ADVERTISEMENT

വഡോദരയിലെ മഹിസാഗർ ജില്ലയിലാണ് സംഭവം നടന്നത്. കൃഷിയിടത്തിലെത്തിയ സംരക്ഷിത വിഭാഗത്തിൽ പെട്ട റാറ്റ് സ്നേക്കിനെയാണ് ജീവനക്കാർ തല്ലിക്കൊന്ന് ചുട്ടെരിച്ചത്. ഇതുമായി ബന്ധപ്പെട്ട് ജഗ്ദിഷ് വഗേല, പ്രവീൺ വഗേല, വിക്രം വഗേല, ഭരത്സിങ് വഗേല എന്നിവരെ അറസ്റ്റ് ചെയ്തു. വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂൾ 2 ൽ ഉൾപ്പെടുത്തിയിരിക്കുന്ന വിഭാഗമാണ് റാറ്റ് സ്നേക്കുകൾ. ഇവയെ പിടികൂടുന്നതും കൊല്ലുന്നതും കുറ്റകരമാണ്. 

ഇവർ ജോലി ചെയ്യുന്ന ഫാമിൽ കൂട്ടിയിട്ടിരിക്കുന്ന കച്ചിയുടെ സമീപത്തുകൂടി പാമ്പ് ഇഴഞ്ഞുപോയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇഴഞ്ഞുപോയ പാമ്പിനെ ഉടൻതന്നെ ഇവർ പിടികൂടി. ഒപ്പമുണ്ടായിരുന്നവർ ദൃശ്യങ്ങളും പകർത്തി. ആദ്യം സമീപത്തുണ്ടായിരുന്ന വടിയും കല്ലുമെടുത്ത് പാമ്പിനെ തല്ലിച്ചതച്ചു. ചാകാറായ പാമ്പുമായി ടികിടോക്കും ചെയ്തു. പാമ്പ് ചത്തതിനു ശേഷമാണ് അവർ അതിനെ തീയിലിട്ട് ചുട്ടെരിച്ചത്.

ടികിടോക്ക് ദൃശ്യങ്ങൾ കണ്ട രാജ്കോട്ടിലുള്ള മനുഷ്യനാണ് സംഭവം നടന്ന സ്ഥലം എവിടെയാണെന്ന് സമൂഹമാധ്യമങ്ങളിലൂടെ ചോദിച്ചറിഞ്ഞത്. ഇവർ തന്നെയാണ് ബാലാസിനറിൽ നിന്നുള്ളവരാണ് തങ്ങളെന്ന് സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കിയത്. കുറ്റവാളികളുടെ സ്ഥലം മനസ്സിലാക്കിയ ഇയാൾ ഫോറസ്റ്റ് അധികൃതരെ ഉടൻ തന്നെ വിവരമറിയിക്കുകയായിരുന്നു. പ്രദേശവാസികളുടെ സഹായത്തോടെയാണ് അധികൃതരെത്തി കുറ്റവാളികളെ അറസ്റ്റ് ചെയ്തത്. 

പാമ്പിനെ കല്ലുന്നത് കുറ്റകരമാണെന്ന് അറിയില്ലെന്നായിരുന്നു ഉദ്യോഗസ്ഥർ അന്വേഷിച്ചെത്തിയപ്പോൾ ഇവരുടെ മറുപടി. തമാശയ്ക്കുവേണ്ടിയാണ് പാമ്പിനെ കൊന്ന് ടികിടോക്ക് വിഡിയോ ചെയ്തതെന്നും ഇവർ വ്യക്തമാക്കി. പാമ്പിനെ കത്തിച്ചത് അതിന്റെ ശവസംസ്ക്കാരം നടത്തിയതാണെന്നായിരുന്നു ഇവരുടെ വാദം. നാലുപേരെയും ഞായറാഴ്ച വൈകുന്നേരത്തോടെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

English Summary: Four kill, burn snake, film it on TikTok

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com