ADVERTISEMENT

കണ്ണൂരിലെ ചന്ദനക്കാംപാറ ഗ്രാമം കാട്ടാനയെപ്പേടിച്ച് എത്രയോ രാത്രികൾ ഉറങ്ങാതിരുന്നിട്ടുണ്ട് . എന്നിട്ടും ഒരു കാട്ടാനയുടെ ജീവൻ കാക്കാൻ ഒരു രാത്രിയും പകലും അവർ ഉറക്കമിളച്ചു കാവലിരുന്നു, പ്രാർഥനയോടെ. കാട്ടാനക്കൂട്ടത്തിൽ നിന്ന് ഒറ്റപ്പെട്ടു നാട്ടിലെത്തി കിടങ്ങിൽ കുടുങ്ങിയ കുട്ടിക്കൊമ്പനു വേണ്ടിയാണ് ഈ മലയോരഗ്രാമം ഒരു രാത്രി ഉറങ്ങാതിരുന്നത്. പിൻകാലുകൾ തളർന്ന് അവശനിലയിലായിരുന്ന കുട്ടിക്കൊമ്പനെ 17 മണിക്കൂറിനു ശേഷം വനംവകുപ്പിന്റെ നേതൃത്വത്തിൽ മോചിപ്പിച്ചു. 

കർണാടക-കേരള വനാതിർത്തിയിൽ കാട്ടാനക്കൂട്ടത്തിൽനിന്ന് ഒറ്റപ്പെട്ട, അഞ്ചുവയസ്സുള്ള കൊമ്പനാണ് അപകടത്തിൽപെട്ടത്. ചൊവ്വാഴ്ച രാവിലെ എട്ടോടെയാണു പിൻകാലുകൾക്കു സ്വാധീനമില്ലാത്ത നിലയിൽ കുട്ടിക്കൊമ്പന്റെ സാന്നിധ്യം ജനവാസമേഖലയിൽ കണ്ടെത്തിയത്. അവിടെ നിന്നു മുൻകാലുകൾ മാത്രം ഉപയോഗിച്ച്, ഒന്നര കിലോമീറ്ററോളം നിരങ്ങിനീങ്ങിയാണു ചൊവ്വാഴ്ച രാത്രി പന്ത്രണ്ടരയോടെ പയ്യാവൂർ പഞ്ചായത്തംഗം സാജൻ വെട്ടുകാട്ടിലിന്റെ നറുക്കുംചീത്തയിലെ വീടിനു പിൻവശമെത്തിയത്. 

അവിടെ ഇടുങ്ങിയ കിടങ്ങായതിനാൽ മുന്നോട്ടു നീങ്ങാനാകാതെ കുടുങ്ങുകയായിരുന്നു. രാത്രി മുഴുവൻ കുട്ടിക്കൊമ്പനൊപ്പം നാട്ടുകാരും ഉറങ്ങാതിരുന്നു.  ഒരു പകൽ മുഴുവൻ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് ആനയെ രക്ഷപ്പെടുത്തിയത്. കിടങ്ങിലേക്ക് ആദ്യം വെട്ടിയ റോഡിന് ഉറപ്പില്ലാത്തതിനാൽ, രാത്രിയോടെ മറ്റൊരു റോഡ് വെട്ടി മണ്ണുമാന്തിയന്ത്രവും ലോറിയും കിടങ്ങിനു സമീപമെത്തിച്ചു. വടംകെട്ടിയുയർത്തിയാണു ലോറിയിൽ കയറ്റിയത്. 

ചികിത്സയ്ക്കായി വയനാട് മുത്തങ്ങയിലെ ആനസങ്കേതത്തിലേക്കു മാറ്റി. ചൊവ്വാഴ്ച രാത്രി 12.30നു തുടങ്ങിയ രക്ഷാദൗത്യം അവസാനിച്ചത് ഇന്നലെ രാത്രി ഏഴരയോടെ. കാലിനേറ്റ പരുക്കും വേദനയും ക്ഷീണവും മൂലം അവശനിലയിലായ കുട്ടിക്കൊമ്പൻ തളർച്ചയെ അതിജീവിക്കുമോ എന്നുറപ്പില്ല.

English Summary: Baby elephant rescued in Kannur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com