴിഞ്ഞു.

English Summary: Elephant Ransacks The Bed Of A Pickup Truck

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com