ADVERTISEMENT

ചിലയിനം സ്രാവുകളുടെ ഗർഭപാത്രത്തിൽ കഴിയുന്ന കുഞ്ഞുങ്ങൾ തനിക്കൊപ്പം ഉള്ള കൂടപ്പിറപ്പുകളെ തന്നെ ഭക്ഷണമാക്കുന്നതായി നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. എന്നാൽ ഭ്രൂണാവസ്ഥയിലുള്ള ഇത്തരം സ്രാവുകളെപ്പറ്റിയുള്ള കണ്ടെത്തലുകൾ ഇനിയും പൂർണമായിട്ടില്ലെന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. താൻ കഴിയുന്ന ഗർഭപാത്രത്തിൽ നിന്നും മറ്റൊന്നിലേക്ക് ഇരതേടി പോകാനും ഇവയ്ക്ക് സാധിക്കുമെന്ന് ഗവേഷണത്തിൽ തെളിഞ്ഞു. 2018ൽ ഗവേഷകർ നടത്തിയ പഠനത്തിന്റെ റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

ഭൂരിഭാഗം മൃഗങ്ങളിലും ഭ്രൂണാവസ്ഥയിലുള്ള കുഞ്ഞുങ്ങളുടെ ചലനം ഗർഭപാത്രത്തിൽ തന്നെ തിരിയുകയും മറിയുകയും ചെയ്യുകയെന്നത് മാത്രമാണ്. എന്നാൽ ജപ്പാനിലെ ഒക്കിനാവ ചുറൗമി അക്വേറിയത്തിലെ ഗവേഷകർ നെബ്രിയസ് ഫെറുഗിന്യസ് എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ടാനി നഴ്സ് സ്രാവുകളിൽ നടത്തിയ പഠനത്തിലാണ്‌ ഭ്രൂണങ്ങൾ ഒരു ഗർഭപാത്രത്തിൽ നിന്നും മറ്റൊന്നിലേക്ക് സഞ്ചരിക്കുന്നതായി കണ്ടെത്തിയത്.

മറ്റു സസ്തനികളിൽ നിന്നും വ്യത്യസ്തമായി ഈ ഇനത്തിൽ പെട്ട സ്രാവിന്റെ ഇടതു ഗർഭപാത്രത്തിൽ നിന്നും വലതിലേക്കും തിരിച്ചും ഭ്രൂണങ്ങൾ പലതവണ സഞ്ചരിക്കുന്നതായി കണ്ടെത്തിയെന്ന് ഗവേഷണ റിപ്പോർട്ടിൽ പറയുന്നു. വെള്ളത്തിനടിയിൽ പ്രവർത്തിപ്പിക്കാവുന്ന പ്രത്യേകതരം അൾട്രാസൗണ്ട് ഉപകരണത്തിന്റെ സഹായത്തോടെയാണ് ഈ കണ്ടെത്തൽ നടത്തിയത്. അക്വേറിയത്തിൽ പ്രദർശനത്തിലുണ്ടായിരുന്ന ഗർഭിണികളായ മൂന്ന് ടാനി നഴ്‌സ് സ്രാവുകളിലാണ് ഗവേഷകർ പഠനം നടത്തിയത്.

ഒരു സ്രാവിന്റെ ഗർഭപാത്രങ്ങളിലുള്ള  ഭ്രൂണങ്ങൾ മൂന്നു തവണ ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് സഞ്ചരിച്ചതായി കണ്ടെത്തി. എന്നാൽ മറ്റൊന്നിലാകട്ടെ 24 തവണയാണ് ഭ്രൂണങ്ങൾ സഞ്ചരിച്ചത്. സെക്കൻഡിൽ 8 സെന്റീമീറ്റർ വേഗത്തിലാണ് ഒരു ഗർഭപാത്രത്തിന്റെ ചുവരിലൂടെ നീങ്ങി അടുത്ത ഗർഭപാത്രത്തിൽ ഭ്രൂണമെത്തിയത്.

ഒരു സ്രാവിന്റെ ഗർഭകാലമാരംഭിക്കുന്ന സമയത്ത് അതിന്റെ ഓരോ ഗർഭപാത്രത്തിലും രണ്ട് കുഞ്ഞുങ്ങൾ വീതമാണുണ്ടായിരുന്നത്. കുറച്ചു കാലത്തിനു ശേഷം കുഞ്ഞുങ്ങളുടെ എണ്ണം മൂന്നായി. രണ്ടു മാസത്തിനു ശേഷം വീണ്ടും നടത്തിയ പരിശോധനയിൽ രണ്ടു ഗർഭപാത്രങ്ങളിലുമായി ആകെ രണ്ട് കുഞ്ഞുങ്ങൾ മാത്രമാണുണ്ടായിരുന്നത്. പ്രസവസമയം  അടുത്തപ്പോഴാകട്ടെ ഒരു കുഞ്ഞു മാത്രം ശേഷിച്ചു. ഇരു ഗർഭപാത്രങ്ങളിലുമായി സഞ്ചരിച്ച് മറ്റുള്ളവയെ ഭക്ഷണമാക്കിയതിനാലാണ് ഇത് സംഭവിച്ചത്.

1993 ൽ ഡിസ്കവറി ചാനലിനു വേണ്ടി നടത്തിയ ചിത്രീകരണത്തിനിടെ സാൻഡ് ടൈഗർ എന്ന വിഭാഗത്തിൽപ്പെട്ട സ്രാവുകളിലും  ഇത്തരത്തിൽ ഭ്രൂണങ്ങൾ  ഒരു ഗർഭപാത്രത്തിൽ നിന്നും മറ്റൊന്നിലേക്ക് ചലിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിരുന്നു.  മറ്റിനങ്ങളിലുള്ള സ്രാവുകളിൽ ഈ വിചിത്ര സ്വഭാവം ഉണ്ടോയെന്ന് ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. ഇതോളജി എന്ന ജേർണലിലാണ് പഠന വിവരങ്ങൾ പ്രസിദ്ധീകരിച്ചത്.

English Summary: Unborn Baby Sharks Will Swim Between Uteruses to Devour Their Brethren

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com