ADVERTISEMENT

കുഞ്ഞിന് ജന്മം നൽകി കഴിഞ്ഞാൽ അടുത്ത ഗർഭധാരണത്തിന് ഇടവേളകളുണ്ടാകുന്നത് സസ്തനികളുടെ പൊതുസ്വഭാവമാണ്. എന്നാൽ കങ്കാരുവിന്റെ ഇനത്തിൽ പെടുന്ന സഞ്ചിമൃഗമായ സ്വാംപ്  വാലബികൾ പ്രായപൂർത്തിയായിക്കഴിഞ്ഞാൽ എപ്പോഴും ഗർഭിണികളായിരിക്കുമെന്ന് ഗവേഷകർ കണ്ടെത്തി.

അതായത് ഒരു കുഞ്ഞിന് ജന്മം നൽകുന്ന സമയത്തും ഉള്ളിൽ മറ്റൊന്നിനെ ചുമക്കാൻ അവയ്ക്ക് സാധിക്കുന്നു. പ്രസവസമയം അടുക്കുന്നതോടെ ഇവ വീണ്ടും ഇണചേരുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇത്തരത്തിലുണ്ടാകുന്ന പുതിയ ഭ്രൂണത്തിനെ സ്വീകരിക്കുന്നതിനായി രണ്ടാമതൊരു ഗർഭപാത്രം കൂടി വാലബികൾക്കുണ്ട്.ഒരു ഗർഭാവസ്ഥ പൂർണമാകുന്നതിനു മുൻപ് മറ്റൊരു കുഞ്ഞിനെ കൂടി ഗർഭം ധരിക്കുന്നത് ഏറെ സങ്കീർണമായ പ്രക്രിയയാണ്. സസ്തനികളിൽ വളരെ വിരളമായവ മാത്രമേ ഇതിനു മുതിരാറുള്ളുവെന്ന് സഞ്ചിമൃഗങ്ങളെ പറ്റി പഠനം നടത്തുന്ന നടത്തുന്ന ഗവേഷകനായ ബ്രണ്ടൻ മെൻസീസ്‌ പറയുന്നു.

എന്നാൽ കങ്കാരുകളുടെയും വാലബികളുടെയും പ്രത്യുൽപാദന സംവിധാനങ്ങൾ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമാണ്. രണ്ട് ഗർഭപാത്രങ്ങൾക്ക് പുറമേ പ്രത്യേക അണ്ഡാശയങ്ങളും ഗർഭപാത്ര മുഖങ്ങളോടും കൂടിയ മൂന്ന് വജൈനകളും അവയ്ക്കുണ്ട്. ഇവയുടെ കുഞ്ഞുങ്ങൾ പൂർണ വളർച്ചയെത്താതെയാണ് ജനിക്കുന്നത്. അമ്മയുടെ സഞ്ചിക്കുള്ളിലെ ചൂടേറ്റാണ് അവയുടെ വളർച്ചയുടെ ഘട്ടങ്ങൾ പൂർണമാകുന്നത്. 

എന്നാൽ കങ്കാരുകളെ അപേക്ഷിച്ച് സ്വാംപ്  വാലബികൾക്ക് അണ്ഡോൽപാദനത്തിന്  ഗർഭകാലത്തിന്റെ ദൈർഘ്യത്തെക്കാൾ കുറഞ്ഞ ഇടവേളകളെ ഉണ്ടാവാറുള്ളൂ. അതായത് ഒരു കുഞ്ഞിനെ ഗർഭം ധരിക്കുന്ന അവസ്ഥയിൽ തന്നെ അണ്ഡം ഉത്പാദിപ്പിച്ച് മറ്റൊരു കുഞ്ഞിനെ കൂടി രണ്ടാമത്തെ ഗർഭപാത്രത്തിൽ ചുമക്കാൻ അവയ്‌ക്ക് സാധിക്കുന്നു.

ഇതിനു പുറമേ അതിശയിപ്പിക്കുന്ന മറ്റൊരു പ്രത്യേകത കൂടിയുണ്ട് സ്വാംപ് വാലബികൾക്ക്. ജന്മം നൽകുന്ന കുഞ്ഞ് സഞ്ചിയിൽ കഴിയുന്ന കാലത്തോളം  ഗർഭാവസ്ഥയിലുള്ള കുഞ്ഞിന്റെ വളർച്ച താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള കഴിവും ഇവയ്‌ക്കുണ്ട്. ഒമ്പതുമാസം എടുത്താണ് സഞ്ചിയിലുള്ള കുഞ്ഞ് വളർച്ചയെത്തി പുറത്തുവരുന്നത്. ഈ കാലയളവിന് ശേഷം മാത്രമേ ഗർഭാവസ്ഥയിലുള്ള കുഞ്ഞിന്റെ വളർച്ച പുനരാരംഭിക്കുകയുള്ളൂ. ആ കുഞ്ഞ് ജനിക്കുന്ന സമയമാകുമ്പോഴേക്കും അടുത്ത ഭ്രൂണം മറ്റൊരു ഗർഭപാത്രത്തിൽ വളരാനാരംഭിക്കുകയും ചെയ്യുന്നു. അതായത് എല്ലായ്പ്പോഴും അവ ഗർഭം ധരിച്ച് മുലയൂട്ടുന്ന അവസ്ഥയിൽ തന്നെ ആയിരിക്കും.

വാലബികൾക്ക് അണ്ഡോൽപാദനം നടക്കുന്നതിനുള്ള ഇടവേളകൾ കുറവാണെന്ന് മുൻപുള്ള ഗവേഷണങ്ങളിൽ കണ്ടെത്തിയിരുന്നു. എന്നാൽ അവയുടെ നിരന്തരമുള്ള ഗർഭാവസ്ഥയെ കുറിച്ച് ആദ്യം കണ്ടെത്തുന്നത് മെൻസീസും സംഘവുമാണ്. പെൺ വർഗത്തിൽപെട്ട 10 സ്വാംപ് വാലബികളിൽ നടത്തിയ പഠനത്തിനു ശേഷമാണ് ഗവേഷകർ ഈ നിഗമനത്തിലെത്തിയത്. അവയെല്ലാം കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നതിന് ഒന്നോ രണ്ടോ ദിവസങ്ങൾക്കു മുൻപ് അണ്ഡോൽപാദനം നടത്തുകയും  ഇണചേർന്ന് ഗർഭം ധരിക്കുകയും ചെയ്യുന്നതായാണ് കണ്ടെത്തിയത്.

English Summary:This Wallaby Species Can Be Pregnant Its Entire Adult Life With No Break, Study Finds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com