ADVERTISEMENT

അന്നക്കിളിയെന്നു ഹൃദയത്തിൽ തൊട്ടു വിളിക്കാൻ മാത്രം മനുഷ്യനുമായി ഏറ്റവും അടുത്തിടപഴകുന്ന, ലോകത്തിൽ ഏറ്റവുമധികം രാജ്യങ്ങളിൽ കാണപ്പെടുന്ന പക്ഷികളാണ് അങ്ങാടിക്കുരുവികൾ. മെഡിറ്ററേനിയൻ മേഖലയിൽ ജനിച്ച്, ലോകമെമ്പാടും കാൽക്കീഴിലാക്കാൻ യുദ്ധത്തിന് പുറപ്പെട്ട യൂറോപ്യൻമാരോടൊപ്പം സഹയാത്ര ചെയ്ത് ,എത്തപ്പെട്ട സ്ഥലങ്ങളിലെല്ലാം വളർന്നു പെരുകിയ ഈ കുഞ്ഞിപ്പക്ഷികൾ ഭൂഗോളത്തിന്റെ മൂന്നിൽ രണ്ടു ഭാഗങ്ങളിലും വാസമുറപ്പിച്ചിട്ടുണ്ട്. അത്രമേൽ മനുഷ്യനോട് ചേർന്നു നിന്നിട്ടും വംശനാശ ഭീഷണിയിലാണ് അങ്ങാടിക്കുരുവികൾ. പതിനായിരം വർഷങ്ങളായി ,മനുഷ്യന്റെ ഏറ്റവും പഴയ കൂട്ടാളികളിലൊന്നായി നിലകൊണ്ട ഇവയെ സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യം പൊതുബോധത്തിൽ കൊണ്ടുവരാൻ എല്ലാ വർഷവും മാർച്ച് 20, അങ്ങാടിക്കുരുവി ദിനമായി (World sparrow day) ആയി ആചരിക്കുന്നു. കുരുവികളും മനുഷ്യനുമായുള്ള ബന്ധം ആലോഷിക്കപ്പെടുന്ന ഈ ദിവസം , 'ഐ ലൗ സ്‌പാരോസ്' എന്ന സന്ദേശം ലോകമെങ്ങും ചിന്താവിഷയമായി നൽകിയാണ് കടന്നു പോയത്.പക്ഷികളെ സ്നേഹിക്കുന്നവർക്ക് വർഷം മുഴുവൻ സംരക്ഷണ പ്രവർത്തനങ്ങളുടെ സമയമാണ്.

പേരിൽ തന്നെയുണ്ടല്ലോ അടുപ്പം

Thrissur-sparrow-

പാസർ ഡൊമസ്റ്റിക്കസ് (Passer domesticus) എന്ന് ശാസ്ത്ര നാമമാണ് ഇവയ്ക്കുള്ളത്. ഇതിൽ ഡൊമസ്റ്റിക്കസ് എന്ന ലാറ്റിൻ പദത്തിന് ' വീട്ടിൽ താമസിക്കുന്നത് ' എന്നാണ് അർത്ഥം. മനുഷ്യന്റെ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളോട് ചേർന്ന് കൂടു കൂട്ടുന്നവരാണ് ഈ പക്ഷികൾ. കാട്ടിലോ മേട്ടിലോ മരക്കൂട്ടങ്ങളിലോ അല്ല, വീടുകളിലും ഫാമുകളിലും പാർക്കുകളിലും ചന്തകളിലും ഇലക്ട്രിക് പോസ്റ്റുകളിലുമൊക്കെയാണ് ഇവർ വീടുണ്ടാക്കുന്നത്. അങ്ങാടിക്കുരുവി വീട്ടിൽ കൂടു കൂട്ടിയാൽ ഭാഗ്യം വരുമെന്ന് വിശ്വസിക്കുന്നവരുണ്ട്. ഇറക്കിളി, അരിക്കിളി, അന്നക്കിളി, വീട്ടുകുരുവി എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നു.

ശാരീരിക, ജീവിത പ്രത്യേകതകൾ

അങ്ങാടിക്കുരുവിയുടെ വലുപ്പം ശരാശരി 14 മുതൽ 16 സെ.മി ആണ്. ആൺപക്ഷിക്ക് കഴുത്തിന്റെ കീഴ്ഭാഗത്ത് വെള്ളയും മാറിൽ കറുപ്പും നിറമാണുള്ളത്. പിടയ്ക്ക് നരച്ച തവിട്ടുനിറവുമാണ്. സദാ ശബ്ദം പുറപ്പെടുവിച്ചുകൊണ്ട് പറ്റമായി പറന്നു നടക്കും.സാധാരണയായി 150 മീ. അധികം ഉയരത്തിൽ പറക്കാറില്ല.വലിപ്പം, കവിളുകളുടെ നിറം മുതലായ ഗുണങ്ങളെ അടിസ്ഥാനമാക്കി അങ്ങാടിക്കുരുവികളെ തരംതിരിച്ചിരിക്കുന്നു. പ്രധാന ഭക്ഷണം വിത്തുകളും ധാന്യങ്ങളുമാണ്‌ . ഇവയ്ക്കു പുറമെ പൂക്കളെയും പൂമ്പാറ്റകളെയും തളിരിലകളും ഭക്ഷണമാക്കാറുണ്ട്. എന്നാൽ ഷഡ്പദങ്ങളുടെ ലാർവകളാണ് കുരുവിക്കുഞ്ഞുങ്ങളുടെ ഭക്ഷണം.

Thrissur-sparrow

സദാ ശബ്ദം പുറപ്പെടുവിച്ചുകൊണ്ട് പറ്റമായി പറന്നു നടക്കും. സാധാരണയായി 150 മീ. അധികം ഉയരത്തിൽ പറക്കാറില്ല. വർഷംതോറും ആറും ഏഴും തവണ ഇണപ്പക്ഷികളൊരുമിച്ച് കൂടുകെട്ടി മുട്ടയിടും. ഒരു തവണ മൂന്നോ നാലോ മുട്ടകളിടുന്നു. 14 ദിവസമാണ് ഇവയുടെ അടയിരിപ്പുകാലം. കെട്ടിറ്റങ്ങളിലെ പൊത്തുകളിലൊ ചിലപ്പോൾ മരങ്ങളിലൊ കൂട് വെയ്ക്കുന്നു.ഉണങ്ങിയ പുല്ലുകൊണ്ടാണ് കൂട് ഉണ്ടാക്കുന്നത്. അതിൽ മുടി, നൂൽ, നാരുകൾ കൊണ്ട് ഉൾഭാഗം മൃദുവാക്കിയിരിക്കും.വർഷംതോറും ആറും ഏഴും തവണ ഇണപ്പക്ഷികളൊരുമിച്ച് കൂടുകെട്ടി മുട്ടയിടും. ഒരു തവണ മൂന്നോ നാലോ മുട്ടകളിടുന്നു. 11-15 ദിവസമാണ് ഇവയുടെ അടയിരിപ്പുകാലം.

.അങ്ങാടിക്കുരുവികൾക്ക് സംഭവിക്കുന്നത്.. മുഖ്യ പ്രതി നമ്മൾ തന്നെ...

അങ്ങാടിക്കുരുവികളുടെ എണ്ണം കുറയാനുള്ള കാരണങ്ങളേപ്പറ്റി നിരവധി അഭിപ്രായങ്ങളും പഠനങ്ങളുമുണ്ട്.അങ്ങാടിക്കുരുവികള്‍ സാമൂഹികജീവിതം നയിക്കുന്നവയാണ്. നഗരത്തിലും ഗ്രാമാന്തരങ്ങളിലും എല്ലാക്കാലത്തും അവയുടെ സാമീപ്യമുണ്ടായിരുന്നു. വീടുകളുടെ ചുവരുകളിലും അലമാരകളിലും തൂണുകളിലും വരെ അവ കൂടൊരുക്കുകയും പ്രജനനം നടത്തുകയും ചെയ്തിരുന്നു. മനുഷ്യര്‍ അക്കാലത്തൊന്നും അവയ്‌ക്കൊരു ഭീഷണിയായി മാറിയിരുന്നില്ല. മൂങ്ങകള്‍, പൂച്ചകള്‍, ചെറിയ ഇനം പാമ്പുകള്‍ എന്നിവയായിരുന്നു പ്രകൃത്യയായി അങ്ങാടിക്കുരുവികളുടെ എണ്ണത്തെ നിയന്ത്രിച്ചിരുന്നത്.കൊയ്ത്തു കഴിഞ്ഞ പാടങ്ങളിലും കമ്പോളങ്ങളിലും അവ തീറ്റതേടി. കീടങ്ങളുടെ നിയന്ത്രണവും ഈ ചെറുപക്ഷികള്‍ ഭംഗിയായി നിര്‍വഹിച്ചുപോന്നു. മറ്റേതൊരു പക്ഷിയെക്കളും വേഗത്തിലാണ് അങ്ങാടിക്കുരുവികൾ ഇല്ലാതായിക്കൊണ്ടിരിക്കുന്നത്. കോൺക്രീറ്റ് സൗധങ്ങളുടെ ഉയർച്ച, സെൽ ഫോൺ റേഡിയേഷൻ, കീട നാശിനികളുടെ നിയന്ത്രണമില്ലാത്ത ഉപയോഗം ഇവയെല്ലാം അങ്ങാടി കുരുവികളുടെസ്വൈര വിഹാരത്തെ ബാധിച്ചു.മനുഷ്യരുടെ ആവാസ കേന്ദ്രങ്ങളോട് ചേർന്നാണ് ഇവയും വസിക്കുന്നത്. എന്നാൽ മനുഷ്യന്റെ ജീവിത ശൈലി മാറിയതോടെ അവയ്ക്ക് പിടിച്ചു നിൽക്കാൻ കഴിയാതായി. .നഗരങ്ങളിലെ മാറുന്ന ജീവിതശൈലിയുടെ സൂചകമാണ് അങ്ങാടിക്കുരുവികളുടെ എണ്ണത്തിലുണ്ടാകുന്ന കുറവെനന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

java-sparrow

പുല്‍മേട് നശീകരണം, ആഗോളതാപനം, കുരുവികള്‍ക്ക് അനുയോജ്യമല്ലാത്ത കെട്ടിടനിര്‍മാണം, ഭക്ഷണ ദൗര്‍ലഭ്യം തുടങ്ങിയവയാണ് ഇവയുടെ വംശനാശത്തിന് കാരണം.നഗരമേഖലയിൽ കൂടുണ്ടാക്കാനുള്ള ഇടങ്ങള്‍ കുറയുന്നതും,വികസന പ്രവര്‍ത്തനത്തിനായി നഗരങ്ങളിലെ മരങ്ങള്‍ വ്യാപകമായി വെട്ടിനിരത്തുന്നതും കുരുവികളുടെ എണ്ണം കുറയാൻ കാരണമായിട്ടുണ്ട്. പുതിയ കെട്ടിടങ്ങളിൽ കൂടുകൂട്ടാനുള്ള സ്ഥലമില്ലെന്നതിനു പുറമെ കീടനാശിനികളുടെയും മറ്റ് രാസവസ്തുക്കളുടെയും ഉപയോഗം മൂലം തീറ്റയ്ക്കാവശ്യമായ പ്രാണികളെയും ചെറുകീടങ്ങളെയും കിട്ടുന്നില്ലെന്നതും കുരുവികള്‍ക്ക് വിനയായി. ഭക്ഷ്യധാന്യങ്ങള്‍ ചണം ചാക്കുകള്‍ക്ക് പകരം പ്ലാസ്റ്റിക് ചാക്കുകളിലും പാക്കറ്റുകളിലുമായതും കുരുവികള്‍ നാടുവിടാന്‍ കാരണമായി.മൊബൈൽ ടവറുകളിൽ നിന്നുള്ള വികിരണങ്ങൾ, ആവാസവ്യവസ്ഥയുടെ തകർച്ച, എന്നിവ കൊണ്ടും ഇവ വേഗത്തിൽ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. വ്യാപകമായ നഗരവല്‍ക്കരണം, ഫാസ്റ്റ്ഫുഡ് സംസ്‌കാരം, പഴയ ധാന്യക്കടകളുടെ നാശം, അമിത മാലിന്യം, കാലാവസ്ഥാവ്യതിയാനം എന്നിവയെല്ലാം പക്ഷികളുടെ തനതു ആവാസ വ്യവസ്ഥയില്‍ വിള്ളല്‍ ഉണ്ടാക്കി. രാസവളങ്ങളും കീടനാശിനികളും ഉപയോഗിച്ചുള്ള കൃഷി ഒരു പരിധിവരെ അങ്ങാടിക്കുരുവികളുടെ നാശത്തിന് കാരണമായി. അതുപോലെ തന്നെ പ്ലാസ്റ്റിക്, ആഹാരത്തിന്റെ ലഭ്യതക്കുറവ്, പക്ഷിക്കൂടുകള്‍ നശിപ്പിക്കല്‍ എന്നിവയെല്ലാം അവയുടെ അതിജീവനത്തെ തടസ്സപ്പെടുത്തി എന്നുവേണം കരുതാന്‍.

ഒരു ദിവസം പോരെങ്കിലും....

അങ്ങാടിക്കുരുവികളുടെ സംരക്ഷണം ലക്ഷ്യമിട്ട് ജനങ്ങളിൽ അവബോധം വളർത്തുവാനായി ആചരിക്കുന്ന ദിനമാണ് വേൾഡ് ഹൗസ് സ്പാരോ ഡേ അഥവാ ലോക അങ്ങാടിക്കുരുവി ദിനം. 2011 മുതലാണ് മാർച്ച് 20 ലോക അങ്ങാടിക്കുരുവി ദിനമായി ആചരിക്കുന്നത്.ബ്രിട്ടനിലെ റോയൽ സൊസൈറ്റി ഫോർ പ്രൊട്ടക്ഷൻസ് ഓഫ് ബേർഡ്സ്, നേച്ചർ ഫോർ എവർ സൊസൈറ്റി എന്നീ സംഘടനകളാണ് അങ്ങാടിക്കുരുവികളുടെ സംരക്ഷണം ഏറ്റെടുത്തു നടത്തുന്നത്. ന്യൂഡല്‍ഹിയുടെ സംസ്ഥാന പക്ഷിയായി 2012ല്‍ അങ്ങാടിക്കുരുവിയെ പ്രഖ്യാപിച്ചിരുന്നു. ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ ആന്‍ഡ് നാച്യുറല്‍ റിസോഴ്‌സിന്റെ വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ റെഡ്‌ഡേറ്റാ ബുക്കില്‍ ഉള്‍പ്പെട്ടിരിക്കുകയാണ് അങ്ങാടിക്കുരുവികളും.

നാം തന്നെ സംരക്ഷിക്കണം

ഒരു ദിവസത്തിലൊതുങ്ങുന്നതല്ല കുരുവികളെ സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ. ഇന്ത്യയുടെ പല ഭാഗത്തും പക്ഷികള്‍ക്ക് തീറ്റ നല്‍കാനും അവയെ സംരക്ഷിക്കാനും ഗ്രാമീണ ജനങ്ങൾ കാണിക്കുന്ന ഉത്സാഹം വളരെ വലുതാണ്. ഉത്തരാഖണ്ഡ് പോലുള്ള പ്രദേശങ്ങളില്‍ പക്ഷികള്‍ക്ക് തീറ്റ നല്‍കുവാനും കൂടൊരുക്കുവാനും ജനങ്ങള്‍ ശ്രദ്ധ പുലര്‍ത്തുന്നു. അങ്ങാടിക്കുരുവികളുടെ കാര്യത്തിൽ നമുക്ക് പിൻതുടരാവുന്ന ഉത്തമ മാതൃകയാണിത്. അങ്ങാടിക്കുരുവികളുടെ മേഖലകളില്‍ അവയ്ക്ക് കൂടൊരുക്കിയും ധാന്യങ്ങളും വെള്ളവും കൊടുക്കാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയും അവയുടെ നാശത്തെ ഒരു പരിധിവരെ കുറയ്ക്കാന്‍ നമുക്ക് സാധിക്കും. ചെറിയ ചില പ്രവര്‍ത്തനങ്ങളിലൂടെ നമുക്ക് നഷ്ടപ്പെട്ടുപോകാവുന്ന ഒരു ജീവൻ്റ കണ്ണിയെ രക്ഷിച്ചെടുക്കാന്‍ സാധിച്ചാല്‍ അത് പ്രകൃതിയോടു ചെയ്യുന്ന ഏറ്റവും വലിയ നന്മയാണ്.

നഗരങ്ങളില്‍ താമസമുള്ളവര്‍ ബാല്‍ക്കണിയിലോ മറ്റോ ചെറിയ ദ്വാരമിട്ട് കാര്‍ഡ്‌ബോര്‍ഡുകള്‍ പക്ഷികള്‍ക്കായി തയ്യാറാക്കിയാല്‍ തീര്‍ച്ചയായും അവ അതില്‍ വന്നു താമസം ഉറപ്പിക്കും. ബേഡ്ബാത്ത് നിര്‍മിക്കലും ഉത്തമ മാതൃകയാണ്. ചെറിയ പാത്രത്തില്‍ ജലം പക്ഷികള്‍ക്ക് സൗകര്യപ്രദമായ ഭാഗങ്ങളില്‍ ദിവസേന വച്ചാല്‍ പക്ഷികള്‍ അവ ഇഷ്ടപ്പെടും. ചെറിയ കുപ്പികളില്‍ ദ്വാരങ്ങളിട്ട് അവയില്‍ ധാന്യങ്ങള്‍ നിറച്ച് തൂക്കുന്നത് അങ്ങാടിക്കുരുവികള്‍ക്ക് ഏറെ ഇഷ്ടമാണ്.കുരുവികള്‍ക്ക് കൂടൊരുക്കാനുള്ള ഇടവും തീറ്റയും വെള്ളവും ഒരുക്കിയാൽ നമ്മുടെ തെരുവുകളിലേയ്ക്ക് ഇനിയുമേറെ കുരുവികൾ പറന്നെത്തും.

കോട്ടയത്ത് അങ്ങാടിക്കുരുവി റോഡും

കുറച്ചു വർഷങ്ങൾക്കു മുൻപ് കോട്ടയം നഗരത്തിൽ അരക്കിലോ മീറ്റർ ദൂരത്തിൽ റോഡിൻ്റെ ഒരു ഭാഗത്തിന് ' അങ്ങാടിക്കുരുവി റോഡ് ' എന്നു പേരിട്ടത് വാർത്തകളിൽ സ്ഥാനം പിടിച്ചിരുന്നു. അങ്ങാടിയിലെ കച്ചവടക്കാരുടെ ആഗ്രഹപ്രകാരമായിരുന്നു അത്.നിരവധിയിടങ്ങളില്‍ അങ്ങാടിക്കുരുവികള്‍ക്കായുള്ള കൂടുകള്‍,തീറ്റ വെള്ളപ്പാത്രങ്ങൾ ഒരുക്കി വെയ്ക്കുന്ന സംഘടനകളുണ്ട്. കുരുവികളുടെ സംരക്ഷണത്തേക്കുറിച്ച് അവബോധം നൽകാൻ ബേർഡ്സ് ക്ലബ് ഇന്റർനാഷനൽ പോലെ നിരവധി സംഘടനകൾ ശ്രമം നടത്തുന്നു.

Email: drsabingeorge10@gmail.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com